ബംഗാളില്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി; വീടുകള്‍ക്ക് തീവെച്ചു, 10 പേര്‍ വെന്തു മരിച്ചു
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ രാഷ്ട്രീയ സംഘര്‍ഷത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതാണ് സംഘര്‍ഷത്തിന് കാരണം. രണ്ട് കുട്ടികളും സ്ത്രീകളും അടക്കമുള്ളവര്‍ കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ബിര്‍ഭും ജില്ലയിലെ രാംപൂര്‍ഹാട്ടില്‍ ആണ് സംഭവം.തൃണമൂല്‍ ഡെപ്യൂട്ടി പഞ്ചായത്ത് മേധാവി ഭാദു ഷെയ്ഖ് പ്രദാന്‍ ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സംഘര്‍ഷം ഉടലെടുത്തത്. 12 ഓളം വീടുകള്‍ അഗ്നിക്കിരയായതാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. മൃതദേഹങ്ങള്‍ പലതും കത്തിക്കരിഞ്ഞ നിലയിലാണ്. കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ല.
സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ബിര്‍ഭം പോലീസ് സൂപ്രണ്ട് പറഞ്ഞു. ഏഴ് മൃതദേഹങ്ങള്‍ വീടിനുള്ളില്‍ നിന്നാണ് കണ്ടെത്തിയതെന്ന് പശ്ചിമ ബംഗാള്‍ പോലീസ് മേധാവി മനോജ് മാളവ്യ പറഞ്ഞു. മൂന്ന് പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവര്‍ പിന്നീട് മരിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ എ ഡി ജി സി ഐ ഡി ഗ്യാന്‍വന്ത് സിങ്ങിന്റെ നേതൃത്വത്തില്‍ ബംഗാള്‍ സര്‍ക്കാര്‍ മൂന്നംഗ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

തൃണമൂല്‍ മന്ത്രി ഫിര്‍ഹാദ് ഹക്കിം സംഭവസ്ഥലം സന്ദര്‍ശിച്ചു. ക്രൂരമായ അക്രമ സംഭവങ്ങളില്‍ ചീഫ് സെക്രട്ടറി എച്ച് കെ ദ്വിവേദിയുടെയും ആഭ്യന്തര സെക്രട്ടറി ഗോപാലികയുടെയും നേതൃത്വത്തില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് നബന്നയില്‍ ഉന്നതതല യോഗം ചേരുന്നുണ്ട്. അന്വേഷണം വേഗത്തിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.
അതേസമയം സംഭവത്തില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബി ജെ പി എം എല്‍ എമാര്‍ നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. മുഖ്യമന്ത്രി മമത ബാനര്‍ജി രാജിവെക്കണം. സംസ്ഥാനത്തെ നിരപരാധികളുടെ മരണം ഞങ്ങള്‍ വെച്ചുപൊറുപ്പിക്കില്ല, സംസ്ഥാന നിയമസഭാ ചീഫ് വിപ്പ് മനോജ് ടിഗ്ഗ പറഞ്ഞു. തിങ്കളാഴ്ച ഒരു പ്രാദേശിക പഞ്ചായത്ത് നേതാവായ ഭാദു ഷെയ്ഖ് ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ ഫലമായാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്.
കൊലയാളികളെ കണ്ടെത്താനാകാത്തതിനാല്‍ പ്രദേശത്ത് ഇപ്പോള്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിനെ അജ്ഞാതരായ അക്രമികള്‍ കൊലപ്പെടുത്തിയെന്നാണ് പ്രാദേശിക വൃത്തങ്ങള്‍ പറയുന്നത്. ആക്രമണകാരികളായ ജനക്കൂട്ടം കെട്ടിടങ്ങള്‍ക്ക് തീയിടുന്നതിനുമുമ്പ് പലരേയും വീടിനുള്ളില്‍ പൂട്ടിയിട്ടിരുന്നതായാണ് പ്രാദേശിക വൃത്തങ്ങള്‍ ദേശീയ മാധ്യമങ്ങളോട് അറിയിക്കുന്നത്.
പശ്ചിമ ബംഗാളില്‍ രണ്ട് കൗണ്‍സിലര്‍മാരെ വെടിവെച്ച് കൊന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് ബിര്‍ഭൂമില്‍ നടന്ന ബോംബാക്രമണത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പഞ്ചായത്ത് നേതാവ് കൊല്ലപ്പെട്ടത്.












Click it and Unblock the Notifications