സമാജ്‌വാദി പാര്‍ട്ടിക്ക് വേണ്ടി യുപിയില്‍ മമത എത്തും; ബിജെപിയെ പരാജയപ്പെടുത്തുമെന്ന് ആഹ്വാനം
ലക്‌നൗ: ഉത്തര്‍ പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പില്‍ സമാജ്വാദി പാര്‍ട്ടിക്ക് വേണ്ടി പ്രചാരണത്തിനായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് ( ടി എം സി ) അധ്യക്ഷയുമായ മമത ബാനര്‍ജി എത്തും. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി മമത തിങ്കളാഴ്ച ലക്‌നൗവില്‍ എത്തും. ചൊവ്വാഴ്ച ലഖ്നൗവിലെ പാര്‍ട്ടി ഓഫീസില്‍ എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവുമായി ബാനര്‍ജി സംയുക്ത പത്രസമ്മേളനം നടത്തും. കൂടാതെ സമാജ്വാദി പാര്‍ട്ടി സംഘടിപ്പിക്കുന്ന വെര്‍ച്വല്‍ റാലിയിലും മമത പങ്കെടുക്കും .

ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പില്‍ ബി ജെ പിയെ പരാജയപ്പെടുത്തണമെന്ന് മമത ബാനര്‍ജി ബംഗാളില്‍ നിന്ന് ആഹ്വാനം ചെയ്തിരുന്നു. കൂടാതെ സമാജ്‌വാദി പാര്‍ട്ടിക്ക് വേണ്ടി പ്രചരണം നടത്താന്‍ തന്നെ അഖിലേഷ് യാദവ് ക്ഷണിച്ചിട്ടുണ്ടെന്നും മമത വ്യക്തമാക്കി. ഫെബ്രുവരിയില്‍ വാരണാസി സന്ദര്‍ശിക്കുമെന്നും എന്നാല്‍ തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ലെന്നും ബംഗാള്‍ മുഖ്യമന്ത്രി പറഞ്ഞു.

തൃണമൂല്‍ കോണ്‍ഗ്രസ് ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്നും മമത ബാനര്‍ജി അറിയിച്ചു. അതേ സമയം, തിങ്കളാഴ്ച ലഖ്നൗവിലെ അമൗസി വിമാനത്താവളത്തില്‍ മമത ബാനര്‍ജിയെ സ്വാഗതം ചെയ്യാന്‍ അഖിലേഷ് യാദവ് എത്തും.

ബംഗാളില്‍ നമ്മള്‍ ഒരുമിച്ച് പരാജയപ്പെടുത്തി, ഉത്തര്‍ പ്രദേശില്‍ നമ്മള്‍ ഒരുമിച്ച് പോരാടും. ഇത് ദീദിക്കുള്ള ഞങ്ങളുടെ ഉറപ്പാണ്. നമ്മള്‍ വിജയികളായി മാറും. ഉത്തര്‍ പ്രദേശിലേക്ക് ദീദിക്ക് ഊഷ്മളമായ സ്വാഗതവും ആശംസകളും- അഖിലേഷ് യാദവ് ട്വീറ്റ് ചെയ്തു. ഇത് ആദ്യമായല്ല ബാനര്‍ജി എസ്പിക്കായി ലഖ്നൗവില്‍ എത്തുന്നത്. 2017 ലെ യു പി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി, നോട്ട് നിരോധന വിരുദ്ധ പൊതുയോഗം നടത്തിയപ്പോള്‍ എസ് പിയെ പിന്തുണയ്ക്കാന്‍ മമത എത്തിയിരുന്നു.

2016 ലും 2011 ലും പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മമതയെയും തൃണമൂല്‍ കോണ്‍ഗ്രസിനെയും പിന്തുണച്ച് അഖിലേഷ് യാദവ് രംഗത്തെത്തിയിരുന്നു. കൂടാതെ, 2021ല്‍, പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തൃണമൂല്‍ കോണ്‍ഗ്രസിന് വേണ്ടി പ്രചാരണത്തിനായി എസ് പി ദേശീയ വൈസ് പ്രസിഡന്റ് കിരണ്‍മയ് നന്ദയെയും എസ് പി രാജ്യസഭാംഗം ജയ ബച്ചനെയും യാദവ് ബംഗാളിലേക്ക് അയച്ചിരുന്നു. 403 അംഗ ഉത്തര്‍പ്രദേശ് നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ഫെബ്രുവരി 10 മുതല്‍ ഏഴ് ഘട്ടങ്ങളിലായാണ് നടക്കുക. മാര്‍ച്ച് 10ന് ആണ് വോട്ടെണ്ണുക.












Click it and Unblock the Notifications