ശക്തമായ മൂന്നാം മുന്നണിയോ? കോൺഗ്രസും ഇടതുപക്ഷവും അബ്ബാസ് സിദ്ദിഖിയുമായി കൈകോർക്കുമ്പോൾ !
കോൺഗ്രസിനും സിപിഎം നയിക്കുന്ന ഇടത് മുന്നണിക്കുമൊപ്പം മുസ്ലിം പണ്ഡിതൻ അബ്ബാസ് സിദ്ദിഖിയുടെ ഇന്ത്യൻ സെക്കുലർ ഫ്രണ്ടും എത്തുന്നതോടെ ബംഗാളിൽ ത്രികോണ മത്സരത്തിനുള്ള സാധ്യതകളാണ് ഉയർന്ന് വരുന്നത്
കൊൽക്കത്ത: പശ്ചിമബംഗാളിൽ തുടർച്ചയായ മൂന്നാം ജയം തേടി മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസും അധികാരം പിടിച്ചെടുക്കാൻ ബിജെപിയും വാശിയേറിയ പോരാട്ടത്തിനിറങ്ങുമ്പോൾ ശക്തമായ മൂന്നാം മുന്നണിയാവുകയാണ് സംയുക്ത് മോർച്ച. കോൺഗ്രസിനും സിപിഎം നയിക്കുന്ന ഇടത് മുന്നണിക്കുമൊപ്പം മുസ്ലിം പണ്ഡിതൻ അബ്ബാസ് സിദ്ദിഖിയുടെ ഇന്ത്യൻ സെക്കുലർ ഫ്രണ്ടും എത്തുന്നതോടെ ബംഗാളിൽ ത്രികോണ മത്സരത്തിനുള്ള സാധ്യതകളാണ് ഉയർന്ന് വരുന്നത്. ഫെബ്രുവരി 28ന് ബ്രിഗേഡ് ഗ്രൗണ്ടിൽ നടന്ന റാലി മൂന്നാം മുന്നണിയുടെ ശക്തിപ്രകടനമായി മാറുന്നതിനും ബംഗാൾ രാഷ്ട്രീയം സാക്ഷിയായി.
മുന്‍ ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു, ചിത്രങ്ങള്‍ കാണാം

കോൺഗ്രസ്-ഇടത് സഖ്യം
പശ്ചിമ ബംഗാളിനൊപ്പം തന്നെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തിലെ പ്രധാന എതിരാളികളാണ് കോൺഗ്രസും ഇടത് പക്ഷവുമെങ്കിലും ബംഗാളിലെ രാഷ്ട്രീയ സാഹചര്യമാണ് ഇരുകൂട്ടരെയും ഒരു കുടക്കീഴിൽ ഒന്നിപ്പിക്കുന്നത്. തൃണമൂൽ കോൺഗ്രസിനെയും ബിജെപിക്കെതിരെയും ഇത്തരത്തിലൊരു സഖ്യം രൂപപ്പെടേണ്ടതിന്റെ ആവശ്യകതയുണ്ടെന്ന് ഇരു വിഭാഗങ്ങളും അഭിപ്രായപ്പെടുന്നു.

ഐഎസ്എഫ് എത്തുമ്പോൾ
ഇന്ത്യൻ സെക്യുലർ ഫ്രണ്ട് കൂടി ഇടത് - കോൺഗ്രസ് സഖ്യത്തിന്റെ ഭാഗമാകുമ്പോൾ വോട്ട് വിഹിതത്തിലും സീറ്റുകളുടെ എണ്ണത്തിലും വലിയ പ്രതീക്ഷയാണ് മുന്നണിക്കുള്ളത്. 2019 ലോക്സഭ തിരഞ്ഞെടുപ്പിൽ 13 ശതമാനം വോട്ടുകളും രണ്ട് സീറ്റുകളും നേടാൻ സഖ്യത്തിന് സാധിച്ചിരുന്നു. തൃണമൂൽ, ബിജെപി തരംഗത്തിൽ നഷ്ടമായ വോട്ടുകൾ തിരികെയെത്തിക്കുകയാണ് പ്രധാന ലക്ഷ്യം. മുസ്ലിം ജനസംഖ്യ കൂടുതലുള്ള പ്രദേശങ്ങളിൽ സിദ്ദിഖിയുടെ സാനിധ്യം ഗുണം ചെയ്യുമെന്നും ഇടതും കോൺഗ്രസും ഒരുപോലെ വിശ്വസിക്കുന്നു.

മുസ്ലിം വോട്ട് ബാങ്ക്
ഐഎസ്എഫുമായി കൈകോർക്കുന്നതിലൂടെ, ഇടതുപക്ഷം മുസ്‌ലിം സമുദായത്തിന്റെ ആത്മവിശ്വാസവും പിന്തുണയും നേടാമെന്ന് കരുതുന്നു. നിലവിൽ സംസ്ഥാനത്തെ മുസ്ലിങ്ങൾക്കിടയിൽ ഭൂരിഭാഗവും തൃണമൂൽ കോൺഗ്രസിനൊപ്പമാണ്. എന്നാൽ ഒരു വിഭാഗം തങ്ങളെ ഇപ്പോഴും ഒരു വോട്ട് ബാങ്കായി മാത്രം കണ്ടാണ് മമത പ്രവർത്തിക്കുന്നതെന്ന് അഭിപ്രായമുള്ളവരാണ്. ഈ വോട്ടുകൾ തങ്ങളിലേക്ക് എത്തിക്കുന്നതിൽ സംയുക്ത മോർച്ച എത്രത്തോളം വിജയിക്കുമെന്നും കണ്ടറിയണം. ഐഎസ്എഫിന്റെ വരവ് പ്രതീക്ഷകളുടെ ആക്കം കൂട്ടുന്നുണ്ട്. മുർഷിദാബാദ്, മാൽഡ, വടക്കൻ ദിനാജ്പൂർ ജില്ലകളിലെ കോൺഗ്രസിന് മുസ്ലീങ്ങളുടെ പിന്തുണയുണ്ടെങ്കിലും, സംസ്ഥാനത്തിന്റെ തെക്കൻ ഭാഗങ്ങളിൽ സമുദായത്തിന്റെ വോട്ട് നേടാൻ പാർട്ടിക്ക് കഴിയാറില്ല. ഇവിടെയും ഐഎസ്എഫിന്റെ സാനിധ്യം സഖ്യത്തിനും കോൺഗ്രസിനും നേട്ടമായേക്കാം.

വോട്ടുകൾ ഭിന്നിക്കുമ്പോൾ നേട്ടം ആർക്ക്?
സംയുക്ത മോർച്ച കൂടി മത്സരരംഗത്ത് സജീവമാകുന്നതോടെ പശ്ചിമ ബംഗാളിൽ ശക്തമായ ത്രികോണ മത്സരത്തിന് തന്നെയുള്ള സാധ്യതകളാണ് ഉയർന്നുവരുന്നത്. എന്നാൽ ഇത് ഗുണം ചെയ്യുക തൃണമൂൽ കോൺഗ്രസിനായിരിക്കും. പ്രതിപക്ഷ വോട്ടുകൾ ഭിന്നിക്കുന്നതോടെ തൃണമൂലിന് മൂന്നാം തവണയും അധികാരത്തിലെത്താനുല്ള സാധ്യതകളാണ് തെളിയുന്നത്. അതേസമയം സഖ്യം ഇടത് മുന്നണിയുടെയും കോൺഗ്രസിന്റെയും മതേതര സ്വഭാവത്തിന് വിള്ളലുണ്ടാക്കുമെന്ന് കരുതുന്നവരും ഏറെയാണ്. ഇത് ബിജെപിക്ക് നേട്ടമാകുമെന്നും വിലയിരുത്തപ്പെടുന്നു.

സീറ്റ് ധാരണ
ബംഗാളിൽ 294 നിയമസഭാ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിൽ സംയുക്ത മോർച്ചയുടെ സീറ്റ് വിഭജനം നേരത്തെ തന്നെ പൂർത്തിയായിരുന്നു. ഇടതുപക്ഷ പാര്‍ട്ടികള്‍ 165 സീറ്റില്‍ മല്‍സരിക്കും. കോണ്‍ഗ്രസ് 92 സീറ്റിലും. 37 സീറ്റിലാണ് ഐഎസ്എഫ് മത്സരിക്കുന്നത്. ഭരണം നേടിയില്ലെങ്കിലും സംസ്ഥാനം ഭരിക്കുന്ന തൃണമൂലിനും കേന്ദ്രം ഭരിക്കുന്ന ബിജെപിക്കും ശക്തമായ വെല്ലുവിളിയാകാമെന്ന് സംയുക്ത മോർച്ച കരുതുന്നു.
കറുപ്പിന് ഏഴഴക്; കറുപ്പില്‍ തിളങ്ങി ചാര്‍മി കൗര്‍-ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications