മാസം 5000 രൂപ നിക്ഷേപിച്ച് 33 ലക്ഷം വരെ സ്വന്തമാക്കാം! കണക്കുകൾ ഇതാ..
സമ്പാദ്യം എന്നത് ഒരു ശീലമാക്കിയാൽ ആർക്കും ഭാവിയിൽ വലിയൊരു സാമ്പത്തിക സുരക്ഷ ഉറപ്പാക്കാം. ചെറിയ തുകകൾ കൃത്യമായ ഇടവേളകളിൽ നിക്ഷേപിക്കുന്നത് വഴി ദീർഘകാലാടിസ്ഥാനത്തിൽ ലക്ഷപ്രഭുക്കളോ കോടീശ്വരന്മാരോ ആകാൻ സാധിക്കുമെന്നതാണ് വാസ്തവം. സാധാരണക്കാർക്കിടയിൽ ഏറ്റവും പ്രചാരമുള്ള രണ്ട് നിക്ഷേപ മാർഗങ്ങളാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (PPF), മ്യൂച്വൽ ഫണ്ട് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാൻ (SIP). 15 വർഷത്തെ നിക്ഷേപ കാലയളവിൽ മാസം 5,000 രൂപ നിക്ഷേപിച്ചാൽ ഇവ നൽകുന്ന നേട്ടം എന്തൊക്കെയെന്ന് നോക്കാം.
പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (PPF)
സുരക്ഷിതമായ നിക്ഷേപം ആഗ്രഹിക്കുന്നവർക്ക് കേന്ദ്ര സർക്കാർ പിന്തുണയുള്ള പിപിഎഫ് എന്നും മികച്ച തിരഞ്ഞെടുപ്പാണ്. പിപിഎഫിന്റെ കാലാവധി 15 വർഷമാണ്. ആവശ്യമെങ്കിൽ ഇത് അഞ്ച് വർഷം വീതം നീട്ടാവുന്നതാണ്. പലിശ നിലവിൽ 7.1 ശതമാനം പലിശയാണ് പിപിഎഫിന് ലഭിക്കുന്നത്. ഇത് ഓരോ ക്വാർട്ടറിലും സർക്കാർ പുനഃപരിശോധിക്കാറുണ്ട്. നിക്ഷേപിക്കുന്ന തുകയ്ക്കും ലഭിക്കുന്ന പലിശയ്ക്കും കാലാവധി പൂർത്തിയാകുമ്പോൾ കിട്ടുന്ന തുകയ്ക്കും പൂർണ്ണമായും നികുതി ഇളവ് ലഭിക്കും. മാസം 5,000 രൂപ വീതം 15 വർഷം നിക്ഷേപിച്ചാൽ (ആകെ നിക്ഷേപം: 9 ലക്ഷം), 7.1% പലിശ നിരക്കിൽ കാലാവധി പൂർത്തിയാകുമ്പോൾ ഏകദേശം 15.78 ലക്ഷം രൂപ ലഭിക്കും. ഇതിൽ 6.78 ലക്ഷം രൂപ പലിശ ഇനത്തിൽ ലഭിക്കുന്ന ലാഭമാണ്.

മ്യൂച്വൽ ഫണ്ട് എസ്ഐപി (SIP)
ഓഹരി വിപണിയുമായി ബന്ധപ്പെട്ട നിക്ഷേപമായതിനാൽ റിസ്ക് എടുക്കാൻ തയ്യാറുള്ളവർക്ക് എസ്ഐപി മികച്ച വരുമാനം നൽകുന്നു. നിശ്ചിത കാലാവധിയില്ല. എപ്പോൾ വേണമെങ്കിലും നിക്ഷേപം നിർത്താനോ തുക പിൻവലിക്കാനോ സാധിക്കും. ദീർഘകാലാടിസ്ഥാനത്തിൽ ശരാശരി 12 മുതൽ 15 ശതമാനം വരെ വരുമാനം ലഭിക്കാൻ സാധ്യതയുണ്ട്. വരുമാനം വിപണിയിലെ ഏറ്റക്കുറച്ചിലുകൾക്ക് വിധേയമാണ്. മാസം 5,000 രൂപ വീതം 15 വർഷം എസ്ഐപിയിൽ നിക്ഷേപിച്ചാൽ (ആകെ നിക്ഷേപം: 9 ലക്ഷം), ശരാശരി 12% ലാഭം ലഭിച്ചാൽ കാലാവധിയിൽ ഏകദേശം 25.23 ലക്ഷം രൂപ ലഭിക്കാം. ഇവിടെ 16.23 ലക്ഷം രൂപയാണ് ലാഭമായി ലഭിക്കുന്നത്. ലാഭവിഹിതം 15 ശതമാനമാണെങ്കിൽ ഇത് 33.8 ലക്ഷം രൂപ വരെയായി വർദ്ധിക്കാം.
ഏത് തിരഞ്ഞെടുക്കണം?
നിങ്ങളുടെ മുൻഗണന സുരക്ഷിതത്വത്തിനാണെങ്കിൽ പിപിഎഫ് തിരഞ്ഞെടുക്കാം. എന്നാൽ പണപ്പെരുപ്പത്തെ മറികടക്കുന്ന തരത്തിൽ വലിയൊരു തുക സമ്പാദിക്കണമെങ്കിൽ എസ്ഐപി ആണ് കൂടുതൽ ലാഭകരമെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. എന്നാൽ രണ്ട് നിക്ഷേപങ്ങളിലും കുറച്ച് വീതം തുക പങ്കിട്ടു നിക്ഷേപിക്കുന്നത് വഴി റിസ്ക് കുറയ്ക്കാനും ഒപ്പം നല്ല ലാഭം നേടാനും സാധിക്കും












Click it and Unblock the Notifications