യോഗി ആദിത്യനാഥ് തെറിക്കുമോ? യുപി ഉപമുഖ്യമന്ത്രി പറയുന്നത് ഇങ്ങനെ, ആരെയും മുന്നില്‍ നിര്‍ത്തില്ല
ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോള്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരാകും? യോഗി ആദിത്യനാഥ് മൂന്നാം തവണയും യുപിയുടെ മുഖ്യമന്ത്രിയാകുമോ. ബിജെപിയില്‍ ഒരു വിഭാഗത്തിന് യോഗിയുടെ ശൈലിയില്‍ അതൃപ്തിയുണ്ട് എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ നടത്തിയ പ്രതികരണം ചര്‍ച്ചയാകുകയാണ്.
ഉത്തര്‍ പ്രദേശില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരാകും എന്ന ചോദ്യത്തിന് അദ്ദേഹം താമര എന്നാണ് മറുപടി നല്‍കിയത്. ഒരു വ്യക്തിയെ മുന്നില്‍ നിര്‍ത്തി തിരഞ്ഞെടുപ്പ് നേരിടുന്നില്ലെന്ന് ചുരുക്കം. ജുവാന്‍പൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുന്ന വേളയിലാണ് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലെ ബിജെപിയുടെ നീക്കങ്ങള്‍ അദ്ദേഹം വിശദീകരിച്ചത്.

ഒരു വ്യക്തിയെ മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാട്ടി ബിജെപി തിരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ലെന്ന് അദ്ദേഹം സൂചിപ്പിച്ചു. താമരയാണ് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി. തിരഞ്ഞെടുപ്പിന് ശേഷം എംഎല്‍എമാര്‍ യോഗം ചേരും. കേന്ദ്ര നിരീക്ഷകരുമെത്തും. എംഎല്‍എമാര്‍ക്കിടയില്‍ നടക്കുന്ന ചര്‍ച്ചയ്‌ക്കൊടുവില്‍ ഒരു വ്യക്തിയെ തിരഞ്ഞെടുക്കും. അതാകും മുഖ്യമന്ത്രി എന്ന് കേശവ് പ്രസാദ് മൗര്യ പറഞ്ഞു.
നിലവില്‍ തങ്ങളുടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആണ്. ഒരു പക്ഷേ അടുത്ത തിരഞ്ഞെടുപ്പിന് ശേഷവും അദ്ദേഹം തുടര്‍ന്നേക്കാം. അല്ലെങ്കില്‍ മാറ്റാരെങ്കിലും മുഖ്യമന്ത്രി സ്ഥാനത്ത് എത്തിയേക്കാം. അക്കാര്യം മുന്‍കൂട്ടി പറയാന്‍ സാധിക്കില്ല. എംഎല്‍എമാരാണ് അന്തിമ തീരുമാനം എടുക്കുക എന്നും കേശവ് പ്രസാദ് മൗര്യ പറഞ്ഞു. എസ്പിയും കോണ്‍ഗ്രസും ഉള്‍പ്പെടുന്ന പ്രതിപക്ഷ സഖ്യം പരാജയപ്പെടുമെന്നും ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കോണ്‍ഗ്രസും എസ്പിയും തമ്മിലുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ നടക്കുകയാണ്. 403 അംഗ ഉത്തര്‍ പ്രദേശ് നിയമസഭയില്‍ 181 സീറ്റ് വേണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. 50ല്‍ താഴെ സീറ്റുകള്‍ അനുവദിക്കാമെന്ന് എസ്പി പറയുന്നു. പാര്‍ട്ടികള്‍ക്കുള്ള വീതംവെപ്പ് അല്ല, ജയസാധ്യത കണക്കിലെടുത്തുള്ള നീക്കങ്ങളാണ് വേണ്ടത് എന്ന് എസ്പി കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചു.
തിങ്കളാഴ്ചയും ചൊവ്വാഴ്ചയും എസ്പി കോണ്‍ഗ്രസ് നേതാക്കളുടെ ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍ ഇരുഭാഗത്തും ഭിന്ന നിലപാടുകള്‍ തുടരുകയാണ്. നിലവിലെ നിയമസഭയില്‍ എസ്പിക്ക് 111 സീറ്റുകളുണ്ട്. കോണ്‍ഗ്രസിന് രണ്ടു സീറ്റും. യാഥാര്‍ഥ്യം മനസിലാക്കി കോണ്‍ഗ്രസ് ആവശ്യം ഉന്നയിക്കണം എന്നാണ് എസ്പി പറയുന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എസ്പി-കോണ്‍ഗ്രസ് സഖ്യം മികച്ച മുന്നേറ്റം നടത്തിയിരുന്നു.





Click it and Unblock the Notifications
