ഗോവയില്‍ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ തിരക്കിട്ട നീക്കം, സസ്‌പെന്‍സിട്ട് ബിജെപി കേന്ദ്ര നേതൃത്വം
ദില്ലി: നാലിടത്ത് ഭരണം പിടിച്ചിട്ടും മുഖ്യമന്ത്രി പ്രഖ്യാപിക്കാതെ ബിജെപി. ഗോവയിലും മണിപ്പൂരിലും മുഖ്യമന്ത്രിയുടെ കാര്യത്തില്‍ സസ്‌പെന്‍സ് തുടര്‍ന്നെങ്കിലും മണിപ്പൂരില്‍ അത് മാറി കഴിഞ്ഞു.. കഴിഞ്ഞ ദിവസം രാത്രി ബിജെപി നേതൃത്വം ഇക്കാര്യത്തില്‍ തിരക്കിട്ട ചര്‍ച്ചയിലായിരുന്നു. കേന്ദ്ര മന്ത്രി അമിത് ഷായുടെ വീട്ടിലായിരുന്നു യോഗം. ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയും ദേശീയ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷും പങ്കെടുത്തിരുന്നു. മണിക്കൂറുകളാണ് ഈ ചര്‍ച്ച നീണ്ടത്. ആരൊക്കെ മന്ത്രിമാരാകണമെന്ന കാര്യത്തിലും തീരുമാനമായിട്ടില്ല. ഹോളിക്ക് ശേഷം സര്‍ക്കാരുണ്ടാക്കാമെന്നായിരുന്നു നേരത്തെ തന്നെ ബിജെപി തീരുമാനിച്ചത്. മണിപ്പൂരിലും ഗോവയിലും നിലവിലെ മുഖ്യമന്ത്രിമാരുടെ നേതൃത്വത്തിലാണ് ബിജെപി തിരഞ്ഞെടുപ്പ് നേരിട്ടത്.

അതേസമയം ജയിച്ചിട്ടും ഇവര്‍ക്ക് മുഖ്യമന്ത്രി സ്ഥാനം ഉറപ്പ് നല്‍കിയിട്ടില്ല ബിജെപി കേന്ദ്ര നേതൃത്വം. ഗോവയില്‍ പ്രമോദ് സാവന്തും ബിജെപി എംഎല്‍എ വിശ്വജിത്ത് റാണെയും തമ്മിലാണ് മത്സരം. ഇക്കാര്യം കേന്ദ്ര നേതൃത്വവും ഉറപ്പിച്ച് പറയുന്നു. റാണെയ്ക്ക് കേന്ദ്രത്തിലെ ചില മന്ത്രിമാരുടെ പിന്തുണയുണ്ട്. എന്നാല്‍ പ്രമോദ് സാവന്തിനെ തന്നെ വെക്കണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യം. ഗോവയില്‍ ഇത്തവണ സീറ്റ് വര്‍ധിപ്പിച്ചതും സാവന്തിനുള്ള മുന്‍തൂക്കമാണ്. എന്നാല്‍ മണിപ്പൂരില്‍ ബിരേന്‍ സിംഗ് തന്നെ മുഖ്യമന്ത്രിയാവുമെന്നാണ് ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത്. ബിരേന്‍സിംഗിന് നേരത്തെ എതിരായി ബിശ്വജിത്ത് സിംഗായിരുന്നു രംഗത്തുണ്ടായിരുന്നത്.
അവസാന നിമിഷം ആര്‍എസ്എസ് പിന്തുണയോടെ ഗോവിന്ദദാസ് സിംഗും രംഗത്തുണ്ടായിരുന്നു. എന്നാല്‍ മണിപ്പൂരില്‍ പാര്‍ട്ടിയെ വന്‍ വിജയത്തിലേക്ക് നയിച്ച ബിരേന്‍ സിംഗിനെ തന്നെ തിരഞ്ഞെടുക്കുകയായിരുന്നു കേന്ദ്ര നേതൃത്വം. ബിശ്വജിത്തും ബിരേന്‍ സിംഗും തമ്മില്‍ നേരത്തെ തന്നെ പ്രശ്‌നങ്ങളുണ്ടായിരുന്നു. നേരത്തെ ബിരേന്‍ സിംഗിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം ബിരേന്‍ സിംഗ് വിളിച്ച ചായ സല്‍ക്കാരത്തില്‍ ബിശ്വജിത്ത് സിംഗ് പങ്കെടുത്തിരുന്നില്ല. മണിപ്പൂരില്‍ പ്രശ്‌നം തീര്‍ന്നെങ്കിലും ഗോവയിലെ കാര്യത്തില്‍ സസ്‌പെന്‍സ് തീര്‍ന്നിട്ടില്ല. അതിനൊപ്പം മന്ത്രിമാരെയും പ്രഖ്യാപിക്കേണ്ടതുണ്ട്.
മണിപ്പൂരില്‍ ബിരേന്‍ സിംഗിനെ എംഎല്‍എമാരെല്ലാം ഐകണ്‌ഠ്യേന മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്ക്കുകയാണ്. ഇംഫാലില്‍ നിന്ന എംഎല്‍എമാരുടെ യോഗത്തിലാണ് തീരുമാനം. നേരത്തെ തന്നെ കേന്ദ്ര നിരീക്ഷകരും ഇവിടെയെത്തിയിരുന്നു. എല്ലാവരും ചേര്‍ന്നെടുത്ത തീരുമാനമാണ് ഇതെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. മണിപ്പൂരില്‍ നിരീക്ഷകയായി എത്തിയത് നിര്‍മലയാണ്. മണിപ്പൂരില്‍ അതിശക്തമായ സര്‍ക്കാര്‍ തന്നെയുണ്ടാവും. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ മണിപ്പൂരിന്റെ വികസനമാണ് ലക്ഷ്യം. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക ശ്രദ്ധ തന്നെ കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നുണ്ടെന്നും നിര്‍മല വ്യക്തമാക്കി.












Click it and Unblock the Notifications