കോണ്‍ഗ്രസിന് ഏത് വിധേനയും കർണാടക പിടിക്കണം: ലക്ഷ്യം സംസ്ഥാനം മാത്രമല്ല ലോക്സഭയും

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ പാർട്ടികളുടെ സഖ്യം രൂപീകരിക്കാനായി വലിയ ശ്രമങ്ങളാണ് കോണ്‍ഗ്രസ് നടത്തിക്കൊണ്ടിരിക്കുന്നത്. മുന്‍ നിലപാടില്‍ നിന്നും വ്യത്യസ്തമായി പ്രതിപക്ഷ സഖ്യത്തിന്റെ നേതൃസ്ഥാനം ഞങ്ങള്‍ക്ക് തന്നെ വേണമെന്നില്ല നിലപാടാണ് കോണ്‍ഗ്രസിന് ഇപ്പോഴുള്ളത്. അതേസമയം, എസ്പിയും തൃണമൂലും ഉള്‍പ്പടേയുള്ള കക്ഷികളാവട്ടെ കോണ്‍ഗ്രസ് രഹിത സഖ്യത്തിന്റെ സാധ്യതകളാണ് തേടുന്നത്. കോണ്‍ഗ്രസിന് ശക്തിയില്ലെന്നും വിശ്വസിക്കാന്‍ കഴിയില്ലെന്നുമുള്ള ആരോപണങ്ങളാണ് പ്രദേശിക കക്ഷികള്‍ ഉന്നയിക്കുന്നത്. ഇതില്‍ നിന്നും കരകയറണമെങ്കില്‍ കോണ്‍ഗ്രസ് കാണുന്ന പ്രധാന മാർഗ്ഗങ്ങളില്‍ ഒന്നാണ് കർണാടക നിയമസഭയിലെ വിജയം.
കർണാടകയില്‍ ബി ജെ പിയെ പരാജയപ്പെടുത്തി വിജയിക്കാന്‍ സാധിച്ചാല്‍ ദേശീയ രാഷ്ട്രീയത്തില്‍ തങ്ങളുടെ പ്രധാന്യം മറ്റ് കക്ഷികള്‍ തിരിച്ചറിയുമെന്ന് കോണ്‍ഗ്രസും പ്രതീക്ഷിക്കുന്നു. കർണാടകയില്‍ ബി ജെ പിയെ മറികടന്ന് അധികാരത്തില്‍ വരാന്‍ കഴിയുമെന്ന് തന്നെയാണ് കോണ്‍ഗ്രസിന്റെ ആത്മവിശ്വാസം. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷ സഖ്യ ചർച്ചകളിലേക്ക് കടക്കാനാവും കോണ്‍ഗ്രസ് ആഗ്രഹിക്കുക.

മെയ് മാസം കർണാടകയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിരഞ്ഞെടുപ്പ് നടപടികൾ മാർച്ച് അവസാനത്തോടെ ആരംഭിക്കുകയും ഏപ്രിൽ മാസത്തോടെ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വരികയും ചെയ്യും. ദക്ഷിണേന്ത്യയിൽ ബിജെപി ഭരിക്കുന്ന ഏക സംസ്ഥാനമായതിനാല്‍ തന്നെ വലിയ പ്രധാന്യമാണ് തിരഞ്ഞെടുപ്പ് ഫലത്തിനുള്ളത്.
കഴിഞ്ഞ നാല് പതിറ്റാണ്ടായി നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഒരേ പാർട്ടിയെ തുടർച്ചയായി വിജയമോ, തുടർച്ചയായ നിയമസഭാ തെരഞ്ഞെടുപ്പുകളിലും ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും ഒരേ പാർട്ടിക്ക് ഭൂരിപക്ഷമോ നല്‍കാത്ത സംസ്ഥാനമാണ് കർണാടക. നിയമസഭ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് ഭൂരിപക്ഷം സീറ്റുകൾ ഒരിക്കലും ലഭിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
കഴിഞ്ഞ (2018) തെരഞ്ഞെടുപ്പിൽ പോലും വ്യക്തമായ 104 സീറ്റുകളാണ് പോർട്ടിക്ക് നേടാന്‍ സാധിച്ചത്. കോൺഗ്രസിന് 80 സീറ്റും ജെഡിഎസ് 37 സീറ്റും നേടി. പിന്നീട് ഓപ്പറേഷന്‍ കമലയിലൂടെ കോണ്‍ഗ്രസ്-ജെഡിഎസ് അംഗങ്ങളെ കൂറുമാറ്റിയാണ് ബി ജെ പി ഭരണം പിടിക്കുന്നത്. സംസ്ഥാനത്ത് ഇതുവരെ ഒരു സർക്കാരിനും നേരിടേണ്ടി വന്നിട്ടില്ലാത്ത ഭരണ വിരുദ്ധ വികാരം ഉണ്ടെന്നതാണ് ഇത്തവണ കോണ്‍ഗ്രസിന്റെ പ്രതീക്ഷ വർധിപ്പിക്കുന്നത്. ഇതുവരെ പുറത്ത് വന്ന വിവിധ സർവ്വേകളും ബി ജെ പിയുടെ പരാജയം പ്രവചിക്കുന്നു എന്നുള്ളതും കോണ്‍ഗ്രസിന് ആശ്വാസം പകരുന്നു.












Click it and Unblock the Notifications