എന്ത് കൊണ്ട് യുപി; കേരളത്തെ കുറിച്ച് ട്വീറ്റില്ലേ? പോലീസിന്റെ ചോദ്യത്തെ കുറിച്ച് മുഹമ്മദ് സുബൈര്‍
ദില്ലി: ആള്‍ട്ട് ന്യൂസ് സഹ സ്ഥാപകനായ മുഹമ്മദ് സുബൈറിന്റെ അറസ്റ്റ് നേരത്തെ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. ആ വിഷയത്തില്‍ അദ്ദേഹം പ്രതികരിച്ചിരിക്കുകയാണ്. തനിക്കെതിരെ കേസെടുത്തപ്പോള്‍ തന്നെ ഒന്നോ രണ്ടോ വര്‍ഷം ജയിലില്‍ കഴിയാന്‍ തയ്യാറെടുത്തിരുന്നു. കാരണം ഇതിന് മുമ്പ് യുപി പോലീസ് അറസ്റ്റ് ചെയ്ത ആക്ടിവിസ്റ്റകളുടെയോ മാധ്യമപ്രവര്‍ത്തകരുടെയോ ഒക്കെ അവസ്ഥ അതായിരുന്നു.

ഞാനൊരു മാധ്യമപ്രവര്‍ത്തകനാണ്. മാധ്യമങ്ങള്‍ എന്താണ് യഥാര്‍ത്ഥത്തില്‍ ചെയ്യേണ്ടത് അതാണ് താന്‍ ചെയ്യുന്നതെന്നും സുബൈര്‍ പറഞ്ഞു. മുമ്പുള്ള കേസിന്റെ കാര്യം പറഞ്ഞാണ് അവരെന്നെ വിളിച്ച് വരുത്തിയത്. എനിക്ക് അപ്പോഴേ അറസ്റ്റിനുള്ള നീക്കമാണെന്ന് സൂചനയുണ്ടായിരുന്നു.
ആദ്യം അവര്‍ പറഞ്ഞു നിങ്ങള്‍ക്ക് ക്ലീന്‍ ചിറ്റാണെന്ന്, പിന്നീട് പുതിയൊരു കേസ് വന്നിട്ടുണ്ടെന്ന് പറഞ്ഞു. പെട്ടെന്ന് തന്നെ നോട്ടീസും തന്നു. ചില ചോദ്യങ്ങള്‍ നിങ്ങളോട് ചോദിക്കുമെന്നും പറഞ്ഞു. മറ്റൊരു മുറിയിലേക്ക് എന്നെ കൊണ്ടുപോയി. ഒന്നോ രണ്ടോ ചോദ്യങ്ങള്‍ ചോദിച്ചു. കാത്തിരിക്കാന്‍ പറഞ്ഞു. ഒരു മണിക്കൂര്‍ കഴിഞ്ഞ് വന്ന് ആ പോലീസുകാരന്‍ പറഞ്ഞു, നിങ്ങളെ അറസ്റ്റ് ചെയ്യുകയാണെന്ന്.
എനിക്ക് അദ്ഭുതമൊന്നും തോന്നിയില്ല. എന്നാലും എന്തിനാണ് അറസ്റ്റ് ചെയ്യുന്നതെന്ന് ഞാന്‍ ചോദിച്ചു. നിങ്ങള്‍ പോലീസുമായി സഹകരിക്കുന്നില്ലെന്നായിരുന്നു മറുപടി. താന്‍ പ്രതീക്ഷിച്ചത് പോലെ തന്നെയാണ് കാര്യങ്ങള്‍ നടന്നതെന്നും സുബൈര്‍ വ്യക്തമാക്കി.
ആകെ രണ്ട് ചോദ്യം മാത്രം ചോദിച്ചിട്ടാണ് അവര്‍ പറഞ്ഞത്, ഞാന്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന്. പോലീസ് ശരിക്കും സമ്മര്‍ദത്തിലായിരുന്നു. എന്റെ അറസ്റ്റില്‍ പ്രതിഷേധമുയര്‍ന്നിരുന്നു. ജയിലില്‍ എനിക്ക് പ്രശ്‌നങ്ങളുണ്ടാവാതിരുന്നത് അതുകൊണ്ടാണ്. ദില്ലിയില്‍ ഒരു മുറിയില്‍ ഇരുത്തിയെങ്കിലും വളരെ കുറച്ച് ചോദ്യങ്ങളാണ് ഉയര്‍ത്തിയത്. ആള്‍ട്ട് ന്യൂസിനെ കുറിച്ചും വളരെ കുറച്ചാണ് ചോദിച്ചത്.
കാരണം അതെല്ലാം എല്ലായിടത്തും ലഭ്യമായ കാര്യങ്ങളാണ്. എന്റെ കുട്ടിക്കാലം, സ്‌കൂള്‍, കോളേജ്, മുന്‍ കാമുകിമാര്‍ എന്നിവയൊക്കെയാണ് ചോദിച്ചു. എന്തുകൊണ്ടാണ് ഉത്തര്‍പ്രദേശിനെ മാത്രം ടാര്‍ഗറ്റ് ചെയ്യുന്നതെന്ന് ചോദിച്ചു. കേരളം, ബംഗാള്‍, തമിഴ്‌നാട് പോലുള്ള ബിജെപി ഇതര സംസ്ഥാനങ്ങളെ കുറിച്ച് എന്തുകൊണ്ട് ട്വീറ്റ് ചെയ്യുന്നില്ലെന്നും ചോദിച്ചെന്ന് മുഹമ്മദ് സുബൈര്‍ പറഞ്ഞു.
എന്തുകൊണ്ടാണ് യുപി സര്‍ക്കാരില്‍ ഇത്ര താല്‍പര്യം കാണിക്കുന്നതെന്നും ഇവര്‍ ചോദിച്ചു. യഥാര്‍ത്ഥത്തില്‍ ഇവര്‍ ലക്ഷ്യമിട്ടത് എന്നെയല്ല, ആള്‍ട്ട് ന്യൂസിനെയാണ്. ഞാന്‍ വെറും സോഫ്റ്റ് ടാര്‍ഗറ്റാണ്. എന്റെ പേരും ട്വീറ്റും വെച്ച് അറസ്റ്റ് എളുപ്പമാണ്. എനിക്ക് പിന്നിലുള്ള ആളുകളെയാണ് അവര്‍ക്ക് വേണ്ടിയിരുന്നത്. അവര്‍ ആള്‍ട്ട് ന്യൂസിനെ കുറിച്ച് പറഞ്ഞപ്പോള്‍ തന്നെ ഞാന്‍ ആത്മവിശ്വാസത്തിലായി.
ഞങ്ങളുടെ പണമിടപാടുകള്‍ വളരെ ക്ലീനാണെന്ന് നന്നായി അറിയാമായിരുന്നു. ഞങ്ങള്‍ സര്‍ക്കാരിനെ വിമര്‍ശിക്കുമ്പോള്‍, ഞങ്ങളുടെ സാമ്പത്തിക ഇടപാടുകള്‍ ക്ലീനായിരിക്കണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. ഇല്ലെങ്കില്‍ അതിലാണ് സര്‍ക്കാര്‍ ടാര്‍ഗറ്റ് ചെയ്യുകയെന്ന് വ്യക്തമായിരുന്നുവെന്നും സുബൈര്‍ വ്യക്തമാക്കി.












Click it and Unblock the Notifications