ഉത്തരാഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പ്; ആം ആദ്മി പാർട്ടി നേട്ടം കൊയ്യുമോ? കണക്കുകൾ പറയുന്നത്
ദില്ലി; ഉത്തരാഖണ്ഡിൽ ഇത്തവണ അത്ഭുദം സംഭവിക്കുമോ? ബി ജെ പിയും കോൺഗ്രസും മാറി മാറി ഭരിക്കുന്ന സംസ്ഥാനത്ത് ഇത്തവണ പതിവ് തെറ്റും എന്നാണ് ബി ജെ പിയുടെ അവകാശവാദം. എന്തു വിലകൊടുത്തും തങ്ങൾ അധികാരം നിലനിർത്തുമെന്ന് നേതൃത്വം പറയുന്നു. എന്നാൽ ഇക്കുറി ഭരണം തിരിച്ചുപിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. പാർട്ടിയുടെ പ്രതീക്ഷ ഇരട്ടിപ്പിച്ച് മറ്റ് പാർട്ടികളിൽ നിന്നും കോൺഗ്രസിലേക്ക് നേതാക്കൾ ഒഴുകുകയാണ്. അതേസമയം ദില്ലിക്ക് പുറത്തേക്ക് ഭരണം പിടിക്കാൻ ഒരുങ്ങുന്ന ആം ആദ്മി ഉത്തരാഖണ്ഡിൽ ഇത്തവണ അട്ടിമറി ഉണ്ടാക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. ഭരണം പിടിക്കാനുള്ള നീക്കങ്ങൾ ആം ആദ്മി സംസ്ഥാനത്ത് ആരംഭിച്ച് കഴിഞ്ഞു. നിലവിലെ സാഹചര്യങ്ങളും ചില കണക്കുകളും പരിശോധിക്കാം

2017 ൽ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 70 അംഗ സഭയിൽ 57 സീറ്റുകൾ നേടിയായിരുന്നു ഉത്തരാഖണ്ഡ് ഭരണം ബി ജെ പി പിടിച്ചെടുത്തത് . കോൺഗ്രസിന് ലഭിച്ചതാകട്ടെ വെറും 11 സീറ്റുകളാണ്. രണ്ടു സീറ്റുകൾ സ്വതന്ത്രൻമാർ നേടി. 16 വർഷത്തെ സംസ്ഥാനചരിത്രത്തിൽ ആദ്യമായിട്ടായിരുന്നു ഒരു കക്ഷി ഒറ്റയ്ക്ക് ഇത്രയും ഭൂരിപക്ഷം നേടുന്നത്. 2011 ൽ ബി ജെ പിയും കോണ‍്ഗ്രസും തമ്മിലുള്ള സീറ്റ് വ്യത്യാസം വെറും 1 സീറ്റ് മാത്രമായിരുന്നു. അന്ന് പിഡിഎഫിലെ ആറ് അംഗങ്ങളുടെ പിന്തുണയോടെയായിരുന്നു കോൺഗ്രസ് സർക്കാർ ഉണഅടാക്കിയത്.

ഇത്തവണയും അധികാരം പിടിക്കാനാകുമെന്ന് ബി ജെ പി പറയുന്നുണ്ടെങ്കിലും അത് അത്ര എളുപ്പമാകില്ലെന്ന് തന്നെയാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. പുറത്തുവന്ന ചില അഭിപ്രായ സർവ്വേകൾ ബി ജെ പി സംസ്ഥാനത്ത് അധികാരം നിലനിർത്തുമെന്നുള്ള പറയുന്നുണ്ട്. എന്നാൽ ഉത്തരാഖണ്ഡിൽ ബി ജെ പിക്കെതിര കടുത്ത മത്സരം കാഴ്ച വെയ്ക്കാൻ സാധിക്കുന്ന തലത്തിലേക്ക് കോൺഗ്രസ് വളരെ വേഗത്തിൽ ഉയർന്ന് വരുന്നുണ്ടെന്നായിരുന്നു ഏറ്റവും ഒടുവിലായി പുറത്തുവന്ന എബിപി-സി വോട്ടർ സർവ്വേ പ്രവചിച്ചത്.

2017 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഏകദേശം 12 ഓളം സീറ്റുകളിൽ ബി ജെ പിക്കെതിരെ വിമത സ്ഥാനാർത്ഥികൾ മത്സരിച്ചിരുന്നു. കോൺഗ്രസിന്റെ സാഹചര്യവും വ്യത്യസ്തമായിരുന്നില്ല. തിരഞ്ഞെടുപ്പിനോടടുത്ത് നിരവധി കോൺഗ്രസ് നേതാക്കൾ, പ്രമുഖർ ഉൾപ്പെടെയുള്ളവർ ബി ജെ പിയിലേക്ക് ചേക്കേറിയിരുന്നു. സീറ്റ് കിട്ടാത്ത നേതാക്കൾ വിമതരായി മത്സരിച്ചതും കോൺഗ്രസിന് വലിയ ക്ഷീണമായി. പാർട്ടി നേതാക്കൾ തന്നെ സ്ഥാനാർത്ഥികൾക്കെതിരെ പാലം വലിയ്ക്കുന്ന സാഹചര്യവുമുണ്ടായി. ഇത്തരത്തിൽ പ്രവർത്തിച്ച ഏകദേശം 25 ഓളം നേതാക്കളെയാണ് കോൺഗ്രസ് പുറത്താക്കിയത്. പ്രാദേശിക തലത്തിൽ ശക്തമായ സ്വാധീനമുള്ള നേതാക്കളാണ് ഇവരിലും പലരും. ഇക്കൂട്ടരിൽ പലരേയും ആം ആദ്മി തങ്ങളുടെ സ്ഥാനാർത്ഥികളാക്കാൻ ഉള്ള സാധ്യത തള്ളി കളയാൻ സാധിക്കില്ല.

ബി ജെ പിയിലും കോൺഗ്രസിലും ആഭ്യന്തര തർക്കങ്ങൾ ഒരുപോലെ രൂക്ഷമാണ്. ഉൾപ്പാർട്ടി തർക്കങ്ങളെ തുടർന്ന് മൂന്ന് തവണയാണ് മുഖ്യമന്ത്രിയെ മാറ്റി നിയമിച്ചത്.മാത്രമല്ല പാർട്ടിയിൽ നിന്നുള്ള ചില പ്രമുഖർ ഉൾപ്പെടെ കോൺഗ്രസിലേക്ക് ചേക്കേറിയതും നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇതിനിടയിൽ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് കോൺഗ്രസ് വിട്ട് ബി ജെ പിയിൽ ചേർന്ന മുതിർന്ന നേതാക്കൾ ഉൾപ്പെടെയുള്ളവർ നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുകയാണ്. പാർട്ടിയിൽ വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്നാണ് ആക്ഷേപം. ഇവരിൽ പലരും കോൺഗ്രസിലേക്ക് മടങ്ങാൻ തയ്യാറെടുക്കുകയാണെന്നാണ് വിവരം. കോൺഗ്രസിൽ നിന്നും ബി ജെ പയിലെത്തിയ ഉത്തരാഖണ്ഡ് ഗതാഗത മന്ത്രിയും സംസ്ഥാനത്തെ പ്രമുഖ ദളിത് നേതാവ് യശ്പാൽ ആര്യയും മകൻ സഞ്ജീവ് ആര്യയും ഇതിനോടകം തന്നെ കോൺഗ്രസിൽ എത്തിയിട്ടുണ്ട്. അതേസമയം കോൺഗ്രസിലും ഇത്തവണ സ്ഥിതി വ്യത്യസ്തമല്ല.

ഹരീഷ്ഷ് റാവത്തും പ്രതിപക്ഷ നേതാവ് പ്രീതം സിംഗും തമ്മിലുള്ള അധികാര തർക്കങ്ങളാണ് കോൺഗ്രസ് നേതൃത്വത്തിന് തലവേദന സൃഷ്ടിക്കുന്നത്.പ്രീതം സിംഗ് ആയിരുന്നു നേരത്തേ പാർട്ടി അധ്യക്,നായിരുന്നത്. എന്നാൽ തന്റെ അനുയായിയായ ഗണേഷ് ഗോഡിയാലിനെ റാവത്ത് ഇടപെട്ട് പ്രസിഡൻറ് ആക്കുകായിരുന്നു. ഇതിൽ പാർട്ടിക്കുള്ളിൽ കടുത്ത അതൃപ്തികൾ നിലനിൽക്കുന്നുണ്ട്. സംസ്ഥാന ഘടകത്തിലെ പ്രധാന പദവികളെല്ലാം ഹരീഷ് റാവത്ത് വിഭാഗം ഏറ്റെടുത്തുവെന്ന വികാരമാണ് പ്രീതം സിംഗ് പക്ഷത്തിനുള്ളത്. അതിനാൽ പലരും തിരഞ്ഞെടുപ്പ് നടപടികളിൽ നിന്നും അകലം പാലിക്കുന്നതായി റിപ്പോർട്ടുണ്ട്. സീറ്റ് നിഷേധിക്കപ്പെട്ടാൽ പലരും പാർട്ടി വിടാൻ ഉള്ള സാധ്യതയും തള്ളികളയാൻ സാധിക്കില്ല.

അതേസമയം കോൺഗ്രസിലേയും ബി ജെ പിയിലേയും വിമതർ ആം ആദ്മിയിലേക്ക് ചേക്കേറിയേക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. ഇതിൽ ശക്തരെ ആം ആദ്മി സ്ഥാനാർത്ഥിയാക്കാനുള്ള സാധ്യതയും തള്ളികളായാനകില്ല. ആം ആദ്മി ഇതിനോടകം തന്നെ പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി റിട്ട. ആർമി കേണൽ അജയ് കൊത്തിയാലിനെ പ്രഖ്യാപിച്ചിട്ടുണ്ട്. ആം ആദ്മിയുടെ നിർണായക നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. സൈനികരുടെ ഗണ്യമായ ജനസംഖ്യയുള്ള സംസ്ഥാനത്ത് ഇത് വലിയ സ്വാധീനം ഉണ്ടാക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.വമ്പന് പ്രഖ്യാപനങ്ങളും പാർട്ടി ഇതിനോടകം തന്നെ സംസ്ഥാനത്ത് നടത്തിയിട്ടുണ്ട്. ഡൽഹിയിലെ പോലെ ഉത്തരാഖണ്ഡിലും സൗജന്യ തീർഥയാത്ര യോജന ആരംഭിക്കുമെന്നാണ് ഇതിലൊന്നും. അയോധ്യയിൽ സൗജന്യ 'ശ്രീരാമ ദർശനം' സാധ്യമാക്കും. മുസ്ലീങ്ങൾക്ക് അജ്മീർ ഷെരീഫ് സന്ദർശിക്കാനും സിഖുകാർക്ക് കർതാർപൂർ സാഹിബ് സന്ദർശിക്കാനും സൗകര്യമൊരുക്കുമെന്നും പാർട്ടി അധ്യക്ഷൻ കെജരിവാൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതെല്ലാം തിരഞ്ഞെടുപ്പിൽ ഗുണകരമാകുമോയെന്ന് കാത്തിരുന്ന് കാണേണ്ടി വരും.












Click it and Unblock the Notifications