ബിജെപിക്ക് ആശങ്കയായി സർവേകൾ, തെരഞ്ഞെടുപ്പിന് ശേഷം ജെഡിഎസുമായി സഖ്യമോ? അമിത് ഷായുടെ മറുപടി
കർണാടകയിൽ നിയമസഭ തിരഞ്ഞെടുപ്പ് നടത്താനിരിക്കെ ഭരണകക്ഷിയായ ബിജെപിക്ക് കടുത്ത ആശങ്കയായി മാറിയിരിക്കുകയാണ് അഭിപ്രായ സർവ്വേകൾ. ഭൂരിഭാഗം സർവ്വേകളും ഇത്തവണ ബിജെപിക്ക് ഭരണനഷ്ടമാണ് പ്രവചിക്കുന്നത്. ഈ സാഹചര്യത്തിൽ തിരഞ്ഞെടുപ്പിന് ശേഷം അധികാരം പിടിക്കാൻ ജെഡിഎസുമായി ബിജെപി സഖ്യത്തിന് തയ്യാറാകുമോയെന്ന ചോദ്യങ്ങളാണ് ഉയരുന്നത്. ഇക്കാര്യത്തിൽ മറുപടി നൽകുകയാണ് ആഭ്യന്തര മന്ത്രി അമിത് ഷാ. ഏഷ്യാനെറ്റ് സുവർണ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അമിത് ഷായുടെ മറുപടി.
ബിജെപി തന്നെ നിയമസഭ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടുമെന്നും ജെഡിഎസുമായി യാതൊരു തിരഞ്ഞെടുപ്പ് സഖ്യവുമില്ലെന്നും അമിത് ഷാ പറഞ്ഞു. കഴിഞ്ഞ 17 ദിവസമായി ഞാൻ കർണാടകത്തിൽ ഉണ്ട്. സംസ്ഥാനം മുഴുവനായി ഏകദേശം കവർ ചെയ്തിട്ടുണ്ട്. ബിജെപി കേവല ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് ഉറപ്പാണ്. ജനതാദൾ എസിന് വോട്ട് ചെയ്യുന്നത് കോൺഗ്രസിന് വോട്ട് ചെയ്യുന്നത് പോലെയാണെന്ന് കർണാടകയിലെ മുഴുവൻ ജനങ്ങൾക്കും ഇപ്പോൾ അറിയാം', അമിത് ഷാ പറഞ്ഞു.

എങ്ങെനെയാണ് കർണാടകത്തിൽ ജെഡിഎസിന് അധികാരം ലഭിക്കുക? അവർക്ക് അനുകൂലമായൊരു വികാരം സംസ്ഥാനത്ത് ഇല്ല. ജെഡിഎസുമായി സഖ്യമുണ്ടോയെന്ന ചോദ്യമേ ഉദിക്കുന്നല്ല. അത് തീരുമാനിക്കപ്പെട്ടതാണ്. കഴിഞ്ഞ തവണ ഞങ്ങൾ അവരെ സഖ്യത്തിന് സമീപിച്ചിട്ട് ഇല്ല', അമിത് ഷാ പറഞ്ഞു.
അതേസമയം അധികാരം ലഭിച്ചാൽ മുഖ്യമന്ത്രിയായി ബസവരാജ് ബൊമ്മൈയെ നിലനിർത്തുമോയെന്ന ചോദ്യത്തിന് തിരഞ്ഞെടുപ്പിന് ശേഷമുള്ള സാഹചര്യമനുസരിച്ച് കൂടിയാകും തീരുമാനം എന്നായിരുന്നു അമിത് ഷായുടെ പ്രതികരണം. 'തിരഞ്ഞെടുപ്പിന് ശേഷമുള്ള സാഹചര്യങ്ങളുടെയും ഭൂരിപക്ഷത്തിന്റെയും അടിസ്ഥാനത്തിൽ പാർട്ടി അതിനനുസരിച്ച് തീരുമാനമെടുക്കും', ഷാ പറഞ്ഞു.
അഭിപ്രായ സർവ്വേകളെ വിശ്വാസത്തിലെടുക്കുന്നില്ലെന്നും അമിത് ഷാ പറഞ്ഞു. 'സർവ്വേകളെയല്ല,ഞാൻ പാർട്ടി പ്രവർത്തകരെയാണ് കൂടുതൽ വിശ്വസിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയത്ത് ബിജെപി പരാജയപ്പെടുമെന്നായിരുന്നു സർവ്വേകൾ. എന്നാൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ ബിജെപിയുടെ നില മെച്ചപ്പെട്ടതായാണ് കാണാൻ സാധിച്ചത്. ഇപ്പോൾ പറയുന്നത് ഇഞ്ചോടിഞ്ച് പോരാട്ടമെന്നാണ്. എന്നാൽ തിരഞ്ഞെടുപ്പ് ദിവസം വിജയം ഞങ്ങൾക്കൊപ്പമായിരിക്കും.നിങ്ങൾ സർവ്വേകളുടെ പാറ്റേൺ നോക്കൂ, ഇക്കാര്യത്തിൽ ഞാൻ ഒരു വിദ്യാർത്ഥിയെ പോലെയാണ് , ഞാൻ അക്കാര്യം പഠിക്കാറുണ്ട്', അമിത് ഷാ പറഞ്ഞു.
തിരഞ്ഞെടുപ്പിൽ 128 സീറ്റുകൾ വരെ ബിജെപിക്ക് ലഭിക്കും. കർണാടകയിൽ ഇപ്പോഴും ഞാൻ യാത്ര തുടരുകയാണ്. സാധാരണ വോട്ടർമാരുമായി സംസാരിക്കുകയും ഇടപഴകുകയും ചെയ്യുന്നുണ്ട്. അവരുടെ പ്രതികരണം ഞാൻ കണ്ടിട്ടുണ്ട്. 100 ശതമാനം ഉറപ്പിച്ച് പറയാൻ സാധിക്കും ബിജെപി കേവല ഭൂരിപക്ഷം നേടും', അമിത് ഷാ പറഞ്ഞു.
2018 ലേതിന് സമാനമായി ഇത്തവണയും ആർക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യം ഉണ്ടായാൽ ബിജെപി എന്ത് തീരുമാനിക്കുമെന്ന ചോദ്യത്തിന് അത്തരമൊരു അവസ്ഥയിൽ ജെ ഡി എസിന് കൈകൊടുക്കാൻ തയ്യാറാകില്ലെന്ന് ആവർത്തിച്ച അമിത് ഷാ ജെ ഡി എസുമായി ഒരു കാലത്തും ബി ജെ പി സഖ്യത്തിന് തയ്യാറാകില്ലെന്നും പറഞ്ഞു.
മെയ് 10 നാണ് കർണാടകത്തിൽ നിയമസഭ തിരഞ്ഞെടുപ്പ്. പുറത്തുവന്ന അഭിപ്രായ സർവ്വേകളിൽ ഏറെയും കോൺഗ്രസിനാണ് ഭരണ സാധ്യത പ്രവചിക്കുന്നത്. 224 സീറ്റുകളിൽ 113 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിനായി ആവശ്യം. കഴിഞ്ഞ തവണ ബി ജെ പിക്ക് 108 സീറ്റുകളാണ് ആവശ്യം. കോൺഗ്രസിന് 80 സീറ്റുകളും. ഇത്തവണ 140 ഓളം സീറ്റുകൾ തങ്ങൾക്ക് ലഭിക്കുമെന്നാണ് കോൺഗ്രസ് അവകാശവാദം. അഭിപ്രായ സർവ്വേകൾ കോൺഗ്രസ് 120 സീറ്റുകൾ വരെ പ്രവചിക്കുന്നുണ്ട്.
document1}












Click it and Unblock the Notifications