മധ്യപ്രദേശിൽ കോൺഗ്രസ് ബിജെപിയെ വീഴ്ത്തുമോ?; ടൈംസ് നൗ സർവ്വെ പ്രവചനം ഇങ്ങനെ
ഭോപ്പാൽ: നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസും ബിജെപിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചിച്ച് ടൈംസ് നൗ സർവ്വെ. ബിജെപിക്ക് 102 മുതൽ 110 സീറ്റുകളാണ് സർവ്വെ പ്രവചിക്കുന്നത്. 42.80 ശതമാനം വോട്ടുകൾ നേടുമെന്നും സർവ്വെ പറയുന്നു. അതേസമയം കോൺഗ്രസിന് 118 മുതൽ 128 സീറ്റുകൾ ലഭിക്കുമെന്നും 43.80 ശതമാനം വോട്ടു വിഹിതവുമായിരിക്കും ലഭിക്കുക. മറ്റ് പാർട്ടികൾക്ക് 2 സീറ്റുകൾ വരെയാണ് സർവ്വെ സാധ്യത പ്രവചിക്കുന്നത്.
മുൻ കോൺഗ്രസ് നേതാവും ഇപ്പോഴത്തെ കേന്ദ്ര മന്ത്രിയുമായ ജ്യോതിരാദിത്യ സിന്ധ്യയുടെ തട്ടകമായ ഗ്വാളിയോർ ചമ്പൽ മേഖലയിൽ കോൺഗ്രസ് വൻ മുന്നേറ്റം കാഴ്ച വെക്കും. ഇവിടെ 30 വരെ സീറ്റുകൾ കോൺഗ്രസ് നേടും എന്നും സർവ്വെ പറയുന്നു. 8 വരെ സീറ്റുകളാണ് ബിജെപിക്ക് ലഭിച്ചേക്കുക.

മാൽവ നിമർ മേഖലയിൽ കോൺഗ്രസിന് 41 മുതൽ 45 വരേയും ബി ജെ പിക്ക് 20 മുതൽ 24 വരേയും സീറ്റുകൾ ലഭിച്ചേക്കും. മഹാകൗശൽ മേഖലയിൽ ബി ജെ പിക്കായിരിക്കും സ്വാധീനം. 18-22 സീറ്റുകൾ ഇവിടെ ലഭിക്കും, കോൺഗ്രസിന് 16-20 സീറ്റുകളും. മധ്യ ഭാരതിൽ ബി ജെ പിക്ക് 22-24 സീറ്റുകളും കോൺഗ്രസിന് 12-14 വരെ സീറ്റുകളും ലഭിച്ചേക്കും. വിന്ധ്യയിൽ ബിജെപിക്ക് 21 വരെ സീറ്റുകളും കോൺഗ്സിന് 10 വരെ സീറ്റുകളാണ് സർവ്വെ പറയുന്നത്.
ഈ വർഷം അവസാനമാണ് മധ്യപ്രദേശിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ കൂറ്റൻ വിജയം നേടി കോൺഗ്രസ് ആയിരുന്നു മധ്യപ്രദേശിൽ ഭരണത്തിലേറിയത്. എന്നാൽ ഓപ്പറേഷൻ താമര പയറ്റി ബി ജെ പി അധികാരം പിടിക്കുകയായിരുന്നു. അന്ന് കോൺഗ്രസ് നേതാവായ ജ്യോതിരാദിത്യ സിന്ധ്യയേയും അദ്ദേഹത്തിനൊപ്പമുളള 24 എംഎൽഎമാരേയുമാണ് ബിജെപി മറുകണ്ടം ചാടിച്ചത്.
അതേസമയം ഇത്തവണ ഏതുവിധേനയും അധികാരം പിടിക്കാനുള്ള തയ്യാറെടുപ്പിലാണ് കോൺഗ്രസ്. കർണാടകയിൽ അധികാരം തിരിച്ചുപിടിക്കാൻ സഹായിച്ച ജനകീയ പ്രഖ്യാപനങ്ങൾ തന്നെയാണ് മധ്യപ്രദേശിലും കോൺഗ്രസ് പയറ്റാൻ ഒരുങ്ങുന്നത്. ശക്തരായ സ്ഥാനാർത്ഥികളെ കണ്ടെത്തി കഴിഞ്ഞതായി കോൺഗ്രസ് വ്യക്തമാക്കിയിരുന്നു. മറുവശത്ത് ബി ജെ പിയാകട്ടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കഴിഞ്ഞു. കേന്ദ്രമന്ത്രിമാരെ അടക്കം അണിനിരത്തിയാണ് ബി ജെ പി പോരാടാൻ ഒരുങ്ങുന്നത്.












Click it and Unblock the Notifications