ബെംഗളൂരു നഗരത്തിൽ 24 മണിക്കൂറും ഹോട്ടലുകൾ തുറന്ന് പ്രവർത്തിക്കുമോ? ആവശ്യം ഉയരുന്നു, തടസം പോലീസോ?
ബെംഗളൂരു: നഗരത്തിൽ 24 മണിക്കൂറും ഹോട്ടലുകൾ തുറന്നുപ്രവർത്തിക്കാൻ വഴിയൊരുങ്ങുന്നു. ബൃഹത് ബെംഗളൂരു ഹോട്ടൽസ് അസോസിയേഷൻ മുഖ്യമന്ത്രി ഡികെ ശിവകുമാറിനോട് ഈ ആവശ്യം ഉന്നയിച്ചതോടെയാണ് വഴി തെളിയുന്നത്. ശിവകുമാർ ഇടപെട്ട് ബെംഗളൂരുവിലെ ഹോട്ടലുകളും റെസ്‌റ്റോറന്റുകളും മുഴുവൻ സമയവും പ്രവർത്തിക്കാൻ അനുവദിക്കുമെന്ന് ഉറപ്പാക്കണമെന്നാണ് ആവശ്യം.
24/7 സമയം പ്രവർത്തനം അനുവദിക്കുന്ന സംസ്ഥാന സർക്കാർ ഉത്തരവ് ഉണ്ടായിരുന്നിട്ടും പ്രാദേശിക പോലീസ് വകുപ്പുകൾ സ്ഥാപനങ്ങൾ തുറക്കുന്നത് തടയുന്നുവെന്ന് അസോസിയേഷൻ ആരോപിക്കുന്നു. ഈ വർഷം ആദ്യവും, ഹോട്ടൽ അസോസിയേഷൻ 24 മണിക്കൂറും പ്രവർത്തിക്കാൻ അനുമതി തേടി മുഖ്യമന്ത്രിക്ക് കത്തെഴുതിയിരുന്നു.

ബിസിനസ്സുകൾക്ക് 24/7 പ്രവർത്തിക്കാൻ അനുമതി നൽകി സംസ്ഥാന സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നുവെങ്കിലും സ്ഥാപനങ്ങൾക്ക് പ്രാദേശിക പോലീസ് വകുപ്പുകളിൽ നിന്ന് ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. അസോസിയേഷനു മുഖ്യമന്ത്രിയിൽനിന്ന് അനുകൂലമായ പ്രതികരണമാണ് ലഭിച്ചതെന്നും എന്നാൽ സാഹചര്യങ്ങൾ മാറിയിട്ടില്ലെന്നും സംഘടന ആരോപിക്കുന്നു.
കഴിഞ്ഞ മൂന്ന് വർഷമായി അസോസിയേഷൻ ഈ ആവശ്യം ഉന്നയിക്കുകയാണെന്നും ഇപ്പോൾ നഗരത്തിലെ പുതുതായി സ്ഥാപിതമായ അഞ്ച് കോർപ്പറേഷനുകളെ സമീപിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രവർത്തന സമയം നീട്ടുന്നത് രാത്രി ഷിഫ്റ്റ് ജീവനക്കാർക്കും യാത്രക്കാർക്കും വൈകി ജോലി ചെയ്യുന്നവർക്കും ഗുണം ചെയ്യുമെന്ന് അസോസിയേഷൻ അറിയിച്ചു.
നഗരത്തിലുടനീളം ഒറ്റരാത്രികൊണ്ട് പ്രവർത്തനം അനുവദിക്കുന്നതിനുപകരം, റെസിഡൻഷ്യൽ ഏരിയകൾ ഒഴികെ ബെംഗളൂരുവിലെ സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റിലെ (സിബിഡി) സ്ഥാപനങ്ങളിൽ നിന്ന് ആരംഭിച്ച് ഘട്ടംഘട്ടമായി നടപ്പാക്കാനാണ് അവർ നിർദ്ദേശിക്കുന്നത്. ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കാൻ മാളുകൾ, ഹോട്ടലുകൾ, മൾട്ടിപ്ലക്‌സുകകൾ എന്നിവ രാത്രിയിൽ തുറക്കാൻ അനുവദിക്കണമെന്നും പ്രധാനമന്ത്രി നിർദ്ദേശിച്ചിട്ടുണ്ടെന്നാണ് വ്യാപാരികൾ ചൂണ്ടിക്കാണിക്കുന്നത്.
ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്‌നാട്, കേരളം, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ സമാനമായ ക്രമീകരണങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡിസംബർ ആദ്യവാരം തന്നെ ബെംഗളൂരുവിന് മുഴുവൻ സമയ പ്രവർത്തനങ്ങൾക്ക് അനുമതി ലഭിക്കുമെന്ന് അസോസിയേഷൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
എന്നാൽ ജീവനക്കാരുടെ പരിമിതികൾ ഒരു പ്രധാന വെല്ലുവിളിയായി പോലീസ് ഉദ്യോഗസ്ഥർ എടുത്തുകാണിച്ചു. നിലവിലെ പോലീസ് ജീവനക്കാർ രണ്ട് ഷിഫ്റ്റുകളിലാണ് പ്രവർത്തിക്കുന്നതെന്നും രാത്രിയിലെ ബിസിനസ് പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിന് അധിക ഷിഫ്റ്റ് ആവശ്യമാണെന്നും ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥരുടെ കുറവ് നേരിടുന്നുണ്ടെന്നാണ് റിപ്പോർട്ട്, ഇത് രാത്രികാല പട്രോളിങ് വിപുലീകരിക്കുന്നത് ബുദ്ധിമുട്ടാക്കുന്നു. അതേസമയം, നഗരത്തിൽ നിലവിൽ ഹോട്ടലുകൾ രാത്രി വൈകി തുറന്നാലും കച്ചവടം സാധാരണ നിലയിലേക്ക് വളരാൻ സമയം എടുക്കുമെന്നാണ് ഈ രംഗത്തെ വിദഗ്‌ധർ ഉൾപ്പെടെ അഭിപ്രായപ്പെടുന്നത്.




Click it and Unblock the Notifications
