ചിരഞ്ജീവി ആകുമോ വിജയ്? പിആര്‍പി പോലെ ടിവികെക്കും സംഭവിക്കും, വിമര്‍ശിച്ച് കോണ്‍ഗ്രസ്
ചെന്നൈ: തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസും വിജയ് നേതൃത്വം നല്‍കുന്ന ടിവികെയും തമ്മില്‍ സഖ്യമുണ്ടാക്കുമെന്ന അഭ്യൂഹം ശക്തമാണ്. ചെന്നൈക്ക് ശേഷം മധുരയിലും കൂറ്റന്‍ സമ്മേളനം നടത്തിയ ടിവികെ 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സഖ്യനീക്കം നടത്തുന്നു എന്നായിരുന്നു വിവരം. 70 സീറ്റുകളും ഉപമുഖ്യമന്ത്രി പദവിയും കോണ്‍ഗ്രസിന് വാഗ്ദാനം ചെയ്തുവെന്നും പ്രചരിച്ചു.
എന്നാല്‍ എല്ലാ പ്രചാരണങ്ങളും തള്ളി രംഗത്തുവന്നിരിക്കുകയാണ് തമിഴ്‌നാട് കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ സെല്‍വ പെരുന്തകൈ. വിജയിയെ രൂക്ഷമായി വിമര്‍ശിച്ചാണ് അദ്ദേഹം പ്രതികരിച്ചത്. ക്യാപ്റ്റന്‍ വിജയകാന്തിന്റെ പാര്‍ട്ടിക്കും ചിരഞ്ജീവിയുടെ പ്രജാരാജ്യം പാര്‍ട്ടിക്കും എന്തു സംഭവിച്ചു എന്നും സെല്‍വപെരുന്തകൈ ഓര്‍മിപ്പിച്ചു.

പുതിയ പാര്‍ട്ടികള്‍ വരികയും പോകുകയും ചെയ്യുമെന്നും കോണ്‍ഗ്രസ് നിലനില്‍ക്കുമെന്നും സെല്‍വപെരുന്തകൈ പറഞ്ഞു. പത്ത് ലക്ഷത്തിലേറെ വോട്ടുകള്‍ നേടിയ വിജയകാന്തിന്റെ പാര്‍ട്ടിയുടെ അവസ്ഥ ഇപ്പോള്‍ എന്താണ്. ചിരഞ്ജീവിയുടെ പാര്‍ട്ടി ലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുത്ത റാലി നടത്തിയിട്ടും ഒടുവില്‍ കോണ്‍ഗ്രസില്‍ ലയിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
കോണ്‍ഗ്രസിനെ നിശിതമായി വിമര്‍ശിക്കാത്ത വിജയുടെ നിലപാടാണ് ടിവികെ-കോണ്‍ഗ്രസ് സഖ്യത്തിന് സാധ്യതയുണ്ടെന്ന ആദ്യ റിപ്പോര്‍ട്ടുകള്‍ക്ക് കാരണം. ഡിഎംകെ, ബിജെപി എന്നീ കക്ഷികളെ വിമര്‍ശിച്ചായിരുന്നു വിജയുടെ വരവ്. മധുര സമ്മേളനത്തില്‍ അദ്ദേഹം എഐഎഡിഎംകെയെയും വിമര്‍ശിച്ചു. ബിജെപിയുമായി കൂട്ടുകൂടിയവരുമായി സഖ്യമുണ്ടാക്കില്ലെന്നും വിജയ് സൂചിപ്പിച്ചു.
രാഹുല്‍ ഗാന്ധിയെ കാണാന്‍ വിജയ് ശ്രമിക്കുന്നുണ്ടെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. കൂടിക്കാഴ്ച ഉടന്‍ നടക്കുമെന്നും പ്രചാരണമുണ്ടായി. എന്നാല്‍ ഇത്തരം കൂടിക്കാഴ്ച തെറ്റായ വ്യാഖ്യാനങ്ങള്‍ക്ക് ഇടയാക്കുമെന്ന് കണ്ട് രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും പിന്മാറുകയായിരുന്നു എന്നാണ് രാഷ്ട്രീയ വൃത്തങ്ങള്‍ പറയുന്നത്.
പ്രജാരാജ്യം പാര്‍ട്ടി (പിആര്‍പി) ക്ക് എന്തു സംഭവിച്ചു
തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ ചിരഞ്ജീവി 2008ലാണ് പ്രജാരാജ്യം എന്ന പാര്‍ട്ടി രൂപീകരിച്ചത്. പാര്‍ട്ടിയുടെ പ്രഖ്യാപന സമ്മേളനത്തില്‍ ലക്ഷക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. 2009ലെ തിരഞ്ഞെടുപ്പില്‍ ലോക്‌സഭയിലേക്കും ആന്ധ്ര നിയമസഭയിലേക്കും മല്‍സരിച്ചു. നിയമസഭയിലേക്ക് നിരവധി സീറ്റുകളില്‍ ജയിച്ചു. മുന്‍ മന്ത്രി തുള്ള ദേവേന്ദര്‍ ഗൗഡയുടെ നേതൃത്വത്തിലുള്ള നവ തെലങ്കാന പ്രജാ പാര്‍ട്ടി ചിരഞ്ജീവിയുടെ പാര്‍ട്ടിയില്‍ ലയിക്കുകയും ചെയ്തു.
എന്നാല്‍ പിന്നീട് പ്രജാരാജ്യം പാര്‍ട്ടി ക്ഷയിക്കുന്നതാണ് കണ്ടത്. 2011ല്‍ കോണ്‍ഗ്രസുമായി ലയിക്കാന്‍ തീരുമാനിച്ചു. ചിരഞ്ജീവി രാജ്യസഭാ എംപിയാകുകയും മന്ത്രിയാകുകയും ചെയ്തു. അടുത്തിടെ സഹോദരന്‍ പവന്‍ കല്യാണ്‍ നേതൃത്വം നല്‍കുന്ന ജനസേന പാര്‍ട്ടിയെ പുകഴ്ത്തി ചിരഞ്ജീവി സംസാരിച്ചിരുന്നു. പ്രജാരാജ്യം പാര്‍ട്ടിയാണ് ജനസേന പാര്‍ട്ടിയായി രൂപാന്തരം സംഭവിച്ചത് എന്നും ചിരഞ്ജീവി പറഞ്ഞു. രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നും സിനിമയില്‍ കൂടുതല്‍ ശ്രദ്ധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications