' ഗുസ്തി താരങ്ങളുമായി ചർച്ചയ്ക്ക് തയ്യാർ'; ക്ഷണിച്ച് കായിക മന്ത്രി
ഡൽഹി: ബിജെപി എംപിയും ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനുമായ ബ്രിജ് ഭൂഷണിനെതിരെ നടപടി ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെ ചർച്ചയ്ക്ക് വിളിച്ച് കേന്ദ്രസർക്കാർ. സമരക്കാരുടെ ആവശ്യങ്ങൾ ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാണെന്ന് കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂർ ആണ് ട്വീറ്റിലൂടെ അറിയിച്ചത്.
'ഗുസ്തി താരങ്ങളുടെ പ്രശ്‌നങ്ങളിൽ ചർച്ചയ്ക്ക് സർക്കാർ തയ്യാറാണ്. അതിനായി ഞാൻ ഒരിക്കൽ കൂടി താരങ്ങളെ ക്ഷണിക്കുന്നു', അനുരാഗ് താക്കൂർ ട്വീറ്റിൽ പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച ഗുസ്തി താരങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ചർച്ച നടത്തിയിരുന്നു. എന്നാൽ തങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കപ്പെട്ടില്ലെന്നും പ്രതീക്ഷിച്ച പ്രതികരണം അമിത് ഷായിൽ നിന്നും ഉണ്ടായില്ലെന്നുമാണ് ചർച്ചയ്ക്ക് ശേഷം താരങ്ങൾ പ്രതികരിച്ചത്.

അതേസമയം ചർച്ചയ്ക്ക് പിന്നാലെ സാക്ഷി മാലിക് അടക്കമുള്ളവർ ജോലിയിൽ തിരികെ പ്രവേശിച്ചതോടെ താരങ്ങൾ സമരത്തിൽ നിന്നും പിൻമാറിയെന്ന തരത്തിലുള്ള വാർത്തകൾ ശക്തമായിരുന്നു. എന്നാൽ സമരത്തെ തകർക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പ്രചരണം മാത്രമാണിതെന്നും നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്നുമായിരുന്നു താരങ്ങൾ വ്യക്തമാക്കിയത്.
പ്രതിഷേധം ഒരിക്കലും നിർത്തിവെയ്ക്കില്ലെന്നും അത് ഏത് രീതിയിൽ മുന്നോട്ട് കൊണ്ടുപോകും എന്നത് സംബന്ധിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ നടക്കുന്നതെന്നും കഴിഞ്ഞ ദിവസം ഗുസ്തി താരങ്ങളിൽ ഒരാളായ ബജ്റംഗ് പൂനിയയും അറിയിച്ചിരുന്നു. ശനിയാഴ്ചത്തെ ചർച്ചയെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വിടരുന്നതെന്ന് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടുവെന്നും സർക്കാരുമായി യാതൊരു ധാരണയും ഉണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഇതിനിടെ കഴിഞ്ഞ ദിവസം കായിക താരങ്ങളുടെ പരാതിയിൽ ബ്രിജ് ഭൂഷൺ സിംഗിന്റെ മൊഴി രേഖപ്പെടുത്താനായി ഡൽഹി പോലീസ് സംഘം ബ്രിജ് ഭൂഷണിന്റെ വസതിയിൽ എത്തി യുപിയുള്ള വീട്ടിലാണ് പോലീസ് പോയത്. എന്നാൽ ബ്രിജ് ഭൂഷൺ സ്ഥലത്ത് ഉണ്ടായിരുന്നില്ല. തുടർന്ന് ബ്രിജ് ഭൂഷണുമായി ബന്ധപ്പെട്ട 12 പേരുടെ മൊഴി പോലീസ് രേഖപ്പെടുത്തിയെന്നാണ് റിപ്പോർട്ട്.
കായിക താരങ്ങളുടെ പരാതിയിൽ നിലവിൽ രണ്ട് എഫ്ഐആറുകളാണ് ബ്രിജ് ഭൂഷണിനെതിരെ പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും ഏഴ് ഗുസ്തി താരങ്ങളും നൽകിയ പരാതികളിലാണ് എഫ്ഐആർ . പീഡനം, മോശം സ്പർശനം എന്നിവ ഉൾപ്പെടെ നിരവധി വകുപ്പുകളാണ് ബ്രിജ് ഭൂഷണെതിരെ ചുമത്തിയിട്ടുള്ളത്.












Click it and Unblock the Notifications