യൂട്യൂബ് വീഡിയോ ലൈക്ക് ചെയ്ത് പണമുണ്ടാക്കാമെന്ന് ഓഫര്‍, യുവതിക്ക് നഷ്ടമായത് ലക്ഷങ്ങള്‍
യൂട്യൂബ് വീഡിയോകൾക്ക് ലൈക്ക് അടിച്ചാൽ പണം ലഭിക്കുമെന്നായിരുന്നു ജോലി വാഗ്ദാനം. കേൾക്കുമ്പോൾ സിംപിൾ പരിപാടിയല്ലേ.

പലതരം ജോലിയെക്കുറിച്ച് നമ്മൾ കേട്ടുകാണും. ഇതിനിടെ കഞ്ചാവ് ടെസ്റ്റ് ചെയ്യാൻ ആളെ ആവശ്യപ്പെട്ടുകൊണ്ടുള്ള പരസ്യം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ലക്ഷങ്ങൾ ആയിരുന്നു ശമ്പളം പറഞ്ഞത്. ചില ജോലികൾ കേൾക്കുമ്പോൾ അമ്പരപ്പ് തോന്നുമെങ്കിലും അവയിൽ ചില വാസ്തവം ഉണ്ടാവാറുണ്ട്.
എന്നാൽ ഏറ്റവും കൂടുതൽ തട്ടിപ്പ് നടക്കുന്നത് ജോലി വാഗ്ദാനം നൽകിക്കൊണ്ടാണ്. കോവിഡിന് ശേഷം വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള അവസ്ഥ കൂടി വന്നതോടെ ഈ അവസരവും തട്ടിപ്പുകാർ ഉപയോഗിച്ചുതുടങ്ങി. ഇപ്പോൾ അത്തരത്തിൽ ഉള്ള വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. ജോലി യൂട്യൂബ് വീഡിയോയ്ക്ക് ലൈക്കടിക്കൽ, എന്നാൽ ഇപ്പോൾ ചുരുളഴിഞ്ഞതോ വലിയ തട്ടിപ്പും. വിശദമായി അറിയാം...
യൂട്യൂബ് വീഡിയോകൾക്ക് ലൈക്ക് അടിച്ചാൽ പണം ലഭിക്കുമെന്നായിരുന്നു ജോലി വാഗ്ദാനം. കേൾക്കുമ്പോൾ സിംപിൾ പരിപാടിയല്ലേ. ഓഫർ കേട്ടയുടൻ യുവതി ജോലി ചെയ്യാൻ തയ്യാറായി. പക്ഷേ വലിയൊരു ചതിയായിരുന്നു പിന്നിൽ. പതിനൊന്ന് ലക്ഷം രൂപയാണ് യുവിക്ക് നഷ്ടമായത്. സംഭവത്തിന് പിന്നിലെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.
ബിന്ദുസർ ഷെലാർ (40), മഹേഷ് റാവത്ത് (24), യോഗേഷ് ഖൗലെ (28), പൂനെ സ്വദേശികളായ അഖ്‌സെ ഖഡ്‌സെ (27), അമിത് തവാർ (28) എന്നിവരെയാണ് പിടികൂടിയത്. ടെക് കമ്പനികളുടെ ഡയറക്ടർമാരാണെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. ഈ യുവതി മുമ്പ് രണ്ട് ജോബ് പോർട്ടലുകളിൽ രജിസ്റ്റർ ചെയ്തിരുന്നു. അതിന് പിന്നാലെ ഒരു വ്യക്തിയിൽ നിന്ന് വാട്സ്ആപ്പ് സന്ദേശം ലഭിച്ചു.
യൂട്യൂബ് വീഡിയോകൾ ലൈക്ക് ചെയ്യാനും അതിന്റെ സ്‌ക്രീൻഷോട്ട് എടുത്ത് വാട്ട്‌സ്ആപ്പ് നമ്പറിലേക്ക് അയച്ച് പണം സമ്പാദിക്കാൻ താൽപ്പര്യമുണ്ടോ എന്നായിരുന്നു ഇവരോട് ചോദിച്ചത്. പ്രതികളിലൊരാൾ വീഡിയോ ലിങ്ക് അയച്ചു കൊടുക്കുകയും നിർദേശങ്ങൾ പാലിക്കാൻ ആവശ്യപ്പെടുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു. പിന്നീട് യുവതിയുടെ അക്കൗണ്ടിലേക്ക് 750 രൂപ രൂപ നിക്ഷേപിച്ചു. യുവതിക്ക് വേണ്ടി വെർച്വൽ വാലറ്റ് സൃഷ്ടിക്കുകയും ചെയ്തു. അവർ ചെയ്യുന്ന ജോലിക്ക് അനുസരിച്ച് പണം സമ്പാദിക്കുന്നുണ്ടെന്ന് കാണിക്കുകയും ചെയ്തു.
പ്രതികൾ യുവതിക്കായി സൃഷ്ടിച്ച വെർച്വൽ വാലറ്റ് പരിശോധിച്ചപ്പോൾ മൂന്ന് ലക്ഷം രൂപയുണ്ടായിരുന്നു. എന്നാൽ ആ തുക അവരുടെ ബിസിനസിൽ നിക്ഷേപിക്കാൻ യുവതിയോട് ആവശ്യപ്പെടുകയും ചെയ്തു. നിരവധി തവണ പണം ആവശ്യപ്പെട്ടു. 11.43 ലക്ഷം രൂപ നഷ്ടമായതോടെ യുവതി തന്റെ നിക്ഷേപവും ലാഭവും പിൻവലിക്കാൻ സംഘത്തോട് ആവശ്യപ്പെട്ടു. എന്നാൽ തട്ടിപ്പുസംഘം വാലറ്റ് ലോക്ക് ചെയ്യുകയായിരുന്നു. ഇതിനെ തുടർന്ന് യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു.












Click it and Unblock the Notifications