'കടുത്ത തീരുമാനങ്ങളിലേക്ക് കടക്കരുത്'; ഗുസ്തി താരങ്ങള്‍ക്ക് 1983 ക്രിക്കറ്റ് ലോകകപ്പ് ടീമിന്റെ പിന്തുണ
ന്യൂഡല്‍ഹി: ദേശീയ ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ സിംഗിനെതിരെ ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി 1983 ക്രിക്കറ്റ് ലോകകപ്പ് വിജയിച്ച ഇന്ത്യന്‍ താരങ്ങള്‍ രംഗത്ത്. ഗുസ്തി താരങ്ങള്‍ രാജ്യത്തിന്റെ അഭിമാനമാണ്. കടുത്ത തീരുമാനങ്ങള്‍ എടുക്കരുതെന്ന് താരങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്ന് മുന്‍ ഇന്ത്യന്‍ താരങ്ങള്‍ ആവശ്യപ്പെട്ടു.
ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെതിരെ നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് തങ്ങള്‍ക്ക് ലഭിച്ച മെഡലുകള്‍ ഗംഗയില്‍ ഒഴുക്കുമെന്ന് ഗുസ്തി താരങ്ങള്‍ അറിയിച്ചിരുന്നു. ഈ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് ക്രിക്കറ്റ് താരങ്ങള്‍ ഗുസ്തി താരങ്ങളോട് കടുത്ത തീരുമാനങ്ങളിലേക്ക് കടക്കരുതെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ അഭ്യര്‍ത്ഥിച്ചത്. ഹരിദ്വാറിലെത്തി മെഡലുകള്‍ ഗംഗയില്‍ ഒഴുക്കാന്‍ പോയ ഗുസ്തി താരങ്ങളെ കര്‍ഷക നേതാക്കള്‍ ചേര്‍ന്നാണ് പിന്തിരിപ്പിച്ചത്.

'നമ്മുടെ നാടിന്റെ അഭിമാനമായ ഗുസ്തി താരങ്ങള്‍ക്കെതിരായ കയ്യേറ്റത്തിന്റെ ദൃശ്യങ്ങള്‍ കണ്ടപ്പോഴും പ്രതിഷേധത്തിന്റെ ഭാഗമായി അവര്‍ നദിയില്‍ മെഡലുകള്‍ ഒഴുക്കുമെന്ന് പ്രഖ്യാപിച്ചപ്പോഴും ഞങ്ങള്‍ അസ്വസ്ഥരായി. വര്‍ഷങ്ങളുടെ കഠിനാധ്വാനത്തിന്റെയും അത്മസര്‍പ്പണത്തിന്റെയും ഫലമാണ് അവര്‍ സ്വന്തമാക്കിയ മെഡലുകള്‍'
'നമ്മുടെ രാജ്യത്തിന്റെ അഭിമാനമാണ്. ഇനി കടുത്ത തീരുമാനങ്ങളിലേക്ക് കടക്കരുതെന്ന് അവരോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്'- ക്രിക്കറ്റ് താരങ്ങള്‍ അറിയിച്ചു. കപില്‍ ദേവിന്റെ നേതൃത്വത്തിലുള്ള ടീമാണ് 1983ല്‍ ലോകകപ്പ് സ്വന്തമാക്കിയത്. അന്ന് കരുത്തരായ വെസ്റ്റ് ഇന്‍ഡീസിനെ തകര്‍ത്താണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്.
ഇതിനിടെ, ബ്രിജ് ഭൂഷണ്‍ സിംഗിനെതിരെ ദില്ലി പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. ഗുരുതരമായ ആരോപണങ്ങള്‍ ചേര്‍ത്താണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഉള്‍പ്പടേയുള്ള വനിതാ ഗുസ്തി താരങ്ങള്‍ നല്‍കിയ പത്ത് പരാതികളില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് ബ്രിജ് ഭൂഷണെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഗുസ്തി താരങ്ങളെ ലൈംഗിക ഉദ്ധേശത്തോടെ സ്പര്‍ശിച്ചെന്നും പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളുടെ നെഞ്ചില്‍ കൈ വെച്ചെന്നും എഫ് ഐ ആറില്‍ പരാമര്‍ശമുണ്ട്. വനിതാ അത്ലറ്റുകളോട് അസഭ്യം പറയുകയും വ്യക്തിപരമായ കാര്യങ്ങള്‍ ചോദിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
എന്നാല്‍ തനിക്കെതിരായ എല്ലാ ആരോപണങ്ങളും ബ്രിജ് ഭൂഷണ്‍ സിംഗ് നിഷേധിക്കുകയാണ് ചെയ്തത്. തനിക്കെതിരെയുള്ള ഒരു ആരോപണം തെളിയിക്കപ്പെട്ടാല്‍ ആത്മഹത്യ ചെയ്യുമെന്നാണ് ബ്രിജ് ഭൂഷണ്‍ സിംഗ് പറഞ്ഞത്. പരാതിക്കാരുടെ കയ്യില്‍ എന്തെങ്കിലും തെളിവുണ്ടെങ്കില്‍, അത് കോടതിയില്‍ ഹാജരാക്കുക, ഏത് ശിക്ഷയും ഏറ്റുവാങ്ങാന്‍ ഞാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഹരിയാനയിലെ കര്‍ഷകരും ഖാപ്പ് പഞ്ചായത്തും ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ഗുസ്തി താരങ്ങള്‍ തങ്ങള്‍ക്ക് ലഭിച്ച മെഡലുകളും അംഗീകാരങ്ങളും ഗംഗയില്‍ ഒഴുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ കര്‍ഷക നേതാവ് രാകേഷ് ടിക്കായത്ത് ഇടപെട്ടാണ് ഈ തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിച്ചത്.












Click it and Unblock the Notifications