യുട്യൂബ് വീഡിയോ വഴി ഒരു കോടി രൂപ വരുമാനം; തസ്ലിമിന്റെ കണ്ടന്റ് ഇതാണ്... ഒടുവില്‍ സംഭവിച്ചത്
വരുമാനമുണ്ടാക്കാന്‍ നല്ലൊരു വഴിയാണ് യുട്യൂബ് വീഡിയോകള്‍. വ്യത്യസ്തമായ കണ്ടന്റ് തയ്യാറാക്കിയാല്‍ വ്യൂവേഴ്‌സ് വര്‍ധിക്കും. അപകീര്‍ത്തികരമല്ലാത്തതും ജനോപകാരപ്രദവുമായ വീഡിയോകള്‍ വഴി ലക്ഷങ്ങളും കോടികളും വരുമാനം നേടുന്നവരുണ്ട്. പാചകം, യാത്ര, സമകാലിക വിഷയങ്ങളിലെ അഭിപ്രായങ്ങള്‍ തുടങ്ങി പല വിഷയങ്ങളിലും വീഡിയോ തയ്യാറാക്കുന്ന യുട്യൂബ് ചാനലുകള്‍ സുപരിചിതവുമാണ്.
എന്നാല്‍ ഇവിടെ പറയുന്നത് യുട്യൂബ് വീഡിയോകള്‍ വഴി കോടിയിലധികം രൂപ നേടിയ വ്യക്തിയെ കുറിച്ചാണ്. ഉത്തര്‍ പ്രദേശുകാരനായ തസ്ലിം ആണ് യുട്യൂബില്‍ നിന്ന് ഒരു കോടിയിലധികം രൂപ സമ്പാദിച്ചത്. ഇത്തരത്തില്‍ സമ്പാദിക്കുന്ന പണത്തിന് കൃത്യമായ നികുതി ഒടുക്കേണ്ടതുണ്ട് എന്നത് വേറെ കാര്യം. നിയമപരമായ ചട്ടക്കൂടുകള്‍ക്കുള്ളില്‍ നിന്ന് പ്രവര്‍ത്തിച്ചാല്‍ ദുഃഖിക്കേണ്ടി വരില്ല.

എന്നാല്‍ തസ്ലിമിന്റെ കാര്യത്തില്‍ സംഭവിച്ചിരിക്കുന്നത് മറ്റുചിലതാണ്. ഇയാളുടെ വരുമാനത്തില്‍ ആദായ നികുതി വകുപ്പിന് സംശയം തോന്നുകയും പരിശോധന നടത്തുകയും ചെയ്തു. ഉത്തര്‍ പ്രദേശിലെ ബറേലി സ്വദേശിയാണ് തസ്ലിം. പരിശോധനയ്ക്കിടെ വീട്ടില്‍ നിന്ന് 24 ലക്ഷം രൂപ കണ്ടെടുത്തു എന്നാണ് ചില ദേശീയ മാധ്യമങ്ങളിലെ വാര്‍ത്ത.
വര്‍ഷങ്ങളായി ട്രേഡിങ് ഹബ്ബ് 3.0 എന്ന യുട്യൂബ് ചാനല്‍ നടത്തുകയാണ് തസ്ലിം. ഓഹരി വിപണി സംബന്ധിച്ച വിവരങ്ങളാണ് ഇദ്ദേഹത്തിന്റെ മിക്ക വീഡിയോകളിലേയും ഉള്ളടക്കം. ലക്ഷണക്കിന് പേരാണ് വീഡിയോ കാണുന്നത്. ഇദ്ദേഹത്തിന്റെ വരുമാനം സംബന്ധിച്ച് ആദായ നികുതി വകുപ്പ് പരിശോധിച്ചിരുന്നു. ചില സംശയങ്ങള്‍ തോന്നിയതിനെ തുടര്‍ന്നാണ് വീട്ടില്‍ പരിശോധന നടത്തിയത്.
നിയമവിരുദ്ധമായി തസ്ലിം ഒരു രൂപ പോലും സമ്പാദിച്ചിട്ടില്ലെന്ന് അദ്ദേഹത്തിന്റെ കുടുംബം പറയുന്നു. കൃത്യമായി നികുതി അടയ്ക്കുന്നുമുണ്ട്. ഒരു കോടിയിലധികം രൂപ ഇദ്ദേഹത്തിന് വരുമാനം ലഭിച്ചിട്ടുണ്ടെന്ന് സഹോദരന്‍ ഫിറോസ് എന്‍ഡിടിവിയോട് പറഞ്ഞു. ഇതിന് നാല് ലക്ഷം രൂപ ആദായ നികുതി അടച്ചിട്ടുണ്ടെന്നും എല്ലാം രേഖയാണെന്നും ഫിറോസ് പറയുന്നു.
തസ്ലിമിനെ കുടുക്കാന്‍ ചില ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നാണ് അദ്ദേഹത്തിന്റെ കുടുംബം പറയുന്നത്. എന്നാല്‍ ആരെയെങ്കിലും സംശയമുണ്ടോ എന്ന കാര്യം അവര്‍ വിശദീകരിച്ചില്ല. ''യുട്യൂബില്‍ നിന്ന് 1.2 കോടി രൂപ വരുമാനം ലഭിച്ചു എന്നത് ശരിയാണ്. നാല് ലക്ഷം രൂപ നികുതി അടയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇതുവരെ നീങ്ങിയത് നിയമപരമായ വഴിയിലാണ്. അതില്‍ മാറ്റമുണ്ടാകില്ലെന്നും'' ഫിറോസ് പറഞ്ഞു. മകന്‍ തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്ന് തസ്ലിമിന്റെ മാതാവ് പ്രതികരിച്ചു.












Click it and Unblock the Notifications