ഗുജറാത്ത് കലാപം: കുറ്റാരോപിതരെ അന്വേഷണ സംഘം സഹായിച്ചു, സുപ്രീം കോടതിയില്‍ വാദം
ദില്ലി: 2002 ലെ ഗുജറാത്ത് കലാപത്തിലെ ഗൂഢാലോചനയെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘം ( എസ് ഐ ടി) ഒരു അന്വേഷണവും നടത്തിയിരുന്നില്ലെന്ന് സുപ്രീം കോടതിയില്‍ വാദം. കൂടാതെ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍, പോലീസ്, ബ്യൂറോക്രസി എന്നിവരെ സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടന്നെന്നും ഗുല്‍ബെര്‍ഗ് സൊസൈറ്റി കൂട്ടക്കൊലക്കേസിലെ ഹര്‍ജിക്കാരി സാകിയ ജാഫ്രി കോടതിയെ അറിയിച്ചു. 2002 ഫെബ്രുവരി 28 ന് അഹമ്മദാബാദിലെ ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ അക്രമത്തിനിടെ കൊല്ലപ്പെട്ട കോണ്‍ഗ്രസ് നേതാവ് എഹ്സാന്‍ ജാഫ്രിയുടെ ഭാര്യയാണ് സാകിയ ജാഫ്രി.
കലാപകാലത്ത് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി ഉള്‍പ്പെടെ 64 പേര്‍ക്ക് എസ്ഐടി അന്വേഷണം നടത്താതെ ക്ലീന്‍ ചിറ്റ് നല്‍കിയെന്നാണ് സാകിയ ജാഫ്രിയുടെ വാദം. മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് സാകിയയ്ക്ക് വേണ്ടി കോടതിയില്‍ ഹാജരായത്. എസ്ഐടി അവരുടെ ജോലി ചെയ്തില്ലെന്നും അക്രമസമയത്ത് സംസ്ഥാനത്തെ ബന്ധപ്പെട്ട അധികാരികളുടെ നിഷ്‌ക്രിയത്വമാണ് കലാപത്തിലേക്ക് നയിച്ചതെന്നും കപില്‍ സിബല്‍ ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചിനോട് പറഞ്ഞു.

ഗുജറാത്ത് കലാപത്തില്‍ ഒരു അന്വേഷണവും ഉണ്ടായിട്ടില്ല. ആരെയും പ്രതിക്കൂട്ടിലാക്കാതിരിക്കാനും സംരക്ഷിക്കാനുമുള്ള ശ്രമം മാത്രമാണ് നടന്നത്. വിഎച്ച്പിക്കാരെയും ബജ്റംഗ്ദളിനെയും സംരക്ഷിക്കുക, പോലീസുകാരെ സംരക്ഷിക്കുക, ബ്യൂറോക്രസിയെ സംരക്ഷിക്കുക എന്നത് മാത്രമാണ് പ്രത്യേക അന്വേഷണ സംഘം അന്ന് ചെയ്തതെന്ന് കപില്‍ സിബല്‍ പറഞ്ഞു. 2006ല്‍ സാകിയ നല്‍കിയ പരാതി എസ് ഐ ടി അന്വേഷിച്ചില്ലെന്നും കപില്‍ സിബല്‍ കോടതിയെ അറിയിച്ചു.
ആരാണ് കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത്, ഏത് രീതിയിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്, എന്നിങ്ങനെയുള്ള ഒരു വസ്തുതയും അന്വേഷിച്ചിട്ടില്ല. അന്വേഷണത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം പ്രക്രിയയുടെ പരിശുദ്ധിയാണെന്നും ആ പരിശുദ്ധി ഇല്ലാതാകുകയും അത് മലിനമാകുകയും ചെയ്താല്‍ പിന്നെ ഒന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു. 2002ല്‍ ഗുജറാത്തില്‍ നടന്ന അക്രമത്തില്‍ ബന്ധപ്പെട്ട അധികാരികളുടെ നിഷ്‌ക്രിയത്വവും കപില്‍ സിബല്‍ പരാമര്‍ശിച്ചു.
അതേസമയം, സാകിയയുടെ ഭര്‍ത്താവും കോണ്‍ഗ്രസ് മുന്‍ എംപിയുമായ എഹ്‌സാന്‍ ജാഫ്രി ഉള്‍പ്പടെയുള്ള 68 പേരാണ് അഹമ്മദാബാദിലെ ഗുല്‍ബെര്‍ഗ് സൊസൈറ്റിയില്‍ കൂട്ടക്കൊല ചെയ്യപ്പെട്ടത്. കേസില്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദി
ഉള്‍പ്പടെ 63 പേരെ 2012ലാണ് കുറ്റവിമുക്തരാക്കിയത്. ഇതിന് എതിരെയാണ് സാകിയ സുപ്രീം കോടതിയില്‍ എത്തിയത്.












Click it and Unblock the Notifications