160 ലേറെ മരണം, 6000 അറസ്റ്റ്, അശാന്തി തുടര്‍ന്ന് കസാഖിസ്ഥാന്‍; മുന്നറിയിപ്പുമായി അമേരിക്ക
നൂര്‍-സുല്‍ത്താന്‍: ആഭ്യന്തര കലാപം രൂക്ഷമായ കസാഖിസ്ഥാനില്‍ ഇതിനോടകം 160 ലധികം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. 6000 ത്തോളം കലാപത്തില്‍ അറസ്റ്റിലായിട്ടുണ്ട്. അറസ്റ്റിലായവരില്‍ വിദേശികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
രാജ്യത്തെ ഏറ്റവും വലിയ നഗരമായ അല്‍മാട്ടിയില്‍ മാത്രം 103 പേരാണ് കൊല്ലപ്പെട്ടത്. 164 പേരാണ് ഞായറാഴ്ച വരെയുള്ള കണക്ക് പ്രകാരം കൊല്ലപ്പെട്ടത് എന്നാണ് സര്‍ക്കാര്‍ അധീനതയിലുള്ള ഇന്‍ഫര്‍മേഷന്‍ പോര്‍ട്ടല്‍ അറിയിക്കുന്നത്. പ്രതിഷേധക്കാരും സൈന്യവും തമ്മില്‍ രൂക്ഷമായ ആക്രമണമാണ് കഴിഞ്ഞ ദിവസങ്ങളില്‍ അല്‍മാട്ടിയിലുണ്ടായത്.
ഞായറാഴ്ച പുറത്തുവന്ന മരണ നിരക്ക് എത്രത്തോളം വിശ്വാസയോഗ്യമാണെന്ന് അറിയില്ലെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏറ്റുമുട്ടല്‍ രൂക്ഷമായതോടെ മരണ നിരക്കില്‍ വലിയ വര്‍ധനവ് ഉണ്ടായേക്കാമെന്നാണ് റിപ്പോര്‍ട്ട്.

26 'സായുധ കുറ്റവാളികള്‍' കൊല്ലപ്പെട്ടതായും 16 സുരക്ഷാ ഉദ്യോഗസ്ഥര്‍ മരിച്ചതായും ഉദ്യോഗസ്ഥര്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ഇത് സര്‍ക്കാരിന്റെ ടെലഗ്രാം ചാനലില്‍ നിന്ന് നീക്കം ചെയ്തു. വിവരങ്ങള്‍ തെറ്റായി പ്രസിദ്ധീകരിച്ചതാണെന്നാണ് ഇതിനോട് ആരോഗ്യമന്ത്രാലയം കസാഖിസ്ഥാന്‍, റഷ്യന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.
വലിയ ഒരു പങ്ക് വിദേശ പൗരന്‍മാരുള്‍പ്പടെ 5800 ഓളം പേരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് പ്രതിസന്ധി അവലോകനം ചെയ്യാന്‍ ഞായറാഴ്ച ചേര്‍ന്ന യോഗത്തിന് ശേഷം പ്രസിഡന്റ് കാസിം-ജോമാര്‍ട്ട് ടോകയേവ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്നും സുരക്ഷാ സേന പ്രതിഷേധങ്ങളെ തുടച്ചുനീക്കുന്നത് തുടരുകയാണെന്നും പ്രസ്താവനയില്‍ പറയുന്നു.
ഇന്ധന വില വര്‍ധനവിനെ തുടര്‍ന്ന് ജനങ്ങള്‍ നടത്തിയ പ്രതിഷേധമാണ് കസാഖിസ്ഥാന്‍ സര്‍ക്കാരിന്റെ രാജിയിലേക്കും പിന്നാലെ ആഭ്യന്തര കലാപത്തിലേക്കും കാര്യങ്ങള്‍ കൊണ്ടെത്തിച്ചത്. പ്രതിഷേധങ്ങളെ നേരിടാന്‍ റഷ്യന്‍ നേതൃത്വത്തിലുള്ള സി എസ് ടി ഒ സൈന്യം കസാഖിലെത്തിയിട്ടുണ്ട്. പ്രതിഷേധക്കാര്‍ക്ക് നേരെ മുന്നറിയിപ്പില്ലാതെ വെടിവെക്കാനും കസാഖിസ്ഥാന്‍ ഭരണകൂടം ഉത്തരവിട്ടിരുന്നു.
അതേസമയം പ്രതിഷേധക്കാര്‍ക്കെതിരെ മുന്നറിയിപ്പില്ലാതെ വെടിവെക്കാന്‍ ഉത്തരവിട്ടതിനെതിരെ അമേരിക്ക രംഗത്തെത്തി. യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. റഷ്യന്‍ സഹായം തേടിയത് ഭാവിയില്‍ കസാഖിസ്ഥാനെ ബുദ്ധിമുട്ടിലാക്കുമെന്നും അവരെ തിരിച്ചയയ്ക്കാന്‍ കസാഖിസ്ഥാന് പ്രശ്നമുണ്ടാകുമെന്നും ബ്ലിങ്കണ്‍ പറഞ്ഞു. സമീപകാല ചരിത്രം അതാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സി എസ് ടി ഒ വിന്യാസം താല്‍ക്കാലികമാണെന്നാണ് പ്രസിഡന്റ് ടോകയേവ് പറയുന്നത്.
റഷ്യന്‍ സൈന്യം എത്തിയ ശേഷവും പ്രതിഷേധം രൂക്ഷമാകുന്ന കാഴ്ചയാണ് കണ്ടത്. സാമ്പത്തിക കേന്ദ്രമായ അല്‍മാട്ടി ഉള്‍പ്പെടെയുള്ള വലിയ നഗരങ്ങളിലേക്ക് പ്രതിഷേധം അതിവേഗമാണ് വ്യാപിച്ചത്. ഏകദേശം 175 ദശലക്ഷം യൂറോ (199 ദശലക്ഷം ഡോളര്‍) സ്വത്തുക്കള്‍ക്ക് നാശനഷ്ടം വരുത്തിയെന്നാണ് ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
100ലധികം വ്യാപാര സ്ഥാപനങ്ങളും ബാങ്കുകളും ആക്രമിക്കുകയും കൊള്ളയടിക്കുകയും 400-ലധികം വാഹനങ്ങള്‍ നശിപ്പിക്കുകയും ചെയ്തതായി മന്ത്രാലയം അറിയിച്ചു. അതേസമയം ഭക്ഷ്യക്ഷാമം ഭയന്ന് സൂപ്പര്‍മാര്‍ക്കറ്റുകള്‍ വീണ്ടും തുറന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മുന്‍ സുരക്ഷാ മേധാവിയെ രാജ്യദ്രോഹക്കുറ്റം ആരോപിച്ച് ശനിയാഴ്ച അറസ്റ്റ് ചെയ്തതായി കസാഖിസ്ഥാന്‍ അറിയിച്ചു. ഇതിനിടെ മുന്‍ പ്രധാനമന്ത്രിയും കസാഖിസ്ഥാന്റെ മുന്‍ നേതാവ് നൂര്‍ സുല്‍ത്താന്‍ നസര്‍ബയേവിന്റെ ദീര്‍ഘകാല സഖ്യകക്ഷിയുമായ കരീം മാസിമോവിനെ തടങ്കലില്‍ വെച്ചന്ന വാര്‍ത്തയും പുറത്തുവന്നിട്ടുണ്ട്.
രാജ്യദ്രോഹക്കുറ്റം ആരോപിച്ച് വ്യാഴാഴ്ച മാസിമോവിനെ കസ്റ്റഡിയിലെടുത്തതായി ആഭ്യന്തര രഹസ്യാന്വേഷണ ഏജന്‍സിയായ നാഷണല്‍ സെക്യൂരിറ്റി കമ്മിറ്റി (കെ എന്‍ ബി) അറിയിച്ചു. സ്ഥിതിഗതികള്‍ സുസ്ഥിരമാകുന്നതുവരെ അല്‍മാട്ടി വിമാനത്താവളം അടച്ചിടുമെന്നും അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications