'ഒരു കയ്യബദ്ധം': പിരിച്ച് വിട്ട തൊഴിലാളികളില്‍ ചിലരോട് കമ്പനിയിലേക്ക് മടങ്ങാന്‍ ട്വിറ്റർ
ന്യൂയോർക്ക്: എലോണ്‍ മസ്ക് ട്വിറ്റർ മേധാവിയായി ചുമതലയേറ്റത്തിന് പിന്നാലെ കഴിഞ്ഞ ആഴ്ച വെള്ളിയാഴ്ച ഏകദേശം 50 ശതമാനം ജീവനക്കാരെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്റർ പിരിച്ച് വിട്ടിരുന്നു. എന്നാലിപ്പോഴിതാ ഈ തീരുമാനമെടുത്ത് ഒരാഴ്ച കഴിയുന്നതിനിടയില്‍ തന്നെ പിരിച്ചുവിട്ട ജീവനക്കാരില്‍ നിരവധി പേരാട് കമ്പനി തിരികെ വരാന്‍ ആവശ്യപ്പെട്ടിരിക്കുന്നുവെന്നാണ് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നത്. ഒരു പിഴവ് പറ്റിയെന്നും ഉടന്‍ ജീവനക്കാരോട് തിരികെ ജോലിയില്‍ പ്രവേശിക്കാനുമാണ് കമ്പനി ആവശ്യപ്പെട്ടിരിക്കുന്നത്.
സ്ഥാപാനത്തിന്റെ പുതിയ സവിശേഷതകൾ നിർമ്മിക്കുന്നതിന് അവരുടെ പ്രവർത്തനവും അനുഭവവും ആവശ്യമാണെന്ന് മാനേജ്‌മെന്റ് മനസ്സിലാക്കുന്നതിന് മുമ്പ് തന്നെ വെട്ടിക്കുറയ്ക്കലിന്റെ ഭാഗമായി ചില ജീവനക്കാരെ പിരിച്ച് വിടുകയായിരുന്നുവെന്നാണ് ബ്ലൂംബെർഗ് റിപ്പോർട്ട് പറയുന്നത്. കഴിഞ്ഞ ആഴ്ച, ട്വിറ്റർ അവരുടെ 50 ശതമാനം തൊഴിലാളികളെ പിരിച്ചുവിട്ടിരുന്നു, അതായത് ആഗോളതലത്തിൽ ഏകദേശം 3,700 ജീവനക്കാരെയാണ് ചെലവ് ചുരുക്കലിന്റെ ഭാഗമായി പുറത്താക്കിയത്.

സോഷ്യൽ മീഡിയ കമ്പനി അതിന്റെ ചില ഓഫീസുകൾ താൽക്കാലികമായി അടച്ചുപൂട്ടുകയും പുതിയ നിയമനങ്ങള്‍ പൂർണ്ണമായും റദ്ദാക്കുകയും ചെയ്തിരുന്നു. പിരിച്ച് വിടുന്ന എല്ലാവർക്കും മൂന്ന് മാസത്തെ ആനുകൂല്യങ്ങള്‍ നല്‍കുമെന്നായിരുന്നു എലോണ്‍ മസ്ക് കഴിഞ്ഞയാഴ്ച തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് വ്യക്തമാക്കിയത്. ഇത് നിയമപരമായി ആവശ്യപ്പെടുന്നതിനേകാകളും 50 ശതമാനം അധികമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വെള്ളിയാഴ്ച സോഷ്യൽ മീഡിയ കമ്പനി ജീവനക്കാർക്ക് അയച്ച ഇമെയിലിലും ആഗോള തലത്തില്‍ തൊഴിലാളികളെ വെട്ടിക്കുറയ്ക്കുമെന്ന് അറിയിച്ചിരുന്നു. ട്വിറ്ററിന്റെ കൂട്ടപ്പിരിട്ട് വിടല്‍ നടപടി അവരുടെ ഇന്ത്യൻ യൂണിറ്റിന്റെ എഞ്ചിനീയറിംഗിനെയും മുഴുവൻ മാർക്കറ്റിംഗ്, കമ്മ്യൂണിക്കേഷൻ ടീമുകളെയും ബാധിച്ചു. അതേസമയം, മുൻകൂർ അറിയിപ്പ് കൂടാതെ ജോലി ഒഴിവാക്കിയതിന് ചില ട്വിറ്റർ ജീവനക്കാർ കഴിഞ്ഞ ആഴ്ച സാൻ ഫ്രാൻസിസ്കോ ഫെഡറൽ കോടതിയിൽ ക്ലാസ് ആക്ഷൻ കേസ് ഫയൽ ചെയ്തിട്ടുണ്ട്.
ഒക്‌ടോബർ 27-നാണ് 44 ബില്യൺ ഡോളറിന്റെ ടിറ്റ്വർ ഏറ്റെടുക്കൽ മസ്ക് പൂർത്തിയാക്കിയത്. കൂടാതെ അക്കൗണ്ട് വെരിഫിക്കേഷൻ ബാഡ്‌ജിനായി പ്രതിമാസം 8 ഡോളർ സബ്‌സ്‌ക്രിപ്‌ഷൻ അവതരിപ്പിക്കുന്നത് ഉൾപ്പെടെയുള്ള പരിഷ്കാരങ്ങളും അദ്ദേഹം ആരംഭിച്ചിട്ടുണ്ട്. ട്വിറ്ററിനെ "വളരെ വേഗത്തിൽ" വളർത്താനുള്ള മുൻ തീരുമാനങ്ങളാണ് മസ്‌കിന്റെ കീഴിലുള്ള കൂട്ട പിരിച്ചുവിടലുകൾക്ക് കാരണം എന്നാണ് ഞായറാഴ്ച, ട്വിറ്ററിന്റെ സഹസ്ഥാപകനും മുൻ സിഇഒയുമായ ജാക്ക് ഡോർസി ഒരു ട്വീറ്റിലൂടെ അഭിപ്രായപ്പെട്ടത്.












Click it and Unblock the Notifications