പാകിസ്ഥാന്‍ സൈനിക ക്യാംപിന് സമീപം ചാവേറാക്രമണം; 10 തീവ്രവാദികളെ കൊലപ്പെടുത്തിയതായി സൈന്യം
ഇസ്ലാമാബാദ്: അഫ്ഗാന്‍-പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനയായ തെഹ്രിക്-ഇ-താലിബാന്‍ പാകിസ്ഥാന്‍ (ടി ടി പി), പാകിസ്ഥാനില്‍ ചാവേര്‍ ആക്രമണത്തിന് ശ്രമം നടത്തിയതായി റിപ്പോര്‍ട്ട്. പാകിസ്ഥാനിലെ ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യയിലെ ടാങ്ക് ജില്ലയിലെ ജന്‍ഡോള സൈനിക ക്യാമ്പില്‍ ആണ് ആക്രമണം നടന്നത് എന്നാണ് വിവരം. ദക്ഷിണ വസീറിസ്ഥാന്‍ ജില്ലയിലെ ഫ്രോണ്ടിയര്‍ കോര്‍പ്‌സ് (എഫ്സി) ക്യാമ്പിന് സമീപമായിരുന്നു ചാവേര്‍ ആക്രമണം.
തെക്കന്‍ ഗേറ്റില്‍ ചാവേര്‍ ബോംബര്‍ സ്‌ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിച്ചതായും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. സ്‌ഫോടനത്തിന് ശേഷം അക്രമികള്‍ വെടിയുതിര്‍ത്തു. സംഭവം ചാവേര്‍ ബോംബാക്രമണമാണെന്ന് വൃത്തങ്ങള്‍ സ്ഥിരീകരിച്ചതായി എക്‌സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിന് ശേഷം പാകിസ്ഥാന്‍ സൈന്യം 10 തീവ്രവാദികളെ വധിച്ചതായി വാര്‍ത്താ ഏജന്‍സിയായ ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

വെടിവയ്പ്പില്‍ 10 ഭീകരര്‍ കൊല്ലപ്പെട്ടതായി പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രി മൊഹ്സിന്‍ നഖ്വി സ്ഥിരീകരിച്ചിട്ടുണ്ട് എന്ന് ദി ഡോണും റിപ്പോര്‍ട്ട് ചെയ്തു. ജന്‍ഡോളയില്‍ വലിയ സ്ഫോടനം കേട്ടതായും തുടര്‍ന്ന് കനത്ത വെടിവയ്പ്പുണ്ടായതായും പൊലീസ് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞു. ജന്‍ഡോള ചെക്ക്പോസ്റ്റില്‍ തീവ്രവാദികള്‍ ആക്രമണം നടത്താന്‍ ശ്രമിച്ചെങ്കിലും പാകിസ്ഥാന്‍ സുരക്ഷാ സേന അവരെ തടഞ്ഞു.
എന്നാല്‍ എഫ്സി ക്യാമ്പിന് സമീപം ഒരു ചാവേര്‍ ബോംബര്‍ വാഹനം പൊട്ടിത്തെറിച്ചതായി സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് ജിയോ ന്യൂസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഫെഡറല്‍ ഭരണത്തിലുള്ള ഗോത്ര പ്രദേശങ്ങളിലും അയല്‍രാജ്യമായ ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലും ഇസ്ലാമാബാദിന്റെ സ്വാധീനം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ തീവ്രവാദ സംഘടനയാണ് തെഹ്രിക് - ഇ - താലിബാന്‍ പാകിസ്ഥാന്‍
ദിവസങ്ങള്‍ക്ക് മുന്‍പ് ബൊലാന്‍ താഴ്വരയില്‍ വെച്ച് ക്വറ്റയില്‍ നിന്ന് പെഷവാറിലേക്ക് പോവുകയായിരുന്ന ജാഫര്‍ എക്‌സ്പ്രസ് എന്ന ട്രെയിന്‍, ബലൂച് ലിബറേഷന്‍ ആര്‍മി തട്ടിക്കൊണ്ടുപോയിന് പിന്നാലെയാണ് ആക്രമണം. 200 സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 450-ലധികം യാത്രക്കാരുമായി പോയ ട്രെയിന്‍ വീണ്ടെടുക്കാനായി ബിഎല്‍എയും പാകിസ്ഥാന്‍ സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു.
ഏറ്റുമുട്ടലില്‍ എല്ലാ അക്രമികളെയും ഇല്ലാതാക്കിയതായി പാകിസ്ഥാന്‍ സൈന്യം അവകാശപ്പെട്ടു. 21 യാത്രക്കാരെ അക്രമികള്‍ കൊന്ന് കളഞ്ഞു എന്നാണ് വിവരം. അതേസമയം ബാക്കിയുള്ള യാത്രക്കാരെ സൈന്യം സുരക്ഷിതമായി രക്ഷപ്പെടുത്തി.












Click it and Unblock the Notifications