ജര്‍മ്മനിയില്‍ വീണ്ടും കോവിഡ് തരംഗം: വ്യാഴാഴ്ച സ്ഥിരീകരിച്ചത് 50,196 പുതിയ കേസുകള്‍
മ്യൂണിക്ക്: യുറോപ്യന്‍ രാജ്യമായ ജര്‍മ്മനിയില്‍ കോവിഡ് വീണ്ടും ശക്തിപ്പെടുന്നു. വ്യാഴാഴ്ച 50,196 പുതിയ കൊറോണ വൈറസ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. തുടർച്ചയായ നാലാം ദിവസമാണ് കോവിഡ് രോഗികളുടെ എണ്ണത്തില്‍ പുതിയ പ്രതിദിന ഉയർന്ന നിരക്ക് രേഖപ്പെടുത്തുന്നത്. മരണപ്പെടുന്ന രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ട്. കോവിഡിന്റെ പുതിയ തരംഗമായിട്ടാണ് രാജ്യത്തെ ആരോഗ്യ വിദഗ്ധര്‍ ഇതിനെ കാണുന്നത്. റോബർട്ട് കോച്ച് ഇൻസ്റ്റിറ്റ്യൂട്ട് പബ്ലിക് ഹെൽത്ത് അതോറിറ്റിയുടെ കണക്കനുസരിച്ച് രാജ്യത്ത് സ്ഥിരീകരിച്ച കൊറോണ വൈറസ് കേസുകളുടെ ആകെ എണ്ണം ഇപ്പോൾ 4.89 മില്യനാണ്.
കോവിഡ് മഹാമാരിയുടെ തുടക്കത്തിനുശേഷം ജർമ്മനിയില്‍ 50,000 കേസുകൾ കവിയുന്നത് ഇതാദ്യമായാണ്, ഒക്ടോബർ പകുതി മുതലാണ് അണുബാധകളും മരണങ്ങളും കുതിച്ചുയരാന്‍ തുടങ്ങിയത്. സ്ഥാനമൊഴിയുന്ന ചാൻസലർ ഏഞ്ചല മെർക്കൽ അണുബാധകളുടെ വർദ്ധനവിനെ "നാടകീയം" എന്നായിരുന്നു വിശേഷിപ്പിച്ചത്. "അണുബാധ വലിയ രീതിയിൽ മടങ്ങിവരുന്നു," വ്യാപനം ശമിപ്പിക്കുന്നതിന് കൂടുതൽ നടപടികൾ കൈക്കൊള്ളാൻ പ്രാദേശിക അധികാരികളോട് മെര്‍ക്കലിന്റെ വക്താവ് നിര്‍ദേശിച്ചു.

പുതുതായി 235 പേര്‍ കൂടി മരിച്ചതോടെ ആകെ മരണ സംഖ്യ 97,198 ആയി ഉയര്‍ന്നു. കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളില്‍ രാജ്യത്ത് 100,000 പേരില്‍ രോഗം ബാധിക്കുന്നവരുടെ 232 ൽ നിന്ന് 249 ആയി ഉയർന്നതായും സ്ഥാപനം പറയുന്നു. നാലാമാത്തെ തരംഗം ഉണ്ടായതോടെ തന്നെ രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കണമെന്ന ആവശ്യം ആരോഗ്യ വിദഗ്ധര്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ രാജ്യത്തെ പ്രബലരായ മൂന്ന് പാര്‍ട്ടികളും ഇതിനെ എതിര്‍ത്തു. അടുത്തിടെ നടന്ന തിരഞ്ഞടുപ്പില്‍ മെര്‍ക്കലിന്റെ പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ രാജ്യത്ത് സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ നടക്കുകയാണ്. ഒരു പാര്‍ട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ഇല്ലാത്തതിനാല്‍ സഖ്യ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് പുതിയ സാഹചര്യം നേരിടാന്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കേണ്ട ആവശ്യമില്ലെന്ന നിലപാടിലേക്ക് മൂന്ന് പാര്‍ട്ടികളും എത്തിയത്.
ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് പകരം, മാസ്ക് ധരിക്കല്‍, പൊതു ഇടങ്ങളിൽ സാമൂഹിക അകലം എന്നിവ പോലുള്ള നടപടികൾ അടുത്ത മാർച്ച് വരെ നടപ്പിലാക്കുന്നത് തുടരാൻ അനുവദിക്കുന്നതിന് നിലവിലുള്ള നിയമനിർമ്മാണം ഭേദഗതി ചെയ്യുന്ന ഒരു കരട് നിയമം അവര്‍ തിങ്കളാഴ്ച അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കരട് നിയമം വ്യാഴാഴ്ച പാർലമെന്റിന്റെ ബുണ്ടസ്‌റ്റാഗ് അധോസഭയിൽ അവതരിപ്പിക്കുകയും ഒരാഴ്‌ചയ്‌ക്ക് ശേഷം പ്രത്യേക സമ്മേളനത്തിൽ വോട്ടെടുപ്പ് നടത്തുകയും ചെയ്യും.












Click it and Unblock the Notifications