സിറിയയില്‍ അസദ് രാസായുധം പ്രയോഗിച്ചു; കൊല്ലപ്പെട്ടത് ആയിരത്തോളം പേര്‍, ഞെട്ടിക്കുന്ന വിവരം പുറത്ത്‌

  • Written By:
Subscribe to Oneindia Malayalam

ദമസ്‌കസ്: ആഭ്യന്തര യുദ്ധം രൂക്ഷമായ വേളയില്‍ സിറിയന്‍ പ്രസിഡന്റ് ബാശര്‍ അല്‍ അസദ് വിമതര്‍ക്കെതിരെ രാസായുധം പ്രയോഗിച്ചെന്ന് അന്വേഷണ റിപോര്‍ട്ട്. നേരത്തെ ഇക്കാര്യം റിപോര്‍ട്ട് ചെയ്തിരുന്നെങ്കിലും സൈനിക യൂനിറ്റിന്റെ പേര് മാത്രമാണ് പുറത്തുവന്നിരുന്നത്. എന്നാല്‍ റോയിട്ടേഴ്‌സിന് ലഭിച്ച അന്വേഷണ രേഖകളില്‍ പറയുന്നത് പ്രസിഡന്റ് ബാശര്‍ അല്‍ അസദിന്റെയും സഹോദരന്റെയും പേരാണ്.

ഐക്യരാഷ്ട്ര സഭക്കും യുഎന്‍ ഏജന്‍സിയായ ഓര്‍ഗനൈസേഷന്‍ ഫോര്‍ ദി പ്രൊഹിബിഷന്‍ ഓഫ് കെമിക്കല്‍ വെപ്പണ്‍സിനും (ഒപിസിഡബ്ല്യു) വേണ്ടി നടത്തിയ അന്വേഷണത്തിന്റെ റിപോര്‍ട്ടാണ് റോയിട്ടേഴ്‌സിന് ലഭിച്ചത്. 2013-15 കാലത്ത് സിറിയയില്‍ നടന്ന രാസായുധ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കുറിച്ചാണ് രേഖയില്‍ പറയുന്നത്.

ആക്രമണം ഉന്നതരുടെ അറിവോടെ

ബാശര്‍ അല്‍ അസദ്, സഹോദരന്‍ മാഹിര്‍, മറ്റു ചില ഉന്നത സൈനിക കമാന്റര്‍മാര്‍ എന്നിവരുടെ പേരാണ് പട്ടികയിലുള്ളത്. ഉന്നതരുടെ അറിവോടെയാണ് ആക്രമണം നടത്തിയതെന്ന് ഇതോടെ വ്യക്തമായി. അസദ് ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. എന്നാല്‍ അടിസ്ഥാനമില്ലാത്ത ആരോപണമാണിതെന്ന് സിറിയന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. അന്വേഷണ സംഘം പറയുന്ന എല്ലാ ആക്രമണങ്ങള്‍ക്ക് പിന്നിലും വിമതരോ ഐസിസോ ആണെന്നാണ് സര്‍ക്കാര്‍ വാദം.

കുറ്റാരോപിതര്‍ 15

15 പേരാണ് അന്വേഷണ സംഘം തയ്യാറാക്കിയ പട്ടികയിലുള്ളത്. എന്നാല്‍ ഇവരൊക്കെ എങ്ങനെയാണ് ആക്രമണത്തില്‍ പങ്കാളികളായതെന്ന് വ്യക്തമല്ല. പട്ടികയില്‍ മൂന്നായി തിരിച്ചാണ് കാര്യങ്ങള്‍ വിശദീകരിക്കുന്നത്.

പ്രസിഡന്റും ആറു പേരും

പ്രസിഡന്റിന്റെ അടുത്ത വൃത്തങ്ങള്‍ എന്ന തലക്കെട്ടിന് കീഴില്‍ ആറുപേരുടെ പേരുകള്‍ വിശദീകിരിക്കുന്നു. ഇതിലാണ് പ്രസിഡന്റ് ബാശര്‍ അല്‍ അസദും ഉള്‍പ്പെടുന്നത്. സൈന്യത്തിലെ നാലാം ഡിവിഷന്‍ കൈകാര്യം ചെയ്യുന്ന അദ്ദേഹത്തിന്റെ സഹോദരന്‍, പ്രതിരോധ മന്ത്രി, സൈനിക രഹസ്യാന്വേഷണ മേധാവി എന്നിവരുടെ പേരെല്ലാം ഈ ഗണത്തിലാണ്.

സൈനിക മേധാവികളും

രണ്ടാം വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത് വ്യോമ സേനാമേധാവി, വ്യോമ സേനാ ഡിവിഷനുകളിലെ നാല് കമാന്റര്‍മാര്‍ എന്നിവരാണ്. നേരത്തെ രാസായുധം പ്രയോഗിച്ചുവെന്ന് പറഞ്ഞിരുന്ന സൈനിക യൂനിറ്റും ഈ ഗണത്തിലാണുള്ളത്.

ഉന്നതരെല്ലാം പ്രതികള്‍?

മൂന്നാം വിഭാഗത്തില്‍ രണ്ട് കേണല്‍മാരും രണ്ട് മേജര്‍ ജനറല്‍മാരുമാണുള്ളത്. ഉന്നത സൈനിക കമാന്റര്‍മാരെല്ലാം ആക്രമണത്തില്‍ പങ്കാളികളായെന്നാണ് അന്വേഷണ റിപോര്‍ട്ട് തെളിയിക്കുന്നത്. ഉന്നത തലത്തില്‍ തീരുമാനമെടുത്ത് താഴേക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.

ഒറ്റ ആക്രമണത്തില്‍ 1000 പേര്‍

സിറിയന്‍ തലസ്ഥാനത്തിനടുത്ത ഗൗതയില്‍ 2013 ആഗസ്തിലാണ് ആഭ്യന്തര യുദ്ധത്തിനിടെ രാസായുധം ആദ്യം പ്രയോഗിച്ചത്. ആയിരത്തിലധികം പേര്‍ ഇവിടെ കൊല്ലപ്പെടുകയും അതിനിരട്ടി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നാണ് കരുതുന്നത്. സംഭവം വിവാദമായതോടെ സിറിയയിലെ രാസായുധങ്ങള്‍ പിന്നീട് അന്താരാഷ്ട്ര ഏജന്‍സിക്ക് സര്‍ക്കാര്‍ കൈമാറുകയായിരുന്നു. ഇറാന്‍-ഇറാഖ് യുദ്ധത്തിന്റെ അവസാനത്തില്‍ 1988ല്‍ നടന്ന ഹലബ്ജ കൂട്ടക്കൊലക്കിടെയാണ് ഇതിന് മുമ്പ് രാസായുധം പ്രയോഗിച്ചതെന്ന് കണക്കാക്കുന്നു.

രഹസ്യാന്വേഷണ വിവരങ്ങള്‍

റോയിട്ടേഴ്‌സിന് ലഭിച്ച രേഖകള്‍ പുറത്ത് വിട്ടിട്ടില്ല. വിശദമായ പരിശോധനയുടെയും പാശ്ചാത്യ-പ്രാദേശിക രഹസ്യാന്വേഷണ വിഭാഗങ്ങളുടെയും റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സമിതി റിപോര്‍ട്ട് തയ്യാറാക്കിയത്. മൂന്ന് സ്വതന്ത്ര വിദഗ്ധരടങ്ങുന്ന സമിതിയാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയിരുന്നത്. യുഎന്‍ രക്ഷാസമിതിയുടെ നിര്‍ദേശ പ്രകാരമായിരുന്നു അന്വേഷണം.

പട്ടിക തയ്യാറാക്കിയിട്ടില്ല!

എന്നാല്‍ രാസായുധം പ്രയോഗിച്ച വ്യക്തികളുടെ പട്ടിക തയ്യാറാക്കിയിട്ടില്ലെന്നും ഈ ഘട്ടത്തില്‍ ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് പറയാനാവില്ലെന്നുമായിരുന്നു അന്വേഷണത്തിന് നേതൃത്വം നല്‍കിയ വിര്‍ജിനിയ ഗാംബയുടെ പ്രതികരണം. അന്താരാഷ്ട്ര നിയമ പ്രകാരം രാസായുധ പ്രയോഗം നിരോധിച്ചതാണ്. രാസായുധം പ്രയോഗിക്കുന്നത് യുദ്ധക്കുറ്റത്തിന്റെ പരിധിയില്‍ വരികയും ചെയ്യും.

നിയമത്തിന് എന്തു ചെയ്യാന്‍ പറ്റും

സിറിയ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ അംഗമല്ലെങ്കിലും യുദ്ധക്കുറ്റ ആരോപണമുണ്ടായാല്‍ വിചാരണ നടത്താന്‍ യുഎന്‍ രക്ഷാസമിതിക്ക് ശുപാര്‍ശ ചെയ്യാം. എന്നാല്‍ സിറിയയിലെ വിഷയത്തില്‍ ലോക നേതാക്കള്‍ക്കിടയില്‍ ഭിന്നത നിലനില്‍ക്കുന്നതിനാല്‍ ഇത്തരമൊരു വിചാരണ പ്രയാസമാണ്.

English summary
International investigators have said for the first time that they suspect Syrian President Bashar al-Assad and his brother are responsible for the use of chemical weapons in the Syrian conflict, according to a document seen by Reuters. A joint inquiry for the UN and global watchdog the Organisation for the Prohibition of Chemical Weapons (OPCW) had previously identified only military units and did not name any commanders or officials. Now a list has been produced of individuals whom the investigators have linked to a series of chlorine bomb attacks in 2014-15 – including Assad, his younger brother Maher and other high-ranking figures
Please Wait while comments are loading...