ചാറ്റ് ലീക്ക്; മാധ്യമപ്രവർത്തകനെ ഗ്രൂപ്പിൽ ഉൾപ്പെടുത്തിയത് ആരെന്ന് വെളിപ്പെടുത്തി ട്രംപ്
ന്യൂയോർക്ക്: ഹൂതികൾക്കെതിരായ സൈനിക നടപടി ചർച്ച ചെയ്യാൻ രൂപീകരിച്ച സമൂഹമാധ്യമ ഗ്രൂപ്പിൽ മാധ്യമപ്രവർത്തകനായ ജെഫ്റി ഗോൾഡ്ബെഗിനെ ഉൾപ്പെടുത്തിയുമായ ബന്ധപ്പെട്ട സുരക്ഷ വീഴ്ചയിൽ പ്രതികരിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൾട്ട്സിന് വേണ്ടി ജോലി ചെയ്യുന്ന ജൂനിയർ അംഗമാണ് അബദ്ധത്തിൽ ഗോൾഡ്ബെർഗിനെ ഉൾപ്പെടുത്തിയതെന്ന് ട്രംപ് പറഞ്ഞു. വിഷയത്തിൽ പ്രതിപക്ഷം വലിയ പ്രതിഷേധം ഉയർത്തുന്നതിനിടെയാണ് വിശദീകരണം.
'ഞങ്ങൾ വിശ്വസിക്കുന്നത് ദേശീയ സുരക്ഷ ഉപദേഷ്ടാവ് മൈക്ക് വാൾട്ട്സിന്റെ ജൂനിയറായ വ്യക്തിയാണ് ഗോൾഡ്ബെർഗിന്റെ നമ്പർ ഉൾപ്പെടുത്തിയതെന്നാണ്. അങ്ങനെയാണ് ആ വ്യക്തി ഇതിൽ ഉൾപ്പെട്ടത്. രഹസ്യമായ വിവരങ്ങളൊന്നുമല്ല, പ്രശ്നങ്ങളൊന്നുമില്ല, മാത്രമല്ല സൈനിക നടപടി സമ്പൂർണ വിജയമായിരുന്നു', ന്യൂസ് മാക്സിന് നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞു.

'എന്നോട് അതിനെ കുറിച്ച് പറഞ്ഞതാണ്, ഞാൻ ഇതിൽ ഉൾപ്പെട്ടിട്ടില്ല. രണ്ട് മാസത്തിനിടയിൽ സംഭവിച്ച ഒരേ ഒരു പിഴവാണ് ഇത്. രഹസ്യ വിവരങ്ങളൊന്നും കൈമാറിയിട്ടില്ല. സൈനിക നടപടി വിജയമായരുന്നു', ട്രംപ് ആവർത്തിച്ചു.
സൈനിക നടപടി ഉണ്ടാകുന്നതിന് രണ്ട് ദിവസങ്ങൾക്ക് മുൻപാണ് 'ഹൂതി പിസി സ്മോൾ' എന്ന സാമൂഹിക മാധ്യമ ഗ്രൂപ്പിൽ ഗോൾഡ്ബെർഗിനെ അംഗമാക്കിയത്. പ്രതിരോധ സെക്രട്ടറി പീറ്റെ ഹെഗ്സേത്ത്, വൈസ് പ്രസിഡന്റ് ജെഡി വാൻസേ, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, ദേശീയ ഇന്റലിജൻസ് ഡയറക്ടർ തുൾസി ഗബ്ബാർഡ്, ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ്, സിഐഎ ഡയറക്ടർ ജോൺ റാറ്റ്ക്ലിഫ്, ട്രംപിന്റെ മിഡിൽ ഈസ്റ്റ്, ഉക്രെയ്ൻ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് സൂസി വൈൽസ്, ഹോംലാൻഡ് സെക്യൂരിറ്റി ഉപദേഷ്ടാവ് സ്റ്റീഫൻ മില്ലർ തുടങ്ങിയ 18 ഉന്നത നേതാക്കളാണ് ഗ്രൂപ്പിൽ അംഗങ്ങളായിരുന്നത്.
ആക്രമണങ്ങൾ നടത്തേണ്ട സ്ഥലങ്ങൾ സംബന്ധിച്ച വിവരങ്ങൾ അംഗങ്ങൾ ഗ്രൂപ്പിൽ പങ്കുവെച്ചിരുന്നുവെന്നും ആയുധങ്ങളെ കുറിച്ചുള്ള ചർച്ചകളും നടന്നുവെന്നും ഗോൾഡ്ബെർഗ് വെളിപ്പെടുത്തിയിരുന്നു.ചർച്ചകൾക്ക് പിന്നാലെയാണ് 15 ന് ഹൂതി കേന്ദ്രങ്ങളിൽ യുഎസ് വ്യോമാക്രമണം നടത്തിയതെന്നും ജെഫ്രി ഗോൾഡ്ബർഗ് വെളിപ്പെടുത്തിയിരുന്നു. അതേസമയം എങ്ങനെയാണ് ഗോൾഡ്ബെർഗിനെ ഉൾപ്പെടുത്തിയെന്ന് തനിക്ക് അറിയില്ലെന്നായിരുന്നു ദേശീയ സുരക്ഷ സെക്രട്ടറി പ്രതികരിച്ചത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്ന് ഡെമോക്രാറ്റുകൾ ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications