ഉഗ്രസ്‌ഫോടനം!! പലസ്തീന്‍ പ്രധാനമന്ത്രി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു; യുദ്ധഭീതിയില്‍ ഗാസ, പിന്നില്‍?

  • Posted By:
Subscribe to Oneindia Malayalam

ഗസാ സിറ്റി: പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭൂമിയാക്കാന്‍ കുത്സിത ശ്രമം. പലസ്തീന്‍ പ്രധാനമന്ത്രിക്ക് നേരെ ബോംബാക്രമണമുണ്ടായി. പ്രധാനമന്ത്രി റാമി ഹംദല്ലയുടെ വാഹനം കടന്നുപോകുന്ന വേളയില്‍ ഉഗ്രശേഷിയുള്ള ബോംബ് പൊട്ടിത്തെറിച്ചു. റാമല്ലയില്‍ നിന്ന് ഗസാ സിറ്റിയിലേക്ക് വരികയായിരുന്നു അദ്ദേഹവും സംഘവും. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വടക്കന്‍ ഗസയിലെ ഇസ്രായേലിനോട് ചേര്‍ന്ന ബൈത് ഹാനൂന്‍ പോലീസ് ചെക്ക്‌പോയന്റ് കടന്ന ഉടനെയാണ് ബോംബ് സ്‌ഫോടനമുണ്ടായത്. ഹംദല്ലയ്ക്ക് പരിക്കേറ്റില്ല. പിന്നീട് അദ്ദേഹം തല്‍സമയ ടെലിവിഷന്‍ പരിപാടില്‍ സംസാരിച്ചു. അഞ്ച് അംഗരക്ഷകര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പലസ്തീന്‍ അതോറിറ്റി രഹസ്യാന്വേഷണ വിഭാഗം മേധാവി മാജിദ് ഫറാജും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു. ഭീകരാക്രമണമാണുണ്ടായിരിക്കുന്നതെന്ന് പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ആരോപിച്ചു. ആരാണ് സംഭവത്തിന് പിന്നിലെന്നാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം...

സ്‌ഫോടനത്തിന് പിന്നില്‍

സ്‌ഫോടനത്തിന് പിന്നില്‍

പലസ്തീന്‍ ഇന്ന് രണ്ടു ഭാഗമായി മാറിയിരിക്കുന്നു. വെസ്റ്റ് ബാങ്കും ഗസയും. വെസ്റ്റ് ബാങ്കിന്റെ നിയന്ത്രണം ഫതഹിനാണ്. ഗാസ ഭരിക്കുന്നത് ഹമാസും. അമേരിക്കയും ഇസ്രായേലും ഭീകരരെന്ന് മുദ്രകുത്തിയവരാണ് ഹമാസ്. ഹമാസും ഫതഹും തമ്മില്‍ സമവായ ചര്‍ച്ച നടത്തുവരവെയാണ് ഇപ്പോള്‍ ഫതഹ് പ്രതിനിധിയായ പ്രധാനമന്ത്രിക്ക് നേരെ ആക്രമണമുണ്ടായിരിക്കുന്നത്. ഭീകരാക്രമണമാണുണ്ടായതെന്ന് ആരോപിച്ച ഫതഹ് നേതാവും ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റുമായ അബ്ബാസ് ഹമാസിന് നേരെയാണ് വിരല്‍ ചൂണ്ടിയത്. എന്നാല്‍ ചിലര്‍ വിരല്‍ ചൂണ്ടുന്നത് ഇസ്രായേലിന് നേരെയാണ്. സമവായ ശ്രമങ്ങള്‍ ഇല്ലാതാക്കാനുള്ള നീക്കമാണ് നടന്നതെന്ന് ഫതഹ് വാര്‍ത്താവിതരണ വിഭാഗം മേധാവി മുനീര്‍ അല്‍ ജഗൗബ് പറഞ്ഞു. ക്രമസമാധാന പ്രശ്‌നമുണ്ടാക്കി പലസ്തീന്‍കാരെ തമ്മില്‍ തല്ലിക്കാനാണ് ശ്രമമെന്ന് അദ്ദേഹം ആരോപിച്ചു.

നിരവധി പേര്‍ പിടിയില്‍

നിരവധി പേര്‍ പിടിയില്‍

ഹമാസ് സുതാര്യമായ അന്വേഷണം നടത്തണമെന്ന് ഫതഹ് ആവശ്യപ്പെട്ടു. ഫതഹ് പ്രതിനിധികള്‍ക്ക് ഗസയില്‍ സുരക്ഷ ഒരുക്കേണ്ടിയിരുന്നത് ഹമാസ് ആയിരുന്നു. എന്നാല്‍ അവര്‍ പരാജയപ്പെട്ടു. കൃത്യമായ അന്വേഷണം നടത്തി പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് മുനീര്‍ ജഗൗബ് പറഞ്ഞു. എന്നാല്‍ അബ്ബാസിന്റെ ആരോപണം ഹമാസ് തള്ളി. സംഭവം ഉണ്ടായ ഉടനെ രാഷ്ട്രീയ മാനം നല്‍കുന്നത് ശരിയല്ലെന്ന് ഗസാ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഗസയില്‍ എല്ലാ സുരക്ഷയും ഒരുക്കിയിരുന്നു. സംഭവം നടന്ന ഉടനെ നിരവധി പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അക്രമികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

സമാധാന കരാര്‍ പൊളിയുമോ

സമാധാന കരാര്‍ പൊളിയുമോ

ഹമാസും ഫതഹും സമാധാന കരാറില്‍ ഒപ്പുവച്ചിരുന്നു. പത്ത് വര്‍ഷത്തോളം നീണ്ട ഭിന്നതയ്ക്ക് ശേഷമാണ് കഴിഞ്ഞ ഒക്ടോബറില്‍ സമാധാന കരാര്‍ നിലവില്‍ വന്നത്. പലസ്തീനില്‍ ഐക്യസര്‍ക്കാര്‍ രൂപീകരിക്കാന്‍ കരാറില്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ കരാറിലെ വ്യവസ്ഥകള്‍ പൂര്‍ണമായും ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല. ഈ സാഹചര്യത്തിലാണ് കരാര്‍ നടപ്പാക്കുന്നത് വേഗത്തിലാക്കുക എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി ഗസയിലേക്ക് വന്നത്. പ്രധാനമന്ത്രിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ നിരവധി ശക്തികള്‍ നേട്ടമുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകനായ മുസ്തഫ ഇബ്രാഹീം പറയുന്നു. ഇപ്പോള്‍ സ്‌ഫോടനം നടത്തിയത് ഹമാസാണെന്ന് ഫതഹും ഫതഹാണെന്ന് ഹമാസും ആരോപിക്കുകയാണ് ചെയ്തിരിക്കുന്നത്.

ഇസ്രായേലിന് പങ്കുണ്ടോ?

ഇസ്രായേലിന് പങ്കുണ്ടോ?

എന്നാല്‍ പലസ്തീന്‍ പ്രധാനമന്ത്രിയെ വധിച്ചാല്‍ തങ്ങള്‍ക്കെന്താണ് നേട്ടമെന്ന് ഹമാസ് ചോദിക്കുന്നു. സമാധാനശ്രമങ്ങളുമായി മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍ സ്‌ഫോടനമുണ്ടാക്കി ഭിന്നത സൃഷ്ടിക്കാന്‍ തങ്ങള്‍ ശ്രമിക്കില്ല. ഇതിന് പിന്നില്‍ മറ്റേതോ സംഘമാണ്. നിരവധി പേരെ ഗസാ പോലീസ് പിടികൂടിയിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണെന്നും ആഭ്യന്തര മന്ത്രാലയ വക്താവ് പ്രതികരിച്ചു. ഇസ്രായേല്‍ പദ്ധതിയാണ് സ്‌ഫോടനമെന്ന് ചില ഹമാസ് നേതൃത്വങ്ങള്‍ സംശയം പ്രകടിപ്പിക്കുന്നു. ഹമാസും ഫതഹും ഒന്നിച്ചാല്‍ ഇസ്രായേലിന് തിരിച്ചടിയാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ കൃത്യമായി ആരെയും കുറ്റപ്പെടുത്താന്‍ പറ്റാത്ത സാഹചര്യമാണിപ്പോള്‍. എത്രയും വേഗം പ്രതികളെ പിടികൂടുമെന്ന് ഗസാ പോലീസ് അറിയിച്ചു.

കണ്ണൂര്‍ സിപിഎമ്മിന് വീണ്ടും പ്രഹരം; ജയരാജന്റെ വാദം ഹൈക്കോടതി തള്ളി, പണി കൊടുത്തത് കേന്ദ്രം

വാവിട്ടു കരഞ്ഞ രാജേശ്വരിയെ ഓര്‍മയില്ലേ? പെരുമ്പാവൂര്‍ സ്വദേശി, പോലീസുകാര്‍ ഒന്നടങ്കം പരാതിപ്പെടുന്നു

അഞ്ചുവര്‍ഷത്തില്‍ 500 കോടി കൂടി; 1000 കോടിയുമായി ജയാബച്ചന്‍!! രാജ്യത്തെ സമ്പന്ന എംപി

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Explosion hits as Palestinian PM Rami Hamdallah enters Gaza

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്