തുടക്കത്തിലേ കല്ലുകടി; സായുധ പോരാട്ടം ഉപേക്ഷിക്കില്ലെന്ന് ഹമാസ്
തുടക്കത്തിലേ കല്ലുകടി; സായുധ പോരാട്ടം ഉപേക്ഷിക്കില്ലെന്ന് ഹമാസ്
ഗാസ സിറ്റി: ഫലസ്തീന്‍ ഐക്യസര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട ശ്രമങ്ങള്‍ക്ക് തുടക്കത്തില്‍ തന്നെ കല്ലുകടി. തങ്ങളുടെ നിയന്ത്രണത്തിലുള്ള ആയുധങ്ങള്‍ ഉപേക്ഷിക്കാന്‍ തയ്യാറല്ലെന്ന ഹമാസിന്റെ നിലപാടാണ് ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. ഫത്ഹ് വിഭാഗത്തിനെന്ന പോലെ ഇസ്രായേലിനും ഈ നിലപാട് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

സായുധ ചെറുത്തുനില്‍പ്പ് ജനങ്ങളുടെ അവകാശം
ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യ തന്റെ നിലപാട് വ്യക്തമാക്കിയത്. ഇസ്രായേലിനെതിരായ സായുധ സമരം ഉപേക്ഷിക്കാന്‍ ഹമാസ് തയ്യാറല്ലെന്ന് അദ്ദേഹം പറഞ്ഞു. അധിനിവേശം തുടരുന്ന കാലത്തോളം ഞങ്ങളുടെ ജനങ്ങള്‍ക്ക് ആയുധം കൈവശം വയ്ക്കാനും എല്ലാ രീതികളിലുമുള്ള ചെറുത്തുനില്‍പ്പുകള്‍ തുടരാനും അവകാശമുണ്ടായിരിക്കും. അതേസമയം ഏകപക്ഷീയമായി ഇസ്രായേലിനെ ആക്രമിക്കാന്‍ തങ്ങളില്ലെന്നും ഇങ്ങോട്ട് ആക്രമിച്ചാല്‍ നോക്കിനില്‍ക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഫത്ഹ് ഉള്‍പ്പെടെയുള്ള ഫലസ്തീന്‍ സംഘടനകളുമായി തങ്ങള്‍ ഐക്യ ചര്‍ച്ചകള്‍ക്ക് ഒരുക്കമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഹിസ്ബുല്ല മോഡല്‍ അനുവദിക്കില്ലെന്ന് അബ്ബാസ്്
എന്നാല്‍ ആയുധങ്ങള്‍ ഉള്‍പ്പെടെ എല്ലാറ്റിന്റെയും നിയന്ത്രണം തന്റെ കീഴിലുള്ള ഫലസ്തീന്‍ അതോറിറ്റിയുടെ കരങ്ങളില്‍ ആയിരിക്കണമെന്നാണ് പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ നിലപാട്. ബലഹീനമായ കേന്ദ്രസര്‍ക്കാരിന് കീഴില്‍ സായുധ വിഭാഗം ശക്തിയാര്‍ജ്ജിച്ച് നില്‍ക്കുന്ന ലബനാനിലെ ഹിസ്ബുല്ല മോഡല്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും ഹമാസിന്റെ സായുധ പോരാട്ടത്തെ സൂചിപ്പിച്ച് അബ്ബാസ് പറഞ്ഞു. ലബ്‌നാനിലെ ശക്തരായ ഹിസ്ബുല്ല വിഭാഗത്തെ നിയന്ത്രിക്കാന്‍ സര്‍ക്കാരിന് സാധിക്കാറില്ല. അതുകൊണ്ടുതന്നെ ഇസ്രായേലിന്റെ പേടിസ്വപ്‌നമാണ് അയല്‍രാജ്യമായ ലബ്‌നാനില്‍ പ്രവര്‍ത്തിക്കുന്ന ശിയാപോരാളി വിഭാഗമായ ഹിസ്ബുല്ല.

ഐക്യസര്‍ക്കാര്‍ അംഗീകരിക്കില്ലെന്ന് ഇസ്രായേല്‍
പാലസ്തീനിലെ ഫത്ഹ്-ഹമാസ് വിഭാഗങ്ങളില്‍ ഐക്യസര്‍ക്കാര്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന ചര്‍ച്ചകള്‍ ഇസ്രായേല്‍ അംഗീകരിക്കില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി. ഇരുവിഭാഗവും ഒന്നിക്കുന്നത് ഇസ്രായേലിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ഫലസ്തീന്‍ ഐക്യ സര്‍ക്കാറിനെ ഇസ്രായേല്‍ അംഗീകരിക്കണമെങ്കില്‍ ഹമാസ് ഇസ്രായേലിനെ അംഗീകരിക്കാനും ഹമാസിന്റെ സൈനിക വിഭാഗത്തെ പിരിച്ചുവിടാനും ഇറാനുമായുള്ള അവരുടെ ബന്ധം അവസാനിപ്പിക്കാനും തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. ഈ ആവശ്യങ്ങള്‍ ഹമാസ് അംഗീകരിക്കുമോ എന്ന് കണ്ടറിയുക തന്നെ വേണം.

ഐക്യസര്‍ക്കാര്‍ രൂപീകരണത്തിലേക്ക് ദൂരമേറെ
ആയുധങ്ങള്‍ താഴെവയ്ക്കില്ലെന്ന ഹമാസിന്റെ ശക്തമായ നിലപാടിനും ഹമാസ് സൈനിക വിഭാഗം പിരിച്ചുവിടണമെന്ന ഇസ്രായേല്‍ ആവശ്യത്തിനുമിടയില്‍ ഫലസ്തീന്‍ ഐക്യ സര്‍ക്കാര്‍ രൂപീകരണം അത്ര എളുപ്പമാവില്ലെന്നാണ് നിരീക്ഷകര്‍ കരുതുന്നത്. ഇസ്രായേലിനെതിരേ തങ്ങള്‍ ആക്രമണം തുടങ്ങിവയ്ക്കില്ലെന്നും അതേസമയം ഇങ്ങോട്ട് ആക്രമിച്ചാല്‍ കൈയുംകെട്ടി നോക്കിനില്‍ക്കില്ലെന്നുമുള്ള നിലപാടിന് ഫലസ്തീന്‍ ജനതയുടെ അംഗീകാരം നേടാന്‍ കഴിഞ്ഞേക്കാമെങ്കിലും ഫത്ഹ് ഇത് സമ്മതിക്കുമെന്നു കരുതാനാവില്ല. ഗസയുടെ സുരക്ഷാ അധികാരം പലസ്തീന്‍ അതോറിറ്റിക്ക് കൈമാറണമെന്നാണ് ഫത്ഹിന്റെ ആവശ്യം. എന്നാല്‍ ഗാസയുടെ സൈനിക നിയന്ത്രണം ഉപേക്ഷിക്കാന്‍ ഹമാസ് തയ്യാറാവില്ലെന്നാണ് ഇസ്മാഈല്‍ ഹനിയ്യയുടെ പ്രസ്താവന വ്യക്തമാക്കുന്നത്.












Click it and Unblock the Notifications