വെടിയേറ്റ ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ അന്തരിച്ചു
ടോക്കിയോ: വെടിയേറ്റ ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ അന്തരിച്ചു. ജപ്പാന്‍ സമയം രാവിലെ 11 മണിയോടെ ഒരു റാലിക്കിടെയാണ് ഷിന്‍സോ ആബെയ്ക്ക് വെടിയേല്‍ക്കുന്നത്. വെടിയേറ്റതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ ആബെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് വിദഗ്ദ ചികിത്സ നല്‍കുന്നതിനിടെയാണ് അന്ത്യം. ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ ആബെയുടെ അവസ്ഥ ഗുരുതരമാണെന്ന് അറിയിച്ചിരുന്നു. അദ്ദേഹത്തെ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ കഠിനമായി പരിശ്രമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചിരുന്നു.

തിരഞ്ഞെടുപ്പ് റാലിക്കിടെ 41 തോന്നിക്കുന്ന ആളാണ് ആബെയ്ക്ക് നേരെ വെടിയുതിര്‍ത്തതെന്നാണ് റിപ്പോര്‍ട്ട്. പ്രസംഗം ആരംഭിച്ച് മിനിറ്റുകള്‍ക്കുള്ളിലാണ് ആക്രമണം നടന്നത്. ആക്രമണം നടത്തിയ ആളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. വെടിവയ്ക്കാന്‍ ഉപയോഗിച്ച തോക്കും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു.
രണ്ട് തവണ വെടിയൊച്ച കേട്ടാണ് സ്ഥലത്തെത്തിയ മാധ്യമപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്തത്. ആബെയുടെ പിന്നിലൂടെ എത്തിയ ആള്‍ വെടിയുതിര്‍ക്കുകയായിരുന്നു. രണ്ടു തവണയാണ് വെടിവച്ചത്. പിന്നീട് രക്തം വാര്‍ന്നൊലിച്ച ആബെയെ ഹെലികൊപ്റ്റര്‍ മാര്‍ഗമാണ് ആശുപത്രിയില്‍ എത്തിച്ചത്.
ഏറ്റവും കൂടുതല്‍ കാലം ജപ്പാന്റെ പ്രധാനമന്ത്രി പദത്തിലിരുന്ന വ്യക്തിയാണ് ആബെ. ആരോഗ്യ കാരണങ്ങളെ തുടര്‍ന്നാണ് അദ്ദേഹം 2020ല്‍ സ്ഥാനം ഒഴിഞ്ഞത്. ഇന്ത്യയുമായി അടുത്ത ബന്ധം പുലര്‍ത്തിയ നേതാവായിരുന്നു ഷിന്‍സോ ആബെ. 2006ല്‍ ആണ് ആബെ ആദ്യമായി ജപ്പാന്റെ പ്രധാനമന്ത്രിയാകുന്നത്. ഒരു വര്‍ഷം അത് തുടര്‍ന്നു. പിന്നീട് 2012 മുതല്‍ 2020 വരെ പ്രധാനമന്ത്രി പദത്തില്‍ തുടരുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉറ്റ സുഹൃത്താണ് ആബെ. 2021ല്‍ അദ്ദേഹത്തെ ഇന്ത്യ പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചു. ആബെയുടെ വിയോഗത്തില്‍ ഇന്ത്യയില്‍ നാളെ ദുഖാചരണമാണെന്ന് പ്രധാനമന്ത്രി അറിയിച്ചു.












Click it and Unblock the Notifications