ചൈന-അമേരിക്ക യുദ്ധം ഉടന്‍? കാരണങ്ങള്‍ നിരത്തി പ്രവചനവുമായി നിക്കി ഹാലി
വാഷിംഗ്ടണ്‍: അമേരിക്കക്കെതിരെ ചൈന യുദ്ധത്തിന് ഒരുങ്ങുകയാണ് എന്ന മുന്നറിയിപ്പുമായി മുന്‍ യു എസ് അംബാസഡറും 2024 ലെ റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായ നിക്കി ഹാലി. ചൈന അവരുടെ സൈനിക ശക്തി വര്‍ധിപ്പിച്ച് കൊണ്ടിരിക്കുകയാണ് എന്നും ഇത് അമേരിക്കക്ക് ഭീഷണിയാണ് എന്നും നിക്കി ഹാലി കൂട്ടിച്ചേര്‍ത്തു. ഫോക്‌സ് ന്യൂസ് സണ്‍ഡേക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നിക്കി ഹാലി.
ചൈനയുടെ അമ്പരപ്പിക്കുന്ന നാവിക ശേഷിയും സൈനിക സാങ്കേതിക വിദ്യയിലെ പുരോഗതിയും ഉദ്ധരിച്ചാണ് നിക്കി ഹാലിയുടെ മുന്നറിയിപ്പ്. ചൈനക്ക് നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ നാവിക കപ്പലുണ്ട് എന്ന് നിക്കി ഹാലി ചൂണ്ടിക്കാട്ടി. 'അവര്‍ക്ക് (ചൈനക്ക്) 340 കപ്പലുകളുണ്ട്. യു എസിന് 293 എണ്ണമേ ഉള്ളൂ. രണ്ട് വര്‍ഷത്തിനുള്ളില്‍ ചൈനയുടെ നാവിക കപ്പല്‍ 400 ആകും. എന്നാല്‍ രണ്ട് ദശാബ്ദത്തിനുള്ളില്‍ നമുക്ക് 350 പോലും ഉണ്ടാകില്ല,' നിക്കി ഹാലി പറഞ്ഞു.

ചൈന ഹൈപ്പര്‍സോണിക് മിസൈലുകള്‍ വികസിപ്പിക്കാന്‍ തുടങ്ങി കഴിഞ്ഞെന്നും എന്നാല്‍ യു എസ് അത് ആരംഭിക്കാന്‍ പോകുന്നേ ഉള്ളൂ എന്നും നിക്കി ഹാലി കൂട്ടിച്ചേര്‍ത്തു. സുരക്ഷയുടെ കാര്യത്തില്‍ പല സുപ്രധാന മേഖലകളിലും ചൈന യു എസിനേക്കാള്‍ മുന്നിലാണെന്ന് നിക്കി അഭിപ്രായപ്പെട്ടു. ചൈന അവരുടെ സൈന്യത്തെ നവീകരിക്കുകയാണ്. സൈബര്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സ്‌പേസ് എന്നീ മേഖലകളില്‍ ചൈന എന്താണ് ചെയ്യുന്നതെന്ന് നോക്കൂ.
യു എസ് സൈന്യത്തെ ശക്തിപ്പെടുത്തേണ്ടതുണ്ട് എന്നും അതിന് റിപ്പബ്ലിക്കന്‍സ് ആണ് ശരി എന്ന് ഉറപ്പാക്കേണ്ടതുണ്ട് എന്നും നിക്കി ഹാലി കൂട്ടിച്ചേര്‍ത്തു. ചൈന പതിറ്റാണ്ടുകളായി ഞങ്ങളുമായി യുദ്ധത്തിന് തയ്യാറെടുക്കുകയാണ്. ചൈനയുമായി നാം നാളെ ഇടപെടാം എന്നാണ് കരുതിയിരിക്കുന്നത്. എന്നാല്‍ അവര്‍ ഇന്ന് തന്നെ അത് ചെയ്‌തെന്ന് വരാം, നിക്കി മുന്നറിയിപ്പ് നല്‍കി.
കഴിഞ്ഞയാഴ്ച ചൈനയെ വെറും ഒരു മത്സരാര്‍ത്ഥി എന്നതിലുപരിയായി തങ്ങളുടെ ശത്രുവാണ് എന്ന് നിക്കി ഹാലി വിശേഷിപ്പിച്ചിരുന്നു. ചൈനയുമായുള്ള വ്യാപാരബന്ധം പരിമിതപ്പെടുത്തണം എന്നും അവര്‍ നിര്‍ദ്ദേശിച്ചു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം തങ്ങള്‍ അഭിമുഖീകരിച്ച ഏറ്റവും അപകടകരമായ വിദേശ ഭീഷണി എന്നാണ് നിക്കി ഹാലി ചൈനയെ വിശേഷിപ്പിച്ചിരിക്കുന്നത്.
അതിനിടെ വാഷിംഗ്ടണിലെ ചൈനീസ് എംബസിയിലെ വക്താവ് നിക്കി ഹാലിയുടെ പ്രസ്താവനകളോട് പ്രതികരിച്ച് രംഗത്തെത്തി. അമേരിക്കന്‍ കമ്പനികളെ ചൈന വിടാന്‍ പ്രേരിപ്പിക്കുന്നത് സാമ്പത്തിക നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഇത് എല്ലാവരുടെയും താല്‍പ്പര്യങ്ങള്‍ക്ക് ദോഷം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ശ്രദ്ധ ആകര്‍ഷിക്കുന്നവര്‍ക്ക് മാത്രമേ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലാണ് സ്ഥാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications