ഗാസ വെടിനിർത്തൽ; ആ വാർത്തകൾ തെറ്റ്..മധ്യസ്ഥശ്രമങ്ങൾ അവാസിപ്പിച്ചിട്ടില്ലെന്ന് ഖത്തർ
ഗാസയിൽ വെടിനിർത്തലിനുവേണ്ടിയുള്ള മധ്യസ്ഥ ശ്രമങ്ങൾ അവസാനിപ്പിച്ചിട്ടില്ലെന്ന് ഖത്തർ. ഇസ്രായേലും ഹമാസുമായുള്ള മധ്യസ്ഥ ചർച്ചകളിൽ നിന്നും ഖത്തർ പിൻമാറിയെന്ന തരത്തിൽ അന്താരാഷ്ട്ര മാധ്യമങ്ങളിൽ വാർത്തകൾ വന്നതിന് പിന്നാലെയാണ് ഖത്തർ വിദേശകാര്യ മന്ത്രാലയം ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്. ദോഹയിലെ ഹമാസിന്റെ രാഷ്ട്രീയകാര്യ ഓഫീസ് അടച്ചു പൂട്ടാൻ യുഎസ് ആവശ്യപ്പെട്ടെന്ന വാർത്തകളും ഖത്തർ തള്ളി. ഹമാസ് ഓഫീസ് അതിന്റെ ഉത്തരവാദിത്തം നിറവേറ്റുന്നതിൽ പരാജയപ്പെട്ട സാഹചര്യത്തിലാണ് ഓഫീസ് അടക്കുന്നതെന്നായിരുന്നു വാർത്തകൾ.
10 ദിവസം മുൻപ് നടന്ന ചർച്ചയിൽ ഹമാസും ഇസ്രായേലും പരസ്പരധാരണയിൽ എത്തിയില്ലെങ്കിൽ മധ്യസ്ഥ ശ്രമങ്ങൾ നിർത്തിവെയ്ക്കുമെന്ന് ഇരുകക്ഷികളേയും അറിയിച്ചിരുന്നതായി ഖത്തർ വിദേശകാര്യ വക്താവ് ഡോ മജീദ് ബിൻ മുഹമ്മദ് അൽ അൻസാരി അറിയിച്ചു. ഇരുകക്ഷികളും ആത്മാർത്ഥമായി സന്നദ്ധ പ്രകടിപ്പിച്ചാൽ ചർച്ചകൾ പുനരാരംഭിക്കുമെന്നും അൻസാരി പ്രസ്താവനയിൽ പറഞ്ഞു.

മധ്യസ്ഥതയ്ക്കുള്ള തങ്ങളുടെ ശ്രമത്തെ ഭീഷണിയായോ സമ്മർദ്ദമായോ സ്ഥാപിക്കാനുള്ള ശ്രമം അംഗീകരിക്കില്ല. നേരത്തേ ഗാസയിൽ താത്കാലിക വെടിനിർത്തലിനും സ്ത്രീകളുടേയും കുട്ടികളേയുടേയും മോചനം സംബന്ധിച്ചും മധ്യസ്ഥത ചർച്ചയിൽ ഉണ്ടായ തീരുമാനങ്ങൾ ലംഘിക്കപ്പെട്ടിരുന്നു. തങ്ങളുടെ രാഷ്ട്രീയനേട്ടത്തിനായി യുദ്ധം തുടരാനുള്ള ഒഴിവുകഴിവെന്ന നിലയിൽ നിലവിലെ ചർച്ചകളെ മാറ്റാൻ ശ്രമിക്കുകയാണ്', അൻസാരി പറഞ്ഞു.
ഖത്തറിലെ ഹമാസ് ഓഫീസിനെ കുറിച്ചുള്ള വാർത്തകളും അദ്ദേഹം തള്ളി. ചില മാധ്യമവാർത്തകളിൽ പറയുന്നത് പോലെയല്ല, മറിച്ച് ഹമാസുമായുള്ള ആശയവിനിമയ കേന്ദ്രം എന്ന നിലയിൽ പ്രവർത്തിച്ചിരുന്ന ഓഫീസണാത്. മാത്രമല്ല ഗാസ മുനമ്പിൽ വെടിനിർത്തൽ നടപ്പാക്കാനും സമാധാനം നിലനിർത്താനുമുള്ള ശ്രമങ്ങൾക്കും ബന്ദികളുടെയും തടവുകാരുടെയും കൈമാറ്റത്തിനുമെല്ലാം സ്ഥാപനം നിർണായക പങ്കുവഹിച്ചിട്ടുണ്ട്', അദ്ദേഹം വ്യക്തമാക്കി. 2012 മുതലാണ് ഖത്തറിൽ ഹമാസ് ഓഫീസ് പ്രവർത്തനം തുടങ്ങിയത്. അന്ന് യുഎസിലെ ഒബാമ ഭരണകുടത്തിന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
ഗാസയിലെ വെടിനിർത്തലിനായിഇസ്രായേലും ഹമാസുമായുള്ള മധ്യസ്ഥത ചർച്ചകളിൽ തുടക്കം മുതൽ ഇടപെട്ട രാജ്യങ്ങൾ യുഎസും ഖത്തറും ഈജിപ്തുമായിരുന്നു. നിരവധി തവണ ചർച്ച നടത്തിയെങ്കലും ഒത്തുതീർപ്പ് ചർച്ചകൾക്കും ഇരുവിഭാഗവും വഴങ്ങിയിട്ടില്ല. അതിനിടയിൽ അടുത്തിടെ ഹമാസിന് തങ്ങളുടെ തലസ്ഥാനത്ത് അഭയം നൽകുന്നത് അവസാനിപ്പിക്കണമെന്ന് ഖത്തറിനോട് ആവശ്യപ്പെട്ടതായി യുഎസ് വ്യക്തമാക്കിയിരുന്നു. ബന്ദികളെ മോചിപ്പിക്കാനുള്ള ആവർത്തിച്ചുള്ള നിർദ്ദേശങ്ങൾ നിരസിച്ച ഹമാസിനെ ഇനി ഖത്തർ സ്വാഗതം ചെയ്യരുതെന്നായിരുന്നു അമേരിക്ക അറിയിച്ചത്.












Click it and Unblock the Notifications