അറബ് നേതാക്കള്‍ കൂട്ടത്തോടെ യുഎഇയില്‍; ശൈഖ് മുഹമ്മദിന് നന്ദി പറഞ്ഞ് ഖത്തര്‍ അമീര്‍...
ദുബായ്: ഗള്‍ഫ് മേഖലയില്‍ വളരെ സന്തോഷം നിറഞ്ഞ വേളയാണിപ്പോള്‍. അറബ് നേതാക്കള് യുഎഇ തലസ്ഥാനമായ അബുദാബിയില്‍ ഒത്തുചേര്‍ന്നു. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ ക്ഷണം സ്വീകരിച്ചാണ് നേതാക്കള്‍ എത്തിയത്. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനിയും ഇതോടൊപ്പമുണ്ടായിരുന്നു. ഊഷ്മളമായ സ്വീകരണമാണ് അദ്ദേഹത്തിന് ലഭിച്ചത്.
യുഎഇ പ്രസിഡന്റിന് നന്ദി പറഞ്ഞ് ഖത്തര്‍ അമീര്‍ ട്വീറ്റ് പങ്കുവച്ചു. ഖത്തറും യുഎഇയും ഏറെ കാലം നയതന്ത്ര ബന്ധമില്ലായിരുന്നു. അടുത്തിടെയാണ് വീണ്ടും ഐക്യത്തിന്റെ പാതയിലെത്തിയത്. ഈ വേളയില്‍ ഏവര്‍ക്കും ഉയരുന്ന സംശയം, എന്തിനാണ് അറബ് നേതാക്കള്‍ യുഎഇയിലെത്തിയത് എന്നതാണ്. വിശദാംശങ്ങള്‍ ഇങ്ങനെ...

ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ച രാജ്യങ്ങളില്‍ യുഎഇയുമുണ്ടായിരുന്നു. സൗദി അറേബ്യ, ബഹ്‌റൈന്‍, ഈജിപ്ത്, യുഎഇ എന്നീ രാജ്യങ്ങളായിരുന്നു ഉപരോധം പ്രഖ്യാപിച്ചത്. മൂന്നര വര്‍ഷം നീണ്ട ഉപരോധം 2021ല്‍ അവസാനിച്ചു. ഇപ്പോള്‍ ഉപരോധം ചുമത്തിയ എല്ലാവരും ഖത്തറിനെ ക്ഷണിക്കുകയാണ്. ഇതിന്റെ ഭാഗമായിട്ടായിരുന്നു ശൈഖ് തമീമിന്റെ യുഎഇ സന്ദര്‍ശനം.

ഇത്തവണ ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരത്തിന് വേദിയായ ഖത്തറിന്റെ സംഘാടന മികവ് ഏവരും പുകഴ്ത്തിയിരുന്നു. സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനും യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദുമെല്ലാം നേരിട്ട് ഖത്തറിലെത്തി മല്‍സരം വീക്ഷിച്ചു. ഈ വേളയിലാണ് ശൈഖ് മുഹമ്മദ് ഖത്തര്‍ അമീറിനെ അദ്ദേഹം യുഎഇയിലേക്ക് ക്ഷണിച്ചത്.

മേഖലയില്‍ ഐക്യം നിലനിന്നാല്‍ മാത്രമേ വികസനവും പുരോഗതിയും കൈവരിക്കാനാകൂ എന്നാണ് ഖത്തര്‍ അമീര്‍ ശൈഖ് തമീം പറയുന്നത്. ഇതിന്റെ ഭാഗം കൂടിയായിരുന്നു യുഎഇ പ്രസിഡന്റിന്റെ ക്ഷണം. ഗള്‍ഫ്, അറബ് മേഖലയുടെ വികസനവും സഹകരണവും ചര്‍ച്ച ചെയ്യാനായിരുന്നു അബുദാബിയിലെ യോഗം. നേതാക്കളുടെ ഒത്തുചേരല്‍ ഗള്‍ഫ് മേഖലയില്‍ പ്രധാന വാര്‍ത്തയായിരുന്നു.

സൗഹൃദ കൂടിക്കാഴ്ച എന്ന പേരിലാണ് യുഎഇയില്‍ അറബ് നേതാക്കളുടെ സമ്മേളനം നടന്നത്. ഒമാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ്, ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഖലീഫ, ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി, ജോര്‍ദാന്‍ പ്രസിഡന്റ് അബ്ദുല്ല രാജാവ് രണ്ടാമന്‍, ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസി എന്നിവരാണ് സൗഹൃദ ചര്‍ച്ചയില്‍ ഭാഗമായത്.

സഹോദരങ്ങളുമായി ചര്‍ച്ച നടത്താനായത് വളരെ സന്തോഷം നല്‍കുന്ന കാര്യമാണ്. ഇതിന് സൗകര്യം ഒരുക്കിയ ശൈഖ് മുഹമ്മദിനോട് നന്ദി അറിയിക്കുന്നു. സഹകരണം ശക്തിപ്പെടുത്തേണ്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. ജനങ്ങളുടെ താല്‍പ്പര്യം മുന്‍നിര്‍ത്തിയുള്ള കാര്യങ്ങളാണ് ചര്‍ച്ചാ വിഷയമായത്. സുരക്ഷയും സുസ്ഥിരതയും ആവശ്യമാണെന്നും ഖത്തര്‍ അമീര്‍ ട്വീറ്റ് ചെയ്തു.

ഗള്‍ഫ് രാജ്യങ്ങള്‍ സഹകരിച്ച് ജിസിസിയില്‍ പല പദ്ധതികളും നേരത്തെ ആസൂത്രണം ചെയ്തിരുന്നു. റെയില്‍വേ ശൃംഖല ഉള്‍പ്പെടെ പക്ഷേ, യാഥാര്‍ഥ്യമായില്ല. എന്നാല്‍ ഒമാനില്‍ നിന്ന് യുഎഇയിലേക്കുള്ള റെയില്‍വെ പാതയുടെ ചര്‍ച്ച വീണ്ടും സജീവമായിട്ടുണ്ട്. ജിസിസിക്ക് ഒരു വിസ എന്ന സംവിധാനവും യാഥാര്‍ഥ്യമായിട്ടില്ല. ഗള്‍ഫ് മേഖലയില്‍ ഐക്യം സാധ്യമായതിനാല്‍ ഇത്തരം പദ്ധതികളെല്ലാം വീണ്ടും ഉയര്‍ന്നുവരുമെന്നാണ് പ്രതീക്ഷ.


Click it and Unblock the Notifications