കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പലസ്തീനില്‍ പ്രബല കക്ഷികള്‍ ഐക്യപ്പെടുന്നു, ഹമാസ് ശക്തിയാര്‍ജിക്കും, ഇസ്രായേലിന് ആശങ്ക

പലസ്തീനില്‍ ഭിന്നതയില്‍ കഴിയുന്ന രണ്ട് പ്രബല ശക്തികളായ ഹമാസും ഫത്തായും ഒന്നിക്കാനുള്ള വഴികള്‍ ഒരുങ്ങുന്നുവെന്നാണ് റിപോര്‍ട്ടുകള്‍. അതാവട്ടെ, ഇസ്രായേലിന് ഏറെ ആശങ്കയാണുണ്ടാക്കുന്നത്

  • By Ashif
Google Oneindia Malayalam News

ഗസാ സിറ്റി: പലസ്തീനിലെ പ്രബല രാഷ്ട്രീയ വിഭാഗങ്ങളായ ഹമാസും ഫത്തായും പത്ത് വര്‍ഷത്തോളമായി കടുത്ത ഭിന്നതയിലാണ്. ഇസ്രായേലിന്റെ ആക്രമണം ചെറുക്കുന്നതില്‍ പോലും ഈ ഭിന്നത അവര്‍ക്ക് തിരിച്ചടിയാണ്. എന്നാല്‍ പുതിയ റിപോര്‍ട്ടുകള്‍ ഈ രണ്ട് വിഭാഗവും ഒന്നിക്കാനുള്ള വഴികള്‍ ഒരുങ്ങുന്നുവെന്നാണ്. അതിന് കാരണമാവട്ടെ, ഫത്തായിലെ ഭിന്നതയും.

ഇസ്ലാമിക രാഷ്ട്രീയ പ്രസ്ഥാനമായ ഹമാസാണ് ഗസ ഭരിക്കുന്നത്. വെസ്റ്റ് ബാങ്ക് ഭരിക്കുന്നത് ഫത്താക്ക് സ്വാധീനമുള്ള പലസ്തീന്‍ അതോറിറ്റിയും. പലസ്തീന്‍ നിയമസഭയായ പിഎല്‍സിയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഹമാസിനായിരുന്നു ഭൂരിപക്ഷം. എന്നാല്‍ ഫത്താ അംഗങ്ങള്‍ സ്ഥിരമായി സഭാ യോഗങ്ങള്‍ക്ക് എത്താറില്ല. അടുത്തിടെ കുറച്ച് അംഗങ്ങള്‍ ഹമാസിന് ഭൂരിപക്ഷമുള്ള പിഎല്‍സിയില്‍ പങ്കെടുത്ത് ചര്‍ച്ചകളില്‍ സജീവമായി.

ഭിന്നിച്ചവര്‍ ഹമാസിലേക്കോ?

ഡിസംബര്‍ 21നാണ് പിഎല്‍സിയുടെ അടിയന്തര യോഗം ചേര്‍ന്നത്. പലസ്തീന്‍ പ്രസിഡന്റ് മഹ്്മൂദ് അബ്ബാസ് ചില ഫത്താ അംഗങ്ങളുടെ നയതന്ത്ര പരിരക്ഷ എടുത്തുകളഞ്ഞതാണ് ഫത്തായിലെ ഭിന്നതക്ക് കാരണം. പിഎല്‍സി അംഗങ്ങളുടെ നയതന്ത്ര പരിരക്ഷ ഉറപ്പാക്കണമെന്നാണ് ഭിന്നച്ചവരുടെ പ്രധാന ആവശ്യം. അവരാണ് പിഎല്‍സി യോഗത്തിനെത്തിയത്. പിന്നെ അവരെ പിന്തുണയ്ക്കുന്നവരും.

മഹ്മൂദ് അബ്ബാസിന്റെ വിവാദ നടപടി

ഷാമി അല്‍ ഷാമി, നജാത്ത് അബൂബക്കര്‍, ജമാല്‍ അല്‍ തിറാവി, നാസര്‍ ജുമുഅ, മുഹമ്മദ് ദഹ്്‌ലാന്‍ എന്നിവരുടെ നയതന്ത്ര പരിരക്ഷ എടുത്തുകളയാനായിരുന്നു അബ്ബാസിന്റെ തീരുമാനം. ഇവരാവട്ടെ അബ്ബാസിന്റെ പല തീരുമാനങ്ങളിലും വിയോജിപ്പ് പ്രകടിപ്പിക്കുന്നവരാണ്. പൊതുപണം അപഹരിച്ചു, അപകീര്‍ത്തി പെടുത്തും വിധം പ്രവര്‍ത്തിച്ചു, ആയുധക്കടത്ത് തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ഈ അഞ്ച് പേര്‍ക്കെതിരായ അബ്ബാസിന്റെ നടപടി.

അബ്ബാസിനെ പിന്തുണയ്ക്കുന്നവര്‍ എത്തിയില്ല

ഗസാ സിറ്റിയിലെ പിഎല്‍സി ആസ്ഥാനത്ത് നടന്ന 132 അംഗ സഭാ സമ്മേളനത്തില്‍ 80 പേര്‍ പങ്കെടുത്തു. കൂടുതല്‍ പേരും ഹമാസില്‍ നിന്നുള്ളവരായിരുന്നു. വെസ്റ്റ് ബാങ്കില്‍ നിന്നുള്ള നിയമസാമാജികര്‍ ഫോണ്‍ വഴിയാണ് ചര്‍ച്ചകളില്‍ പങ്കാളികളായത്. മറ്റുള്ള പാര്‍ലമെന്റംഗങ്ങള്‍ ഇസ്രായേല്‍ തടവിലാക്കിയിരിക്കുകയാണ്. അബ്ബാസിനെ പിന്തുണയ്ക്കുന്ന ചിലരും സഭാ യോഗത്തിനെത്തിയില്ല.

ഐക്യം ശക്തമാക്കണമെന്ന് ആവശ്യം

2011ലാണ് ദഹ്ലാനെ ഫത്താ പുറത്താക്കിയത്. എന്നാല്‍ അദ്ദേഹത്തിന്റെ പാര്‍ലമെന്റ് അംഗത്വം നഷ്ടമായിട്ടില്ല. ഇപ്പോള്‍ ദഹ്്‌ലാന്‍ യുഎഇയിലാണ് താമസം. അംഗങ്ങളുടെ നയതന്ത്ര പരിരക്ഷ എടുത്തുകളഞ്ഞ അബ്ബാസിന്റെ നടപടി നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്ന് പിഎല്‍സി നിയമ സമിതിയുടെ അധ്യക്ഷന്‍ മുഹമ്മദ് അല്‍ ഗൗല്‍ സഭാ സമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു. അബ്ബാസിന്റെ തീരുമാനം തള്ളുകയാണെന്ന് പിഎല്‍സി രണ്ടാം ഡപ്യുട്ടി സ്പീക്കര്‍ ഹസന്‍ ഖുറൈഷി പറഞ്ഞു. ഇരുവിഭാഗവും ഒരുമിച്ച് സഭാ സമ്മേളനം ചേരുന്നത് തുടരണമെന്നും ഇതിന്റെ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ഒരു സമിതിയെ നിയോഗിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആശങ്കയോടെ ഇസ്രായേല്‍

ജനുവരിയില്‍ നടക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ ഫത്തായിലെ മുഴുവന്‍ അംഗങ്ങളും പങ്കെടുത്തേക്കുമെന്ന് റിപോര്‍ട്ടുകളുണ്ട്. പാര്‍ലമെന്റ് എടുക്കുന്ന മിക്ക തീരുമാനങ്ങളും ഫത്താക്ക് സ്വാധീനമുള്ള വെസ്റ്റ് ബാങ്കില്‍ പലസ്തീന്‍ അതോറിറ്റി നടപ്പാക്കാറില്ല. അതുപോലെ തന്നെ പ്രസിഡന്റ് ്അബ്ബാസ് എടുക്കുന്ന തീരുമാനങ്ങള്‍ ഗാസയില്‍ ഹമാസും നടപ്പാക്കാറില്ല. പലസ്തീനിലെ പുതിയ രാഷ്ട്രീയ നീക്കങ്ങള്‍ ഇസ്രായേല്‍ ആശങ്കയോടെയാണ് നോക്കികാണുന്നത്. പലസ്തീന്‍ രാഷ്ട്രീയക്കാര്‍ക്കിടയിലെ ഭിന്നത മുതലെടുത്തായിരുന്നു ഇതുവരെയുള്ള ഇസ്രായേല്‍ നീക്കങ്ങള്‍. ഇനി തടസങ്ങള്‍ നേരിടുമോ എന്നാണ് അവരുടെ ഭയം.

English summary
What does it take to bring together Hamas-Fatah legislators who have refused to meet officially for almost 10 years? Take away their immunity from prosecution, The PLC held an emergency meeting Dec. 21 that included several Fatah members to discuss Palestinian President Mahmoud Abbas' decision earlier in December to lift the diplomatic immunity of five Fatah parliament members.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X