
ഏറ്റവും കൂടുതല്‍ മുസ്ലിങ്ങളുള്ള രാജ്യം; കറന്‍സിയില്‍ ഗണപതി... കെജ്രിവാള്‍ പറഞ്ഞത് പുളുവല്ല
ജക്കാര്‍ത്ത: ഇന്ത്യയുടെ സാമ്പത്തിക അഭിവൃദ്ധിക്ക് വേണ്ടി എഎപി അധ്യക്ഷനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ മുന്നോട്ടു വച്ച ഉപായം വലിയ വിവാദമായിരിക്കുകയാണ്. ഇന്ത്യന്‍ രൂപയില്‍ ഗണപതിയുടെയും ലക്ഷ്മി ദേവിയുടെയും ചിത്രങ്ങള്‍ കൂടി ഉള്‍പ്പെടുത്തണമെന്നാണ് അദ്ദേഹത്തിന്റെ വാദം. ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെടാനിരിക്കുകയാണ് കെജ്രിവാള്‍.
ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഹിന്ദു പ്രീണനമാണ് കെജ്രിവാള്‍ ലക്ഷ്യമിടുന്നത് എന്ന വിമര്‍ശനമുണ്ട്. ബിജെപിയേക്കാള്‍ വലിയ ഹിന്ദുത്വവാദിയാണ് കെജ്രിവാള്‍ എന്ന ആരോപണവും ഉയര്‍ന്നു കഴിഞ്ഞു. എന്നാല്‍ കെജ്രിവാള്‍ സൂചിപ്പിച്ച ഗണപതിയുടെ ചിത്രമുള്ള മുസ്ലിം രാജ്യത്തിന്റെ കറന്‍സിയാണ് മറ്റൊരു കോണില്‍ ചര്‍ച്ച. അതിങ്ങനെ...

മാധ്യമങ്ങളുമായി സംസാരിക്കുമ്പോള്‍ കെജ്രിവാള്‍ തന്റെ വാദം സമര്‍ത്ഥിക്കുന്നതിന് ഉപയോഗിച്ചത് ഇന്തോനേഷ്യയുടെ കറന്‍സിയാണ്. ഇന്തോനേഷ്യയ്ക്ക് ആകാമെങ്കില്‍ എന്തുകൊണ്ട് ഇന്ത്യയില്‍ ആയിക്കൂടാ എന്ന് അദ്ദേഹം ചോദിക്കുന്നു. ഗണപതിയുടെയും ലക്ഷ്മി ദേവിയുടെയും ചിത്രം കറന്‍സിയില്‍ ഉള്‍പ്പെടുത്തണമെന്ന് വരുംദിവസം കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും കെജ്രിവാള്‍ പറഞ്ഞു.

ലോകത്ത് ഏറ്റവും കൂടുതല്‍ മുസ്ലിങ്ങള്‍ താമസിക്കുന്ന രാജ്യമാണ് ഇന്തോനേഷ്യ. ഇന്ത്യയിലേക്കാള്‍ മുസ്ലിങ്ങള്‍ ആ രാജ്യത്തുണ്ട്. ഏറ്റവും കൂടുതല്‍ മുസ്ലിങ്ങള്‍ താമസിക്കുന്ന രാജ്യങ്ങളില്‍ രണ്ടാം സ്ഥാനമാണ് ഇന്ത്യയ്ക്ക്. 20 കോടിയോളം മുസ്ലിങ്ങള്‍ ഇന്ത്യയില്‍ താമസിക്കുന്നു എന്നാണ് കരുതുന്നത്. രണ്ടു ശത്മാനമാണ് ഇന്തോനേഷ്യയിലെ ഹിന്ദു ജനസംഖ്യ. പക്ഷേ, അവിടെ കറന്‍സിയില്‍ ഗണപതിയുണ്ടായിരുന്നു.

ഇന്തോനേഷ്യന്‍ റുപിയ ആണ് ആ രാജ്യത്തിന്റെ കറന്‍സി. ഇന്തോനേഷ്യയിലെ 20000 റൂപിയയിലാണ് ഗണപതിയുടെ ചിത്രമുണ്ടായിരുന്നത്. 85 ശതമാനം മുസ്ലിങ്ങള്‍ താമസിക്കുന്ന രാജ്യമാണ് ഇന്തോനേഷ്യ. കറന്‍സിയില്‍ ഗണപതിയുടെ ചിത്രമുള്ള ഏക രാജ്യം ഇന്തോനേഷ്യയായിരുന്നു. മുന്‍ വിദ്യാഭ്യാസ മന്ത്രിയുടെ ചിത്രവും ഈ കറന്‍സിയിലുണ്ട്. കുട്ടികള്‍ പഠിക്കുന്ന ക്ലാസ് മുറിയുടെ ചിത്രമാണ് നോട്ടിന്റെ മറുഭാഗത്ത്. 1998ല്‍ പുറത്തിറക്കിയ ഈ നോട്ട് 2008ല്‍ പിന്‍വലിച്ചു. പിന്നീടിറക്കിയ 20000ന്റെ നോട്ടില്‍ ഗണപതിയില്ല.

ലോകത്ത് ഏറ്റവും കൂടുതല്‍ മുസ്ലിങ്ങള്‍ താമസിക്കുന്ന രാജ്യം മാത്രമല്ല ഇന്തോനേഷ്യ, ലോകത്തെ മൂന്നാമത്തെ വലിയ ജനാധിപത്യ രാജ്യം കൂടിയാണ്. ആറ് മതങ്ങള്‍ക്കാണ് ഇന്തോനേഷ്യയില്‍ ഔദ്യോഗിക അംഗീകാരമുള്ളത്. ഇസ്ലാം, പ്രൊട്ടസ്റ്റന്റിസം, ക്രിസ്തു, ഹിന്ദു, ബുദ്ധ, കണ്‍ഫ്യൂഷനിസം എന്നിവയാണവ. ഇന്തോനേഷ്യയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് വലിയ തോതില്‍ ഇളവുകള്‍ നല്‍കാറുണ്ട്.

ഒരു കാലത്ത് ഹിന്ദു മതവുമായി ചേര്‍ന്ന് നിന്നിരുന്ന സംസ്‌കാരമായിരുന്നു ഇന്തോനേഷ്യക്കാരുടേത്. അവിടെ നിരവധി ചരിത്ര സ്ഥലങ്ങള്‍ക്ക് ഹിന്ദു നാമമാണുള്ളത്. ചോള വംശത്തിന് കീഴിലായിരുന്നു ഇന്തോനേഷ്യയിലെ ചില പ്രദേശങ്ങള്‍ എന്ന് കരുതപ്പെടുന്നു. നിരവധി ക്ഷേത്രങ്ങളും ആ രാജ്യത്തുണ്ട്. കല, ശാസ്ത്രം, ജ്ഞാനം എന്നിവയുടെ ദൈവമായിട്ടാണ് ഇന്തോനേഷ്യന്‍ ഹിന്ദുക്കള്‍ ഗണപതിയെ കരുതുന്നത്.
സൗദി അരാംകോ ഉന്നത ഉദ്യോഗസ്ഥന് അറസ്റ്റില്‍; ജയിലില്‍ കഴിഞ്ഞത് ഒരാഴ്ച, കാരണം ഇതാണ്

ഇന്ത്യയുമായി പുരാതന കാലം മുതല്‍ ബന്ധമുണ്ടായിരുന്ന ഭൂപ്രദേശമാണ് ഇന്തോനേഷ്യ. അങ്ങനെയാണ് ഹിന്ദുമതം ഇന്തോനേഷ്യയില്‍ പ്രചരിച്ചത്. ഈ ബന്ധം തന്നെയാണ് ബുദ്ധമതവും പ്രചരിക്കാന്‍ കാരണം. അറബികളുമായുള്ള വ്യാപാര ബന്ധമാണ് ഇസ്ലാം വ്യാപിക്കാന്‍ കാരണമായി പറയപ്പെടുന്നത്. ഇസ്ലാമിക ആദര്‍ശങ്ങള്‍ അതിവേഗമാണ് ഇന്തോനേഷ്യക്കാര്‍ സ്വീകരിച്ചത്. എങ്കിലും അവര്‍ ഹൈന്ദവ ദൈവങ്ങള്‍ക്കുള്ള ഇടം മാറ്റിവെക്കുകയും ചെയ്തു.

ഇന്തോനേഷ്യയുടെ ദേശീയ ചിഹ്നത്തില്‍ പരുന്തിന്റെ രൂപം കാണാം. വിഷ്ണുവിന്റെ വാഹനമായിട്ടാണ് ഹിന്ദുക്കള്‍ ഗരുഡനെ കാണുന്നത്. ഇന്തോനേഷ്യന്‍ മിലിറ്ററി ഇന്റലിജന്‍സിന്റെ ഭാഗ്യ വസ്തുവായി കാണുന്നത് ഹനുമാനെയാണ് എന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലോകത്തെ ഏറ്റവും വലിയ വിഷ്ണു പ്രതിമയുള്ളത് ഇന്തോനേഷ്യയിലെ ബാലിയിലാണ്.