ഇന്ത്യന്‍ ആളില്ലാ വിമാനം ചൈനീസ് അതിര്‍ത്തി ലംഘിച്ചു; സാങ്കേതിക തകരാറെന്ന് ഇന്ത്യ

  • Written By:
Subscribe to Oneindia Malayalam

ദില്ലി: ഇന്ത്യന്‍ ആളില്ലാ വിമാനം (ഡ്രോണ്‍) തങ്ങളുടെ വ്യോമാതിര്‍ത്തിയിലേക്ക് അതിക്രമിച്ചു കടന്നുവെന്ന ചൈനീസ് ആരോപണം ശരിവച്ച് ഇന്ത്യ. സാങ്കേതിക തകരാര്‍ കാരണമാണ് അതിര്‍ത്തി ലംഘിക്കപ്പെട്ടതെന്നും ഇക്കാര്യം ചൈനീസ് സൈന്യത്തെ അറിയിച്ചിരുന്നുവെന്നും പ്രതിരോധ മന്ത്രാലയം വിശദീകരിച്ചു.

പതിവ് പരിശീലന പറക്കലിനിടെയാണ് ഇന്ത്യന്‍ ഡ്രോണിന് വഴിതെറ്റിയത്. നിയന്ത്രണ കേന്ദ്രവുമായുള്ള ബന്ധം തകരാറിലായതിനെ തുടര്‍ന്ന് ഡ്രോണ്‍ വഴിമാറി സഞ്ചരിക്കുകയായിരുന്നു. ഈ ഘട്ടത്തിലാണ് നിയന്ത്രണ രേഖ കടന്നത്. സാങ്കേതിക തകരാറാണ് നിയന്ത്രണം വിടാന്‍ കാരണം. ഇക്കാര്യം അന്വേഷിക്കുന്നുണ്ടെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.

Drone

നേരത്തെ ഇക്കാര്യം അറിയിച്ച ചൈന കടുത്ത ഭാഷയിലാണ് പ്രതികരിച്ചിരുന്നത്. ചൈനയുടെ പരമാധികാരം ലംഘിക്കുകയാണ് ഇന്ത്യ ചെയ്തിരിക്കുന്നതെന്നായിരുന്നു ചൈനീസ് പ്രതിരോധ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തത്.

അതിര്‍ത്തി കടന്ന ഡ്രോണ്‍ പിന്നീട് തകര്‍ത്തുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചൈനീസ് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വാര്‍ത്താ ഏജന്‍സിയാണ് സിന്‍ഹുവ. ചൈനക്കെതിരായ നീക്കമായാണിത് കാണുന്നത്. അതിലുള്ള അമര്‍ഷവും അതൃപ്തിയും അറിയിക്കുന്നുവെന്നും സൈനിക വക്താവ് പ്രതികരിരുന്നു. ചൈനീസ് സൈന്യം ഉചിതമായ നടപടി സ്വീകരിച്ചുവെന്നാണ് പ്രതിരോധ വകുപ്പിലെ ഉദ്യോഗസ്ഥന്‍ പറയുന്നത്. തകര്‍ന്ന ഡ്രോണ്‍ വിദഗ്ധ പരിശോധനയ്ക്ക് ചൈനീസ് സൈന്യം വിധേയമാക്കി.

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ഇപ്പോള്‍ സ്ഥിതിഗതികള്‍ ശാന്തമാണ്. മാസങ്ങള്‍ക്ക് മുമ്പ് ദോക്ലാമില്‍ ചൈനീസ് സൈന്യം റോഡ് നിര്‍മിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കം യുദ്ധത്തിന്റെ വക്കോളമെത്തിയിരുന്നു. തുടര്‍ന്ന് നടന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ഇരുരാജ്യങ്ങളും മേഖലയില്‍ നിന്ന് സൈനികരെ പിന്‍വലിച്ചതോടെയാണ് സ്ഥിതിഗതികള്‍ ശാന്തമായത്.

English summary
Indian drone invaded China’s airspace, crashed, alleges Chinese media,

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്