ഇന്ത്യന്‍ സൈന്യം മാർച്ച് 15 ന് മുമ്പ് രാജ്യം വിടണം: പുതിയ നിർദേശവുമായി മാലിദ്വീപ്
മാർച്ച് 15-നകം ഇന്ത്യൻ സൈനികർ രാജ്യം വിടണമെന്ന നിർദേശവുമായി മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു . അധികാരമേറ്റെടുത്തതിന് ശേഷം ചൈനയിലേക്കുള്ള തന്റെ ആദ്യസന്ദർശനത്തിനിടെ ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തിയതിന് ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് മുഹമ്മദ് മുയിസുവിന്റെ ശ്രദ്ധേയമായ നിർദേശം. മാലിദ്വീപ് ഇന്ത്യയെ കൈവെടിഞ്ഞ് ചൈനയുമായി കൂടുതല്‍ അടുക്കുന്നു എന്നതിന്റെ വ്യക്തമായ സൂചനയായിട്ടാണ് നയതന്ത്ര ഉദ്യോഗസ്ഥർ ഇതിനെ വിലയിരുത്തുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിന് ശേഷം മാലദ്വീപ് മന്ത്രിമാർ മോശമായ പരാമർശങ്ങൾ നടത്തിയതിനെ തുടർന്ന് ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള നയതന്ത്ര തർക്കം അടുത്തിടെ രൂക്ഷമാകുകയും ചെയ്തിരുന്നു. മോദി വിരുദ്ധ പരാമർശത്തില്‍ ഇന്ത്യയില്‍ നിന്നുള്ള മാലിദ്വീപ് ബഹിഷ്കരണ ക്യാമ്പയ്നുകള്‍ക്ക് പുറമെ പ്രതിപക്ഷ വിമർശനം കൂടി ശക്തമായതോടെയായിരുന്നു 3 മന്ത്രിമാരെ മാലി സർക്കാറിന് പിന്‍വലിക്കേണ്ടി വന്നത്.

മന്ത്രിമാരെ പിന്‍വലിച്ചെങ്കിലും ചൈനയുമായുള്ള ബന്ധം മുയിസു ഒരോ ദിവസവും മെച്ചപ്പെടുത്തി വരികയാണ്. "ഞങ്ങൾ ചെറുതായിരിക്കാം, പക്ഷേ ഞങ്ങളെ ഭീഷണിപ്പെടുത്താനുള്ള ലൈസൻസ് ആർക്കും ഇല്ല" എന്ന പ്രസ്താവനയിലൂടെ മുയിസു ലക്ഷ്യമിടുന്നതും ഇന്ത്യയെയാണ്. ഇതിന് പിന്നാലെയാണ് ഇന്ത്യൻ സൈനികർക്ക് മാലിദ്വീപിൽ ഇനിയും തുടരാന്‍ കഴിയില്ലെന്ന് പ്രസിഡൻറ് ഓഫീസിലെ പബ്ലിക് പോളിസി സെക്രട്ടറി അബ്ദുല്ല നാസിം ഇബ്രാഹിം വ്യക്തമാക്കിയത്.
ഏകദേശം 88 ഇന്ത്യൻ സൈനി ട്രൂപ്പ് മാലിദ്വീപിൽ ഉണ്ടെന്നാണ് റിപ്പോർട്ട്. "ഇന്ത്യ ഔട്ട്" എന്ന പ്രചാരണത്തിലൂടെയാണ് ഇപ്പോഴത്തെ മാലിദ്വീപ് പ്രസിഡന്റ് അധികാരത്തിലെത്തിയത്. മാലിദ്വീപിൽ നിന്ന് ഇന്ത്യൻ സൈന്യത്തെ പിൻവലിക്കുക എന്നത് മുയിസുവിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനവുമായിരുന്നു.
പുതിയ സാഹചര്യത്തില്‍ മാലിദ്വീപും ഇന്ത്യയും സൈനികരെ പിൻവലിക്കാനുള്ള ചർച്ചകൾക്കായി ഒരു ഉന്നതതല കോർ ഗ്രൂപ്പിനെ രൂപീകരിച്ചു. ഞായറാഴ്ച രാവിലെ മാലിയിലെ വിദേശകാര്യ മന്ത്രാലയ ആസ്ഥാനത്ത് സംഘം ആദ്യ യോഗം ചേരുകയും ചെയ്തു. ഇന്ത്യൻ ഹൈക്കമ്മീഷണർ മുനു മഹാവാറും യോഗത്തിൽ പങ്കെടുത്തതായും പുറത്ത് വന്ന റിപ്പോർട്ടുകളില്‍ പറയുന്നു. മാർച്ച് 15-നകം സൈന്യത്തെ പിൻവലിക്കാനുള്ള അഭ്യർത്ഥനയാണ് യോഗത്തിന്റെ പ്രധാന അജണ്ട. അതേസമയം ഇത്തരം റിപ്പോർട്ടുകളോട് ഇന്ത്യന്‍ സർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ല.
കേന്ദ്രമന്ത്രി കിരൺ റിജിജു നവംബറിൽ മാലദ്വീപ് സന്ദർശിച്ച് നിലവിലെ രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മാലി ദ്വീപ് ഇന്ത്യൻ സൈനിക പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നത് തുടരുന്നതിനുള്ള "പ്രവർത്തിക്കാവുന്ന പരിഹാരത്തിന്" ഇരുപക്ഷവും സമ്മതിച്ചതായി ഇന്ത്യൻ സർക്കാർ വൃത്തങ്ങൾ ആ സമയത്ത് വ്യക്തമാക്കുകയും ചെയ്തിരുന്നു.
മുയിസുവിന് മുമ്പുള്ള പ്രസിഡന്റ് ഇബ്രാഹിം സോലിഹിന്റെ "ഇന്ത്യ ആദ്യം" എന്ന നയത്തിൽ നിന്ന് "ഇന്ത്യ ഔട്ട്" എന്നതിലേക്കുള്ള മാലിയുടെ മാറ്റം പെട്ടെന്നുള്ളതല്ല. ഇബ്രാഹിം സോലിഹിന്റെ മുൻഗാമിയായ അബ്ദുള്ള യമീൻ 2013-ൽ ഇന്ത്യയ്‌ക്കെതിരെ പ്രചാരണം ആരംഭിക്കുകയും ദ്വീപ് രാഷ്ട്രത്തിന്റെ ബന്ധം ചൈനയുമായി അടുപ്പിക്കുകയും ചെയ്ത ആദ്യത്തെ മാലിദ്വീപ് നേതാവ് കൂടിയായിരുന്നു.












Click it and Unblock the Notifications