താലിബാനുമായി തങ്ങള്‍ക്കല്ല, സൗദിക്കു തന്നെയാണ് ബന്ധമെന്ന് ഇറാന്‍

  • Posted By:
Subscribe to Oneindia Malayalam

ഇറാന്‍ ഭരണകൂടത്തിന് അഫ്ഗാനിസ്താനിലെ താലിബാന്‍ തീവ്രവാദികളുമായി ബന്ധമുണ്ടെന്ന സൗദി അറേബ്യയുടെ ആരോപണത്തിനെതിരേ ശക്തമായ ആക്രമണവുമായി കാബൂളിലെ ഇറാന്‍ എംബസി രംഗത്തെത്തി. തീവ്രവാദത്തിനെതിരേ ശക്തമായ നിലപാടുകളെടുക്കുകയും അതിന്റെ പേരില്‍ ആക്രമിക്കപ്പെടുകയും ചെയ്യുന്ന തങ്ങള്‍ക്കെതിരേ ആരോപണം ഉന്നയിച്ചവര്‍ തന്നെയാണ് താലിബാനെ പിന്തുണക്കുന്നത് എന്നായിരുന്നു അഫ്ഗാനിലെ ഇറാന്‍ അംബാസഡറുടെ ചുട്ട മറുപടി.

terrorist-6

സൗദിയുടെ ആരോപണം വിചിത്രം
അഫ്ഗാനിലെ സൗദി പ്രതിനിധി മിശാരി അല്‍ ഹര്‍ബിയാണ് ഇറാന്‍ താലിബാനെ സഹായിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം ആരോപണം ഉന്നയിച്ചത്. സൗദി നയതന്ത്ര ഉദ്യോഗസ്ഥന്റെ വിചിത്രമായ ഈ ആരോപണം അടിസ്ഥാന രഹിതവും വസ്തുതകള്‍ക്ക് നിരക്കാത്തതുമാണെന്ന് ഇറാന്‍ അംബാസഡര്‍ വ്യക്തമാക്കി. സൗദിയുടെ ഉത്തരവാദിത്തമില്ലാത്തതും ഭിന്നത സൃഷ്ടിക്കാന്‍ ഉദ്ദേശിച്ചുള്ളതുമായ ഈ നടപടിയെ ഇറാന്‍ പൂര്‍ണമായും തള്ളിക്കളയുന്നതായി പ്രസ്താവനയില്‍ പറഞ്ഞു.

താലിബാനെ പിന്തുണച്ചത് സൗദി
മുന്‍ താലിബാന്‍ ഭരണകൂടത്തിന് അംഗീകാരം നല്‍കിയവരും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഭീകരവാദ ഗ്രൂപ്പുകളുമായി ശക്തമായ ബന്ധങ്ങളുമുള്ളവരാണ് തങ്ങള്‍ക്കെതിരേ ഈ ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നതെന്നത് വിരോധാഭാസമാണ്. അഫ്ഗാനില്‍ നടക്കുന്ന ഭീകരാക്രമണങ്ങള്‍ക്ക് ഇരയായവരില്‍ ഇറാന്റെ നയതന്ത്ര ഉദ്യോഗസ്ഥരുമുണ്ടായിരുന്നു. 1998ല്‍ അഫ്ഗാനിലെ മസാറെ ശരീഫിലുണ്ടായ സ്‌ഫോടനത്തില്‍ ഇറാന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇര്‍നയുടെ കറസ്‌പോണ്ടന്റ് മഹ്മൂദ് സറേമിയും എട്ട് ഇറാനിയന്‍ പ്രതിനിധികളും കൊല്ലപ്പെട്ടിരുന്നു.
മേഖലയിലെ ഭീകരവാദത്തിന്റെയും തീവ്രവാദ ആശയങ്ങളുടെയും മൂലകാരണം എന്താണെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഇത്തരം ആശയങ്ങളുടെ സ്‌പോണ്‍സര്‍മാരാണ് മേഖലയില്‍ നാശം വിതയ്ക്കുന്നത്. അഫ്ഗാനിലെ സമാധാനശ്രമങ്ങളെ പിന്തുണയ്ക്കുകയെന്നതാണ് ഇറാന്‍ ഇതുവരെ തുടര്‍ന്നുവരുന്ന നിലപാടെന്നും അതില്‍ മാറ്റമില്ലെന്നും പ്രസ്താവന വ്യക്തമാക്കി.

അഫ്ഗാനില്‍ ഐസിസിനും കേന്ദ്രങ്ങള്‍
സിറിയ, ഇറാഖ് എന്നീ രാജ്യങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇസ്്‌ലാമിക് സ്റ്റേറ്റ് ഭീകരര്‍ക്ക് അഫ്ഗാനിസ്താനിലും സാന്നിധ്യമുണ്ടെന്ന് ഇറാന്‍ പ്രസ്താവനയില്‍ ആരോപിച്ചു. അഫ്ഗാനിലെ കലങ്ങിമറിഞ്ഞ സാഹചര്യം മുതലെടുത്താണ് ഇവിടെ താവളമാക്കാന്‍ ഐസിസ് ശ്രമിക്കുന്നത്. അഫ്ഗാനിലെ കിഴക്കന്‍ പ്രവിശ്യയായ നംഗര്‍ഹാറില്‍ ഇവര്‍ക്ക് സ്വന്തമായി താവളങ്ങളുണ്ട്. ഭീകരവാദ വിരുദ്ധ യുദ്ധത്തിന്റെ പേരില്‍ അമേരിക്കയുടെ നേതൃത്വത്തില്‍ നടന്ന ആക്രമണങ്ങളാണ് അഫ്ഗാനിസ്താനെ ഇത്രവലിയ ദുരന്തത്തിലേക്ക് തള്ളിവിട്ടതെന്നും ഇറാന്‍ കുറ്റപ്പെടുത്തി.
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഏതാനും യുവാക്കള്‍ അഫ്ഗാനിലെ ഐസിസിനൊപ്പം ചേര്‍ന്നതായും അമേരിക്കന്‍ ആക്രമണങ്ങളില്‍ പലരും കൊല്ലപ്പെട്ടതായും കേരള പോലിസും ദേശീയ കുറ്റാന്വേഷണ ഏജന്‍സിയും വ്യക്തമാക്കിയിരുന്നു.

English summary
Iran rejects ‘bizarre’ Saudi claims of support for Taliban
Please Wait while comments are loading...