സൗദി അറേബ്യയെ പിന്നിലാക്കി ഇറാന്‍; തലമറയ്ക്കാത്ത സ്ത്രീകളെ കാണും!! ഇനി സ്‌പെഷ്യല്‍ ക്ലാസ്
വസ്ത്ര ചട്ടം ലംഘിക്കുന്നവരെ പോലീസ് അറസ്റ്റ് ചെയ്ത് സ്‌റ്റേഷനില്‍ കൊണ്ടുപോകും. വീട്ടുകാരെ വിളിപ്പിച്ച് നിയമപ്രകാരമുള്ള മറ്റൊരു വസ്ത്രം ധരിപ്പിച്ചാണ് വിട്ടയക്കുക.
തെഹ്‌റാന്‍: സൗദി അറേബ്യയില്‍ സ്ത്രീകള്‍ക്ക് വന്‍തോതില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഇറാനും അതേ പാതയില്‍ സഞ്ചരിക്കുന്നു. 38 വര്‍ഷമായി തുടരുന്ന വസ്ത്രധാരണ ചട്ടത്തില്‍ ഇറാന്‍ ഇളവ് വരുത്തി. ഇസ്ലാമിക ശരീഅ ശക്തമായി നടപ്പാക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇറാന്‍. സൗദി ഇളവ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇറാനും ഇളവുകള്‍ നല്‍കിയത്. ഇനി മുതല്‍ ഇറാന്‍ തലസ്ഥാനമായ തെഹ്‌റാനില്‍ സ്ത്രീകള്‍ തല മറച്ചില്ലെങ്കില്‍ അറസ്റ്റ് ചെയ്യില്ല. പകരം പോലീസ് ഉപദേശിക്കും. തലസ്ഥാനത്തെ ഡ്രസ് കോഡ് സംബന്ധിച്ച് പോലീസ് പ്രത്യേക നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു...

ഇസ്ലാമിക വിപ്ലവം
അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ ഇറാനില്‍ നിന്ന് തുരത്തിയ ഇസ്ലാമിക വിപ്ലവം നടന്നത് 1979ലാണ്. അതിന് ശേഷം രാജ്യത്ത് ശക്തമായ ഇസ്ലാമിക നിയമങ്ങള്‍ നിലവിലുണ്ട്. സ്ത്രീകള്‍ അയഞ്ഞതും കട്ടിയുള്ളതുമായ വസ്ത്രം ധരിക്കണമെന്നാണ് ഇതുവരെയുള്ള ചട്ടം.

മാറിമറയുന്ന ചട്ടങ്ങള്‍
തല മറയ്ക്കാതെ സ്ത്രീകള്‍ക്ക് ഇറാനില്‍ പുറത്തിറങ്ങാന്‍ സാധിച്ചിരുന്നില്ല. ഇങ്ങനെ ഇറങ്ങുന്നവരെ പോലീസ് അറസ്റ്റ് ചെയ്യും. തുടര്‍ന്ന് വീണ്ടും ആവര്‍ത്തിച്ചാല്‍ പിഴ ഈടാക്കും. ഇത്തരത്തിലുള്ള ചടങ്ങളെല്ലാം മാറ്റിയിരിക്കുകയാണ് ഇറാനില്‍.

പിടികൂടിയാല്‍
ഇനി ഹിജാബില്ലാതെ പുറത്തിറങ്ങുന്ന സ്ത്രീകളെ അറസ്റ്റ് ചെയ്യില്ല. പകരം അവരോട് ഹിജാബ് ധരിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് ബോധവല്‍ക്കരിക്കും. പ്രത്യേകമായ ക്ലാസ് ഇവര്‍ക്ക് വേണ്ടി സംഘടിപ്പിക്കും. ഹിജാബില്ലാതെ പുറത്തിറങ്ങുന്നത് ആവര്‍ത്തിച്ചാലും അറസ്റ്റ് ചെയ്യില്ലെന്നും റിപ്പോര്‍ട്ടുണ്ട്.

തലസ്ഥാനത്ത് മാത്രം
തലസ്ഥാനത്ത് ചട്ടം ലംഘിച്ച് വസ്ത്രം ധരിക്കുന്നതും മറ്റു നിസാര കുറ്റകൃത്യങ്ങളും പരിശോധിക്കുന്നതിന് പ്രത്യേക പോലീസിനെ നിയോഗിച്ചിരുന്നു. ഇവരാണ് ഇതുവരെ ഹിജാബില്ലാതെ പുറത്തിറങ്ങുന്നവരെ അറസ്റ്റ് ചെയ്തിരുന്നത്. ഈ പോലീസ് സംഘത്തിന്റെ മേധാവി തന്നെയാണ് പുതിയ ഉളവുകള്‍ പ്രഖ്യാപിച്ചത്. തെഹ്‌റാനില്‍ മാത്രമാണ് ഇളവുകള്‍. രാജ്യത്തിന്റെ മറ്റുഭാഗത്ത് ഈ ഇളവ് ലഭിക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

നഖത്തില്‍ നിറം നല്‍കാമോ
ഡ്രസ് കോഡില്‍ ഇളവ് വരുത്തണമെന്നാവശ്യപ്പെട്ട് യുവതലമുറ രംഗത്തുവന്നിരുന്നു. ഇവരുടെ അഭ്യര്‍ഥന മാനിച്ചാണ് പുതിയ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. തല മറയ്ക്കാതെ പുറത്തിറങ്ങാനുള്ള സ്വാതന്ത്ര്യം വേണം, നഖത്തില്‍ നിറം നല്‍കാന്‍ അനുവദിക്കണം എന്നീ ആവശ്യങ്ങളും ഇറാനില്‍ സ്ത്രീകള്‍ ഉയര്‍ത്തിയിരുന്നു. നഖത്തില്‍ നിറം നല്‍കുന്നതിന് ഇളവ് നല്‍കിയിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല.

പരിഷ്‌കരണ വാദി
മിതവാദിയും പരിഷ്‌കരണ വാദിയുമായാണ് നിലവിലെ ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയെ അറിയപ്പെടുന്നത്. യാഥാസ്ഥിതിക വിഭാഗത്തിന്റെ സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയാണ് റൂഹാനി അധികാരത്തിലെത്തിയത്. പുതിയ തലമുറയ്ക്ക്് റൂഹാനിയില്‍ ഏറെ പ്രതീക്ഷയുണ്ടെന്നും ഇനിയും ഇളവുകള്‍ പ്രഖ്യാപിക്കുമെന്നാണ് സൂചനകളെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഇളവുകള്‍ പിന്‍വലിക്കുമോ
അതേസമയം, ഇറാനില്‍ യാഥാസ്ഥിതിക വിഭാഗത്തിന് നല്ല സ്വാധീനമാണുള്ളത്. പോലീസിലും ജുഡീഷ്യറിയിലും ഈ വിഭാഗത്തിനാണ് സ്വാധീനം. അതുകൊണ്ടു തന്നെ ഇളവുകള്‍ പിന്‍വലിക്കുമോ എന്ന ആശങ്ക പങ്കുവയ്ക്കുന്നവരും കുറവല്ല.

വ്യത്യസ്ത റിപ്പോര്‍ട്ടുകള്‍
എന്നാല്‍ പുതിയ ഇളവുകളുമായി ബന്ധപ്പെട്ട് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ വ്യത്യസ്തമാണ്. ഹിജാബ് ധരിക്കാതെ പുറത്തിറങ്ങുന്ന സ്ത്രീകളെ അറസ്റ്റ് ചെയ്യുകയോ നിയമ നടപടി സ്വീകരിക്കുകയോ ചെയ്യില്ലെന്നാണ് പരിഷ്‌കരണ വാദികളുടെ പത്രമായ അല്‍ ഷാര്‍ഖ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഹിജാബില്ലാതെ പുറത്തിറങ്ങുന്നത് ആവര്‍ത്തിച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്ന് സര്‍ക്കാരുമായി ബന്ധമുള്ള തസ്‌നിം വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

സദാചാര പോലീസ് ചെയ്തിരുന്നത്
ഇത്തരം കാര്യങ്ങള്‍ നിരീക്ഷിക്കുക സദാചാര പോലീസാണ്. സൗദിയിലെ മതകാര്യ പോലീസിന് തുല്യമായ പ്രവര്‍ത്തനമാണ് ഇറാനില്‍ ഈ സുരക്ഷാ വിഭാഗം നടത്തുന്നത്. വസ്ത്ര ചട്ടം ലംഘിക്കുന്നവരെ പോലീസ് അറസ്റ്റ് ചെയ്ത് സ്‌റ്റേഷനില്‍ കൊണ്ടുപോകും. വീട്ടുകാരെ വിളിപ്പിച്ച് നിയമപ്രകാരമുള്ള മറ്റൊരു വസ്ത്രം ധരിപ്പിച്ചാണ് വിട്ടയക്കുക. ഇനി ആവര്‍ത്തിക്കില്ലെന്ന് വെള്ളക്കടലാസില്‍ എഴുതി ഒപ്പിട്ടു കൊടുക്കുകയും വേണം- ഇതായിരുന്നു ഇതുവരെയുള്ള നടപടികള്‍.

ശത്രു രാജ്യത്തെ മാറ്റം
സൗദിയില്‍ സ്ത്രീകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. മാത്രമല്ല, സ്റ്റേഡിയങ്ങളില്‍ മല്‍സരങ്ങളില്‍ പങ്കെടുക്കുന്നതിനും മല്‍സരം വീക്ഷിക്കാന്‍ എത്തുന്നതിനുമുള്ള വിലക്കുകള്‍ നീക്കിയത് അടുത്തിടെയാണ്. കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ പ്രത്യേക നിര്‍ദേശ പ്രകാരമായിരുന്നു പുതിയ ഇളവുകള്‍. കഴിഞ്ഞദിവസം സൗദിയില്‍ നടന്ന അന്താരാഷ്ട്ര ചെസ് മല്‍സരത്തില്‍ പങ്കെടുത്ത വനിതകള്‍ അബായ ധരിച്ചിരുന്നില്ല. സിനിമാ പ്രദര്‍ശനത്തിനുള്ള വിലക്കും സൗദിയില്‍ എടുത്തുകളഞ്ഞിട്ടുണ്ട്.












Click it and Unblock the Notifications