കുര്‍ദ് നേതാക്കള്‍ തന്നെ ഒറ്റുകാരായി; കിര്‍ക്കുക്കിന്റെ നിയന്ത്രണം ഇറാഖ് സൈനികര്‍ക്ക്
കിര്‍ക്കുക്: കുര്‍ദ് പേഷ്‌മെര്‍ഗകളുടെ നിയന്ത്രണത്തിലായിരുന്ന എണ്ണ സമ്പന്നവും തന്ത്രപ്രധാനവുമായ കിര്‍ക്കുക്ക് പ്രദേശം ഇറാഖി സേന തിരിച്ചുപിടിച്ചു. അവസാനം വരെ ചുറുത്തുനില്‍ക്കുമെന്ന് കുര്‍ദ് നേതാക്കള്‍ വീമ്പിളക്കിയിരുന്നുവെങ്കിലും പറയത്തക്ക ചെറുത്തുനില്‍പ്പൊന്നും ഇറാഖി സൈന്യത്തിന് നേരിടേണ്ടി വന്നില്ല. കുര്‍ദ് സൈനിക നേതാക്കളുടെ പിന്തുണയോടെയാണ് ഇറാഖ് സൈന്യത്തിന്റെ മുന്നേറ്റമെന്നാണ് സൂചന.
വെളിപ്പെടുത്താത്ത തെളിവുകളോടെ കുറ്റപത്രം തയ്യാര്‍... ദിലീപ് രക്ഷപ്പെടില്ല, എല്ലാ പഴുതുകളുമടച്ചു

ഇറാഖിന്റെ പതാക നാട്ടി
കിര്‍ക്കുക്ക് നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ഭരണസിരാകേന്ദ്രമായ ഗവര്‍ണറേറ്റ് ബില്‍ഡിംഗ് പിടിച്ചെടുത്ത സൈന്യം അവിടെയുണ്ടായിരുന്ന കുര്‍ദ് പതാക അഴിച്ചമാറ്റി ഇറാഖിന്റെ പതാക ഉയര്‍ത്തി. ഇറാഖിന്റെ ഭീകരവിരുദ്ധ സേനയായ കൗണ്ടര്‍ടെററിസം സര്‍വീസ് പോരാളികള്‍ ഒരു ഡസന്‍ ഹംവിയുമായെത്തി ഗവര്‍ണറേറ്റിന് ചുറ്റും നിലയുറപ്പിച്ചതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. പ്രാദേശിക പോലിസും അവര്‍ക്കൊപ്പമുണ്ടായിരുന്നു. ഇറാന്‍ സൈന്യത്തിന്റെ പരിശീലനം ലഭിച്ച ശിയാ-തുര്‍ക്കി സായുധസംഘമായ പോപ്പുലര്‍ മൊബിലൈസേഷന്‍ ഫോഴ്‌സസിന്റെ പിന്തുണയോടെയാണ് ഇറാഖി സേനയുടെ മുന്നേറ്റം.

വ്യോമതാവളവും വിമാനത്താവളവും പിടിച്ചു
കിര്‍ക്കുക്കിലെ തന്ത്രപ്രധാനമായ കെ-1 വ്യോമസേനാ താവളവും സുപ്രധാന എണ്ണപ്പാടങ്ങളും വിമാനത്താവളവും സൈനിക നീക്കം തുടങ്ങിയ തിങ്കളാഴ്ച തന്നെ ഇറാഖി സേന തിരിച്ചുപിടിച്ചിരുന്നു. ഇറാഖി സേനയുടെ മുന്നേറ്റം കണ്ട് പേഷ്‌മെര്‍ഗ സൈനികരടക്കം ആയിരക്കണക്കിനാളുകള്‍ നഗരത്തില്‍നിന്ന് പലായനം ചെയ്തതായി റിപ്പോര്‍ട്ടുണ്ട്.

പൂര്‍ണമായ കീഴടങ്ങല്‍
വെറും 15 മണിക്കൂര്‍ കൊണ്ടാണ് ഇറാഖി സൈന്യം കിര്‍ക്കുക്കിന്റെ നിയന്ത്രണം പൂര്‍ണമായും തിരിച്ചുപിടിച്ചതെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഇറാഖി സൈന്യം ആക്രമിക്കുമെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ മൂന്നു ദിവസം മുമ്പു തന്നെ പേഷ്‌മെര്‍ഗ പട്ടാളം അതിര്‍ത്തിയില്‍ ആയുധസജ്ജരായി നിലയുറപ്പിച്ചിരുന്നുവെങ്കിലും എവിടെയും കാര്യമായ ഏറ്റുമുട്ടലുണ്ടായതായി റിപ്പോര്‍ട്ടില്ല. പൂര്‍ണമായ കീഴടങ്ങലാണ് കുര്‍ദ് സൈനികരുടെ ഭാഗത്തുനിന്നുണ്ടായതെന്നാണ് വിലയിരുത്തല്‍. യാതൊരു ചെറുത്തുനില്‍പ്പിനും ശ്രമിക്കാതെ ഇറാഖി സൈന്യത്തിനു മുമ്പില്‍ കീഴടങ്ങിയ പേഷ്‌മെര്‍ഗയുടെ നടപടിയില്‍ ജനങ്ങളില്‍ നിന്ന് ശക്തമായ പ്രതിഷേധം ഉയര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

കുര്‍ദുകള്‍ക്കിടയില്‍ വിള്ളല്‍
കുര്‍ദുകള്‍ക്കിടയിലെ രണ്ട് പ്രധാന സംഘടനകളായ കുര്‍ദിസ്താന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (കെ.ഡി.പി), പാട്രിയോട്ടിക് യൂനിയന്‍ ഓഫ് കുര്‍ദിസ്താന്‍ (പി.യു.കെ) എന്നിവയ്ക്കിടയില്‍ ഭിന്നിപ്പ് ആരംഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. നേരത്തേ സ്വാതന്ത്ര്യ ഹിതപ്പരിശോധനാ ഫലം തള്ളിയാല്‍ മാത്രമേ കുര്‍ദുകളുമായി ചര്‍ച്ചയുള്ളൂ എന്ന ഇറാഖ് കേന്ദ്ര ഭരണകൂടത്തിന്റെ നിലപാടിനെതിരേ ഇരു സംഘടനകളും ഒറ്റക്കെട്ടായി നിലകൊണ്ടിരുന്നു. എന്നാല്‍ ഇറാഖി സൈന്യം കിര്‍ക്കുക് കീഴടക്കാന്‍ എത്തിയപ്പോള്‍ അവരെ പി.യു.കെ സഹായിച്ചുവെന്നാണ് ആരോപണം. ഇറാഖി സൈന്യവും കൂടെ പോരാടുന്ന ശിയാ പോരാളികളും പി.യു.കെയെ അഭിനന്ദിച്ച് പ്രസ്താവനയിറക്കിയതോടെയാണിത്. അകത്തുനിന്നു തന്നെ ഒറ്റുകൊടുത്തതാണ് കിര്‍ക്കുക്കിന്റെ വീഴ്ചയ്ക്ക് കാരണമെന്ന് കെ.ഡി.പി നേതാവും കുര്‍ദിഷ് റീജ്യണല്‍ ഗവണ്‍മെന്റ് പ്രസിഡന്റ് മസൂദ് ബര്‍സാനിയുടെ മുതിര്‍ന്ന സഹായിയുമായ ഹമീം ഹൗറമി കുറ്റപ്പെടുത്തി.

എല്ലാറ്റിനും കാരണം ഹിതപ്പരിശോധന
ഇറാഖില്‍ നിന്ന് സ്വാതന്ത്ര്യം നേടുന്നതിന്റെ ഭാഗമായി കുര്‍ദിസ്താനിലെ പ്രാദേശിക ഭരണകൂടം ഹിതപ്പരിശോധന നടത്തിയതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയാണ് പുതിയ സംഘര്‍ഷത്തിന് കാരണം. സപ്തംബര്‍ 25ന് നടന്ന സ്വാതന്ത്ര്യ ഹിതപ്പരിശോധനയില്‍ കിര്‍ക്കുക്ക് പങ്കെടുത്തത് ഇറാഖ് ഭരണകൂടത്തെ ചൊടിപ്പിച്ചിരുന്നു. എണ്ണ സമ്പന്നമായ ഈ പ്രവിശ്യയില്‍ കുര്‍ദ് ജനങ്ങളാണ് കൂടുതല്‍. അറബ്, ശിയാ, ക്രിസ്ത്യന്‍ വിഭാഗക്കാരും ഇവിടെയുണ്ട്. കുര്‍ദിസ്താന്‍ പ്രാദേശിക ഭരണകൂടത്തിന്റെ പ്രധാന വരുമാന മാര്‍ഗമാണ് കിര്‍ക്കുക്ക്. ഇവിടെനിന്നുള്ള എണ്ണ തുര്‍ക്കി വഴി വിതരണം ചെയ്താണ് കുര്‍ദിഷ് സര്‍ക്കാര്‍ പിടിച്ചുനില്‍ക്കുന്നത്.
ഇറാഖിന്റെ ഭാഗമായിരുന്ന തന്ത്രപ്രധാന പ്രദേശമായ കിര്‍ക്കുക്ക്, 2014ല്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ നിയന്ത്രണത്തിലായിരുന്നു. അവരെ പുറത്താക്കിയ കുര്‍ദ് സൈന്യം കിര്‍ക്കുക്കിന്റെ നിയന്ത്രണം കൈക്കലാക്കുകയായിരുന്നു. എന്നാല്‍ ഹിതപ്പരിശോധനയുടെ പശ്ചാത്തലത്തില്‍ കിര്‍ക്കുക്കിന്റെ നിയന്ത്രണം തിരിച്ചുപിടിക്കാന്‍ ഇറാഖ് ഭരണകൂടം തീരുമാനിക്കുകയായിരുന്നു.












Click it and Unblock the Notifications