സിറിയയില്‍ ഐസിസ് ഭീകരര്‍ക്ക് കാലിടറുമ്പോള്‍ നെഞ്ചിടിപ്പ് ഇസ്രായേലിന്! എന്താണ് കാരണം?

  • Posted By:
Subscribe to Oneindia Malayalam

ജെറുസലേം: സിറിയയില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ കനത്ത പരാജയം ഏറ്റുവാങ്ങിക്കൊണ്ടിരിക്കുമ്പോള്‍ നെഞ്ചിടിപ്പ് കൂടുന്നത് ഇസ്രായേലിന്. കാരണം സിറിയയില്‍ സമാധാനന്തരീക്ഷമുണ്ടാവുന്നത് തങ്ങള്‍ക്ക് ഭീഷണിയായാണ് ഇസ്രായേല്‍ കാണുന്നത്. മാത്രമല്ല, ആറു വര്‍ഷം നീണ്ട ആഭ്യന്തര സംഘര്‍ഷത്തിനൊടുവിലും ഇസ്രായേല്‍ ആഗ്രഹിച്ചതു പോലുള്ള ഒരു മാറ്റം സിറിയയില്‍ ഉണ്ടായിട്ടുമില്ല.

85% പ്രദേശങ്ങളും സിറിയന്‍ സേന തിരിച്ചുപിടിച്ചു

85% പ്രദേശങ്ങളും സിറിയന്‍ സേന തിരിച്ചുപിടിച്ചു

ഇറാഖിലേക്ക് കടക്കുന്നതിനു മുമ്പ് ഐ.എസ് ഭീകരരുടെ പ്രധാന താവളമായിരുന്നു സിറിയ. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും ഐ.എസ് ഉള്‍പ്പെടെയുള്ള പത്തോളം സായുധ സംഘങ്ങളുടെ കൈകളിലായിരുന്നു. ഇവയില്‍ ശാം ലീജിയന്‍, അഹ്‌റാര്‍ അല്‍ ശാം, ജെയ്ശ് അല്‍ ഇസ്ലാം, ഫ്രീ ഇദ്‌ലിബ് ആര്‍മി, ജബ്ഹത്ത് അല്‍ ശാം തുടങ്ങിയ മിതവാദ ഗ്രൂപ്പുകളുമായി വെടിനിര്‍ത്തല്‍ കരാര്‍ ഉണ്ടാക്കുന്നതില്‍ ഇറാന്‍, തുര്‍ക്കി, റഷ്യ എന്നീ രാജ്യങ്ങളുടെ നേതൃത്വത്തില്‍ സാധ്യമായി. ഇതോടൊപ്പം, ഇറാന്റെയും റഷ്യയുടെയും ഹിസ്ബുല്ലയുടെയും പിന്തുണയോടെ ഐ.എസ് കേന്ദ്രങ്ങള്‍ ഒന്നൊന്നായി തിരിച്ചുപിടിക്കാന്‍ സിറിയന്‍ സൈന്യത്തിന് സാധിച്ചു. ഇതോടെ സിറിയ-ഇറാഖ് അതിര്‍ത്തിയിലെ വളരെ കുറഞ്ഞ പ്രദേശങ്ങളിലേക്ക് പിന്‍വലിയാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് ഐ.എസ് പോരാളികള്‍.

 സിറിയയിലെ ഇറാന്‍ സാന്നിധ്യം

സിറിയയിലെ ഇറാന്‍ സാന്നിധ്യം

ഇസ്രായേലിനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ഭീഷണി, സിറിയയിലെ ഇറാന്‍ സാന്നിധ്യമാണ്. അറബ് വസന്തത്തെ തുടര്‍ന്ന് സംഘര്‍ഷങ്ങള്‍ പൊട്ടിപ്പുറപ്പെട്ട ഏതാണ്ടെല്ലാ രാജ്യങ്ങളിലും അധികാരമാറ്റം ഉണ്ടായപ്പോഴും സിറിയയിലെ ശിയാ വിഭാഗക്കാരനായ പ്രസിഡന്റ് ബശ്ശാറുല്‍ അസദിനെ സംരക്ഷിച്ചത് ഇറാനായിരുന്നു. ആറു വര്‍ഷമായി തുടരുന്ന സങ്കീര്‍ണമായ ആഭ്യന്തര സംഘര്‍ഷങ്ങള്‍ക്കിടയില്‍ ബശ്ശാറിനെ സംരക്ഷിക്കാന്‍ ലക്ഷക്കണക്കിന് ഡോളറുകളാണ് ഇറാന്‍ ഒഴുക്കിയത്. ഐ.എസ് ഉള്‍പ്പെടെയുള്ള സായുധ സംഘങ്ങളോട് പോരാടാന്‍ ആളും അര്‍ഥവും ആയുധവും നല്‍കാനും ഇറാന്‍ തയ്യാറായി. റഷ്യയുടെ പിന്തുണയോടെ ഇറാന്റെ സൈനികവിഭാഗമായ റവല്യൂഷണറി ഗാര്‍ഡാണ് സിറിയന്‍ സൈന്യത്തോടൊപ്പം പോരാടിക്കൊണ്ടിരിക്കുന്നത്.

 ഇറാനെ ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ നടന്നില്ല

ഇറാനെ ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ നടന്നില്ല

ഐഎസ്സിനു ശേഷമുള്ള സിറിയ ആര് ഭരിച്ചാലും തങ്ങള്‍ക്ക് കുഴപ്പമില്ല, ഇറാന്‍ സൈനികരുടെ സാന്നിധ്യം അവിടെ ഉണ്ടാവരുത് എന്നായിരുന്നു സമീപകാലത്തായി ഇസ്രായേല്‍ പറഞ്ഞുകൊണ്ടിരുന്നത്. എന്നാല്‍ ഇറാനെ ഒഴിവാക്കിക്കൊണ്ടുള്ള ഒരു നീക്കുപോക്കിനും റഷ്യ ഒരുക്കമല്ല. എന്നു മാത്രമല്ല, വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കപ്പെട്ട പ്രദേശങ്ങളില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ചുമതല വലിയൊരളവോളം ഇറാനെ ഏല്‍പ്പിച്ചിരിക്കുകയുമാണ്. അമേരിക്ക ഉള്‍പ്പെടെയുള്ള മറ്റ് ശക്തികള്‍ക്കാവട്ടെ, സിറിയന്‍ പ്രശ്‌നത്തില്‍ നടത്തിയ പരിഹാര ശ്രമങ്ങളൊന്നും വിജയിപ്പിക്കാനുമായില്ല.

 ഇറാന്‍ സൈനികരെ ദൂരെ നിര്‍ത്തണമെന്ന് ആവശ്യം

ഇറാന്‍ സൈനികരെ ദൂരെ നിര്‍ത്തണമെന്ന് ആവശ്യം

നിലവില്‍ ഇറാന്‍ സൈനികര്‍ ഇസ്രായേല്‍ അതിര്‍ത്തിക്കു സമീപത്ത് ഇല്ലെങ്കിലും ഐ.എസ് ഭീഷണി ഒഴിഞ്ഞാല്‍ അവര്‍ അതിര്‍ത്തിയിലേക്ക് വരാനുള്ള സാധ്യതയുണ്ടെന്നാണ് ഇസ്രായേല്‍ വിലയിരുത്തല്‍. അതുകൊണ്ടുതന്നെ അതിര്‍ത്തിയില്‍ നിന്ന് 60-80 കിലോമീറ്റര്‍ അകലെ മാത്രമേ അവരെ പ്രവേശിപ്പിക്കാവൂ എന്നതാണ് ഇസ്രായേലസിന്റെ ആവശ്യം. എന്നാല്‍ ഈ ആവശ്യം അംഗീകരിക്കാന്‍ റഷ്യ തയ്യാറായിട്ടില്ല. വേണമെങ്കില്‍ അഞ്ച് മീറ്റര്‍ അകലത്തില്‍ ഇറാനെ നിര്‍ത്താമെന്നാണ് റഷ്യയുടെ നിലപാട്. അതിര്‍ത്തിക്കു സമീപമുള്ള ഇറാന്‍ സൈനിക സാന്നിധ്യത്തില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പലതവണ ആശങ്ക രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇസ്രായേല്‍ അതിര്‍ത്തിയില്‍ സൈനിക ഇന്റലിജന്‍സ് കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ ഇറാന് പദ്ധതിയുള്ളതായും ആരോപണമുണ്ട്.

 സിറിയയിലെ ഹിസ്ബുല്ല സൈന്യം

സിറിയയിലെ ഹിസ്ബുല്ല സൈന്യം

സിറിയയില്‍ നിന്ന് ഐ.എസ്സിനെ കെട്ടുകെട്ടിക്കുന്നതില്‍ ഇറാന്‍ സൈനികര്‍ക്കൊപ്പം നിര്‍ണായക പങ്ക് വഹിച്ച വിഭാഗമാണ് ലബ്‌നാനിലെ ശിയാ സായുധ സംഘമായ ഹിസ്ബുല്ല. ഐ.എസിനെതിരേ പോരാടുന്നതിനായി ഇസ്രായേലിന്റെ ബദ്ധവൈരികളിലൊന്നായ ഹിസ്ബുല്ലയ്ക്ക് ഇറാന്‍ 80 കോടി ഡോളറിന്റെ ആയുധങ്ങളാണ് നല്‍കിയതെന്നും ഇസ്രായേല്‍ ആരോപിച്ചിരുന്നു. ഐ.എസ് പോരാട്ടം അവസാനിക്കുന്നതോടെ വര്‍ധിത വീര്യത്തോടെ ഹിസ്ബുല്ല തങ്ങള്‍ക്കെതിരേ തിരിയുമെന്ന ഭീതിയും ഇസ്രായേലിനുണ്ട്. ഇറാന്റെയും ഹിസ്ബുല്ലയുടെയും സൈനിക ശേഷി നശിപ്പിക്കാന്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ 100ലേറെ തവണ സിറിയ, ലബ്‌നാന്‍ പ്രദേശങ്ങളിലെ ഹിസ്ബുല്ലയുടെ ആയുധ ശേഖരങ്ങള്‍ക്കെതിരേ ഇസ്രായേല്‍ ആക്രമണം നടത്തിയതായാണ് റിപ്പോര്‍ട്ട്. അതിര്‍ത്തിക്കു സമീപം ഇറാന്റെ പിന്തുണയോടെ സിറിയ നിര്‍മിച്ച മിസൈല്‍ കേന്ദ്രം കഴിഞ്ഞയാഴ്ച ഇസ്രായേല്‍ ബോംബിട്ട് തകര്‍ത്തിരുന്നു. ഹിസ്ബുല്ലയുടെ കൈവശമുള്ള മിസൈലുകളുടെ കൃത്യത വര്‍ധിപ്പിക്കുന്നതിനായാണ് കേന്ദ്രം സ്ഥാപിച്ചതെന്നാണ് ഇസ്രായേലിന്റെ ആരോപണം. ഏതായാലും ഐ.എസ് പിന്‍വാങ്ങുന്നതോടെ ഇറാനും ഹിസ്ബുല്ലയ്ക്കും ശക്തമായ സ്വാധീനമുള്ള ഭരണകൂടവും സൈന്യവുമാവും സിറിയയിലുണ്ടാവുകയെന്നത് ഭീതിയോടെയാണ് ഇസ്രായേല്‍ നോക്കിക്കാണുന്നത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Israel asked Russia and the United States to prevent an Iranian presence

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്