പലസ്തീന്‍ ജനതയ്ക്ക് സഹായം എത്തിക്കണം, പിന്തുണ പ്രഖ്യാപിച്ച് ചൈന, വെടിനിര്‍ത്തലിനും ആഹ്വാനം
ജറുസലേം: ഇസ്രായേല്‍-ഹമാസ് യുദ്ധം തുടരുന്നതിനിടെ വ്യത്യസ്ത നിലപാടുമായി ചൈന. പലസ്തീന്‍ ജനതയ്ക്ക് ലോകരാജ്യങ്ങള്‍ സഹായം എത്തിക്കണമെന്ന് മിഡില്‍ ഈസ്റ്റിലെ ചൈനീസ് പ്രത്യേക പ്രതിനിധി ഷായ് ജുന്‍ പറഞ്ഞു. മാനുഷികമായ സഹായങ്ങളാണ് പലസ്തീന്‍ ജനതയ്ക്ക് ആവശ്യം. അടിയന്തരമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാനും ഹമാസും, ഇസ്രായേലും തയ്യാറാവണമെന്നും ജുന്‍ ആവശ്യപ്പെട്ടു.
അതേസമയം ഇസ്രായേലിലെ ആക്രമണത്തില്‍ ഉത്തരവാദികള്‍ യുഎസ് ആണെന്ന് ഹിസ്ബുല്ല ആരോപിച്ചു. ഇസ്രായേലിനുള്ള പിന്തുണയില്‍ യുഎസ്സിനെ ഹിസ്ബുല്ല വിമര്‍ശിക്കുകയും ചെയ്തു. യുദ്ധവിമാനം ഇവിടേക്ക് അയച്ചത് കൊണ്ടൊന്നും ഞങ്ങളുടെ ജനങ്ങളെ ഭയപ്പെടുത്താനാവില്ല. ഏറ്റുമുട്ടാന്‍ തയ്യാറായി നില്‍ക്കുന്ന പോരാളികളെ ഭയപ്പെടുത്താനും അതുകൊണ്ടാവില്ലെന്നും ഹിസ്ബുല്ല പറഞ്ഞു.

യുഎസ്സാണ് ഈ ആക്രമണത്തിന് പിന്തുണ നല്‍കുന്നത്. സാധാരണ ജനങ്ങള്‍ക്ക് നേരെയുള്ള കുറ്റകൃത്യങ്ങള്‍ക്കും, കൊലപാതകങ്ങള്‍ക്കും ഉത്തരവാദികളാണ് അവര്‍. അറബ്-മുസ്ലീം രാഷ്ട്രങ്ങള്‍ അമേരിക്കയുടെ ഇടപെടലിനെ അപലപിക്കണമെന്നും ഹിസ്ബുല്ല ആവശ്യപ്പെട്ടു. അതേസമയം മരണനിരക്ക് ഉയര്‍ന്നിരിക്കുകയാണ്. ഇതുവരെ 1100 പലസ്തീനികളാണ് കൊലപ്പെട്ടതെന്ന് ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
5339 പേര്‍ക്ക് ഗസയില്‍ മാത്രം പരിക്കേറ്റിട്ടുണ്ട്.അതേസമയം ബ്രസീലും പ്രതികരണവുമായി എത്തി. ഇസ്രായേല്‍-ഗസ യുദ്ധത്തില്‍ കുട്ടികളും സാധാരണക്കാരുമാണ് അപകടത്തിലുള്ളത്. അവരെ സംരക്ഷിക്കാനുള്ള നടപടികള്‍ ഉണ്ടാവണമെന്ന് ബ്രസീല്‍ പ്രസിഡന്റ് ലുല ആവശ്യപ്പെട്ടു. ഹമാസ് ബന്ദികളാക്കിയ കുട്ടികളെ വിട്ടയക്കണമെന്നും, ഇസ്രായേല്‍ വ്യോമാക്രമണം നിര്‍ത്തണമെന്നും ലുല പറഞ്ഞു.
യുദ്ധത്തില്‍ ഇതുവരെ 22 യുഎസ് പൗരന്മാര്‍ കൊല്ലപ്പെട്ടതായി യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് സ്ഥിരീകരിച്ചു. നേരത്തെ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ 14 അമേരിക്കന്‍ പൗരന്മാര്‍ മരിച്ചുവെന്നായിരുന്നു സ്ഥിരീകരിച്ചത്. ഇതിനിടെ യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടും പുറത്തുവിട്ടിട്ടുണ്ട്.
ഹമാസിന്റെ ആക്രമണം ഇറാനിയന്‍ നേതാക്കളെ ഞെട്ടിച്ചുവെന്നാണ് യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സാധാരണ ഇത്തരം ആക്രമണം ഉണ്ടാകുമ്പോള്‍ ഇറാന്റെ നേതാക്കളില്‍ പലരും ഇക്കാര്യം രഹസ്യമായി അറിയാറുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ ആരും ഇക്കാര്യം അറിഞ്ഞിരുന്നില്ലെന്ന് യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.
നേരത്തെ വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജാക്ക് സള്ളിവനും ആക്രമണത്തില്‍ ഇറാനിയന്‍ ബന്ധമുള്ളതായി തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് പറഞ്ഞിരുന്നു. നേരത്തെ ഇറാനും ആക്രമണത്തിന് പിന്തുണ നല്‍കിയതായുള്ള വാദങ്ങളെ തള്ളിയിരുന്നു. ഇറാന് ഈ ആക്രമണത്തില്‍ പങ്കില്ലെന്നും, അതിനെ കുറിച്ച് അറിവുണ്ടായിരുന്നില്ലെന്ന് ഇറാന്‍ അറിയിച്ചു.












Click it and Unblock the Notifications