കരയുദ്ധത്തിന് തയ്യാറെടുത്ത് ഇസ്രായേല്‍, ഗാസയെ ചുട്ടെരിച്ച് വ്യോമാക്രമണം, പുറംലോകവുമായി ബന്ധം നഷ്ടപ്പെട്ടു
ഗാസ: ഗാസയില്‍ ആക്രമണം ശക്തമാക്കി ഇസ്രായേല്‍. ഇന്നലെ രാത്രി മാത്രം മൂന്ന് വ്യോമാക്രമണങ്ങളാണ് ഇസ്രായേല്‍ നടത്തിയത്. യുദ്ധം ആരംഭിച്ചതിന് ശേഷം ഗാസ ലക്ഷ്യമാക്കി ഇസ്രായേല്‍ നടത്തിയ ഏറ്റവും മാരകമായ ആക്രമാണിത്. നൂറ് കണക്കിനാളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ് വിവരം. വാര്‍ത്താവിനിമയ, വൈദ്യുതി സൗകര്യങ്ങളും ഇന്റര്‍നെറ്റും പൂര്‍ണമായും വിച്ഛേദിക്കപ്പെട്ടു.
പുറംലോകവുമായുള്ള ബന്ധം തകര്‍ന്നതോടെ യഥാര്‍ത്ഥ സ്ഥിതിഗതികള്‍ അറിയാന്‍ കഴിയാത്ത സാഹചര്യമാണ് ഉള്ളത് എന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗാസ മുനമ്പില്‍ ഇസ്രായേല്‍ സൈന്യം തങ്ങളുടെ കര മാര്‍ഗമുള്ള ആക്രമണം വിപുലീകരിക്കുന്നതിനുള്ള ശ്രമത്തിലാണ് എന്നാണ് വിവരം. ഗാസയിലേക്കുള്ള നുഴഞ്ഞ് കയറ്റം ആരംഭിച്ചതായി സൈനിക വക്താവ് ഡാനിയല്‍ ഹഗാരി പ്രഖ്യാപിച്ചു.

അര്‍ധരാത്രിയോടെ ഇസ്രായേല്‍ വ്യോമാക്രമണം കടുപ്പിക്കുകയായിരുന്നു. ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ ബോംബുകള്‍ വര്‍ഷിച്ച് കെട്ടിടങ്ങള്‍ തകര്‍ത്തിട്ടു. തകര്‍ന്ന കെട്ടിടങ്ങള്‍ക്ക് താഴെ നിരവധി പേര്‍ കുടുങ്ങിയതായി സംശയമുണ്ടെന്ന് ഗാസ സിവില്‍ ഡിഫന്‍സ് അറിയിച്ചു. അതേസമയം ആക്രമണങ്ങളെ പൂര്‍ണ ശക്തിയോടെ നേരിടുമെന്ന് ഹമാസ് അറിയിച്ചു.
'അല്‍-ഖസ്സാം ബ്രിഗേഡുകളും എല്ലാ പലസ്തീന്‍ പ്രതിരോധ സേനകളും ഇസ്രായേലിന്റെ ആക്രമണത്തെ പൂര്‍ണ്ണ ശക്തിയോടെ നേരിടാനും അതിന്റെ നുഴഞ്ഞുകയറ്റങ്ങളെ പരാജയപ്പെടുത്താനും സജ്ജമാണ് എന്നും ഹമാസ് അറിയിച്ചു. അഭയാര്‍ത്ഥി ക്യാംപുകളും ആശുപത്രികളും ഇസ്രായേല്‍ ലക്ഷ്യമിടുന്നതായി ഹമാസ് കുറ്റപ്പെടുത്തി.
അതേസമയം ഹമാസ്, ഗാസയിലെ ഏറ്റവും വലിയ ആശുപത്രി ആസ്ഥാനമായി ഉപയോഗിക്കുന്നതായും മറ്റ് ആശുപത്രികളെ സൈനിക ആവശ്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുന്നതായും ഇസ്രായേല്‍ ആരോപിച്ചു. ഗാസ സിറ്റിയിലെ പ്രധാന ആശുപത്രിയായ അല്‍ ഷിഫ ഹോസ്പിറ്റലിന് ചുറ്റുമുള്ള പ്രദേശങ്ങള്‍ വ്യോമാക്രമണത്തില്‍ തകര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഹമാസ് ആക്രമണത്തില്‍ 1400 ലധികം പൗരന്‍മാര്‍ ഇസ്രായേലില്‍ മരിച്ചതായി ഉദ്യോഗസ്ഥര്‍ പറയുന്നു. ഇസ്രായേല്‍ നടത്തിയ തിരിച്ചടികളില്‍ 7,326 പേരെങ്കിലും കൊല്ലപ്പെട്ടതായി ഹമാസ് നടത്തുന്ന ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇവരില്‍ ഭൂരിഭാഗവും സാധാരണക്കാരും കുട്ടികളും ആണ്. അതിനിടെ അടിയന്തര വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യു എന്‍ പൊതുസഭ പ്രമേയം പാസാക്കി.
ജോര്‍ദാന്‍ അവതരിപ്പിച്ച പ്രമേയത്തില്‍ ഇന്ത്യ വിട്ടുനിന്നു. ഹമാസ് വെടിനിര്‍ത്തലിനെ സ്വാഗതം ചെയ്‌തെങ്കിലും പ്രമേയത്തില്‍ ഹമാസിനെ പരാമര്‍ശിക്കച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഇസ്രായേലും യുഎസും വിമര്‍ശിച്ചു. യുഎന്‍ അംഗങ്ങളില്‍ നിന്ന് 120 പേര്‍ പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ 14 പേര്‍ എതിര്‍ത്തു. ഇന്ത്യ ഉള്‍പ്പെടെ 45 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.












Click it and Unblock the Notifications