ഗാസയിലെ മെഡിക്കല്‍ സംഘത്തിന് നേരെ ഇസ്രായേലിന്റെ ആക്രമണം; വീണ്ടും പിന്തുണച്ച് ബ്ലിങ്കന്‍
ഗാസ: അല്‍ ഷിഫ ആശുപത്രിയിലെ മെഡിക്കല്‍ സംഘത്തിന്റെ ആംബുലന്‍സിന് നേരെ ഇസ്രായേലിന്റെ ആക്രമണം. നിരവധി പേര്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. ഗാസയിലെ ഉദ്യോഗസ്ഥരാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പരിക്കേറ്റവരുമായി പോവുകയായിരുന്നു ഈ ആംബുലന്‍സ്. അതേസമയം മറ്റൊരു ആക്രമണത്തില്‍ പതിനാല് പലസ്തീനികള്‍ കൊലപ്പെട്ടു. ഇവര്‍ ഗാസയിലെ ദക്ഷിണ മേഖലയിലെ തീരദേശ റോഡ് വഴി പലായനം ചെയ്യുകയായിരുന്നു.
അതിനിടയിലാണ് ആക്രമണം ഉണ്ടായത്. അതേസമയം പലസ്തീന്‍ അഭയാര്‍ത്ഥികള്‍ സുരക്ഷിതമായ കേന്ദ്രങ്ങളൊരുക്കാന്‍ യുഎന്‍ ഏജന്‍സി ഇനിയുണ്ടാവില്ലെന്ന് യുഎന്‍ആര്‍ഡബ്ല്യുഎയുടെ ഗാസ ഡയറക്ടര്‍ അറിയിച്ചു. യുഎന്‍ കേന്ദ്രങ്ങളില്‍ 38 പേരാണ് കൊല്ലപ്പെട്ടത്. യുഎന്‍ ഏജന്‍സിയുടെ 72 പേരാണ് ഇതുവരെ കൊല്ലപ്പെട്ടതെന്ന് ഗാസ ഡയറക്ടര്‍ തോമസ് വൈറ്റ് പറഞ്ഞു. ഗാസയിലെ ഉത്തര മേഖലയിലുള്ള യുഎന്‍ സുരക്ഷിത കേന്ദ്രങ്ങളുമായുള്ള ബന്ധം തന്നെ നഷ്ടപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ലക്ഷകണക്കിന് ആളുകളാണ് ഗാസയിലെ യുഎന്‍ കേന്ദ്രങ്ങളില്‍ അഭയം തേടിയിരുന്നത്. ഇവര്‍ക്ക് യുഎന്‍ പതാകയുടെ സംരക്ഷണവുമുണ്ടായിരുന്നു. അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങള്‍ പ്രകാരമായിരുന്നു ഈ സംരക്ഷണം. എന്നാല്‍ ഗാസയില്‍ സുരക്ഷിതമായ യാതൊരു സ്ഥലവും ഇല്ലെന്നും വൈറ്റ് വ്യക്തമാക്കി. ദക്ഷിണ ഇസ്രായേലില്‍ റോക്കറ്റുകള്‍ വന്ന് പതിച്ചതായി ഇസ്രായേല്‍ ആര്‍മി റേഡിയോ അറിയിച്ചു.
ഇവിടെ നിന്ന് ആളുകളെ നേരത്തെ ഒഴിപ്പിച്ചതാണ്. അതേസമയം ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.ഇതിനിടെ യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഒരിക്കല്‍ കൂടി ഇസ്രായേലിനെ പിന്തുണച്ചിരിക്കുകയാണ്. ഇസ്രായേലിന് സ്വയം പ്രതിരോധത്തിന് അവകാശമുണ്ട്. ഇക്കാര്യത്തില്‍ ഇസ്രായേലിനൊപ്പമാണ്. ഒക്ടോബര്‍ ഏഴ് പോലൊരു ദിനം ഇനിയൊരിക്കലും ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കാന്‍ ഇസ്രായേലിന് അവകാശമുണ്ടെന്നും ബ്ലിങ്കന്‍ വ്യക്തമാക്കി.
സാധാരണ ജനങ്ങളുടെ സംരക്ഷണം വളരെ പ്രധാനപ്പെട്ടതാണ്. ഇസ്രായേല്‍ എങ്ങനെ തിരിച്ചടിക്കുന്നു എന്നത് പ്രധാനപ്പെട്ടതാണ്. സംരക്ഷണം ആവശ്യമുള്ളവര്‍ക്ക് അത് തീര്‍ച്ചയായും നല്‍കുമെന്നും ബ്ലിങ്കന്‍ പറഞ്ഞു. അതേസമയം ഇസ്രായേല്‍ പ്രസിഡന്റ് ഇസാക്ക് ഹെര്‍സോഗുമായും ബ്ലിങ്കണ്‍ കൂടിക്കാഴ്ച്ച നടത്തി. അതിന് ശേഷം പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായും അദ്ദേഹം സംസാരിച്ചു.
അതേസമയം ആശുപത്രികളില്‍ ഹമാസ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന വാദത്തെ അല്‍ ഷിഫയിലെ ഡോക്ടറായിരുന്ന താരെക് ലൗബാനി തള്ളി. ഇസ്രായേല്‍ ഇപ്പോള്‍ ഉന്നയിക്കുന്ന കാര്യം വ്യാജമാണ്. അവര്‍ ആക്രമണത്തിന് വേണ്ട സഹചര്യമൊരുക്കുകയാണ്. ആശുപത്രികള്‍ക്ക് നേരെയുള്ള ആക്രമണത്തെ ആരും അംഗീകരിക്കില്ലെന്ന് ഇസ്രായേല്‍ സൈന്യത്തിന് അറിയാം.
അതുകൊണ്ട് ഈ ആക്രമണത്തെ സാധൂകരിക്കാന്‍ ഹമാസ് കേന്ദ്രങ്ങളാണെന്ന് സ്ഥാപിക്കുകയാണ് അവര്‍ ചെയ്യുന്നത്. ഭീകരമായ ആക്രമണങ്ങളാണ് അവര്‍ നടത്തും. നിരവധി ആരോഗ്യ പ്രവര്‍ത്തകര്‍, പാരാമെഡിക്കലുകള്‍ എന്നിവരാണ് മരിച്ച് വീഴുന്നത്. ആശുപത്രികളില്‍ ഇസ്രായേല്‍ ബോംബുകള്‍ വര്‍ഷിക്കുകയാണെന്നും ലൗബാനി ആരോപിച്ചു.












Click it and Unblock the Notifications