ഡിഎന്‍എ കിട്ടാതെ കിം ജോങ് നാമിന്റെ മൃതദേഹം വിട്ടുകൊടുക്കില്ലെന്ന് മലേഷ്യ
ക്വാലാലംപൂര്‍: ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ സഹോദരന്‍ കിം ജോങ് നാമിന്റെ മൃതദേഹം വിട്ടുകൊടുക്കാന്‍ അദ്ദേഹത്തിന്റെ ഡിഎന്‍എ സാമ്പിള്‍ വേണമെന്ന് മലേഷ്യന്‍ അധികൃര്‍. കഴിഞ്ഞദിവസം ക്വാലാലംപൂര്‍ വിമാനത്താവളത്തില്‍വെച്ച് കൊല്ലപ്പെട്ട നാമിന്റെ മൃതദേഹം മലേഷ്യയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
എന്നാല്‍, ഇതുവരെയായി ആരും മൃതദേഹം തരിച്ചറിയാന്‍ എത്തിയിട്ടില്ല. കുടുംബാംഗങ്ങളോ അടുത്ത സുഹൃത്തുക്കളോ ആരും നാമിന്റെ മൃതദേഹം തിരിച്ചറിയാന്‍ എത്തിയിട്ടില്ലെന്ന് മലേഷ്യന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഉത്തര കൊറിയയില്‍ നിന്നും മൃതദേഹം വിട്ടുകൊടുക്കണമെന്ന് അഭ്യര്‍ഥിച്ച് കത്ത് ലഭിച്ചിട്ടുണ്ട്. ഇതുപ്രകാരം നടപടി പൂര്‍ത്തിയാക്കാന്‍ ബന്ധുക്കളുടെ ഡിഎന്‍എ സാമ്പിള്‍ ഒത്തുനോക്കേണ്ടതുണ്ടെന്നാണ് മലേഷ്യന്‍ അധികൃതരുടെ നിലപാട്.

മരിച്ചത് കിം ജോങ നാം തന്നെയാണെന്ന് മലേഷ്യന്‍ ഡെപ്യൂട്ടി പ്രധാനമന്ത്രി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. എന്നാല്‍, ഇതുസംബന്ധിച്ച ശാസ്ത്രീയ തെളിവുകള്‍ ലഭിക്കുന്നതുവരെ മൃതദേഹം വിട്ടുകൊടുക്കാന്‍ ഒരുക്കമല്ലെന്നാണ് പുതിയ നിലപാട്. സംഭവത്തില്‍ രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്നുപേരെ മലേഷ്യയില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്.
സഹോദരന്‍ കിം ജോങ് ഉന്നുമായി അകന്നു കഴിയുകയായിരുന്നു നാമിനെ വനിതാ ചാര പോലീസിനെ വിട്ട് കൊലപ്പെടുത്തുകയായിരുന്നെന്നാണ് സൂചന. വിമാനത്താവളത്തില്‍വെച്ച് മുഖത്ത് വിഷദ്രാവകം തളിച്ചായിരുന്നു കൊലപാതകമെന്നാണ് പോലീസ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications