ഗ്രീസില്‍ കുടിയേറ്റക്കാര്‍ സഞ്ചരിച്ച ബോട്ട് മറിഞ്ഞു; 78 മൃതദേഹങ്ങള്‍ കണ്ടെടുത്തു
ഏതന്‍സ്: ഗ്രീസില്‍ കുടിയേറ്റക്കാര്‍ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് നിരവധി പേരെ കാണാതായി. നൂറോളം പേരെ കാണാതായെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ 100ഓളം കുട്ടികള്‍ ബോട്ടിന്റെ ഹോള്‍ഡില്‍ കുടുങ്ങിയിട്ടുണ്ടാകാമെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. ലിബിയയില്‍ നിന്ന് ഇറ്റലിയിലേക്ക് കടക്കാന്‍ ശ്രമിച്ച കുടിയേറ്റക്കാരുമായി തിങ്ങിനിറഞ്ഞ മത്സ്യബന്ധന ബോട്ട് ഒരു ദിവസം മുമ്പാണ് ഗ്രീക്ക് തീരത്ത് മുങ്ങിയത്.
രക്ഷാപ്രവര്‍ത്തകര്‍ ഇതുവരെ 78 മൃതദേഹങ്ങള്‍ കണ്ടെടുത്തു. 104 പേരെ ഇതുവരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഈജിപ്ത്, സിറിയ, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ഫലസ്തീന്‍ എന്നീ രാജ്യങ്ങളിലെ കുടിയേറ്റക്കാരാണ് ബോട്ടിലുണ്ടായിരുന്നത്. സംഘത്തില്‍ കൂടുതല്‍ പുരുഷന്മാരാണുള്ളത്. പ്രായപൂര്‍ത്തിയാകാത്തവരും കൂട്ടത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.

മധ്യ മെഡിറ്ററേനിയനില്‍ കടലില്‍ രേഖപ്പെടുത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ ദുരന്തമാണിതെന്നും മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നുണ്ട്. 'ദുരന്തത്തില്‍ നിന്ന് അതിജീവിച്ചവര്‍ വളരെ ബുദ്ധിമുട്ടുള്ള അവസ്ഥയിലാണ്. ഇപ്പോഴും അവരുടെ ഞെട്ടല്‍ മാറിയിട്ടില്ല'- ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ത്ഥി ഏജന്‍സിയുടെ പ്രതിനിധി ഇറാസ്മിയ റൗമാന പറഞ്ഞു.
'തങ്ങള്‍ക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്ന് പറയാന്‍ അവരുടെ കുടുംബങ്ങളുമായി ബന്ധപ്പെടാന്‍ അവര്‍ ആഗ്രഹിക്കുന്നു, കാണാതായവരെ കുറിച്ച് അവര്‍ ചോദിച്ചുകൊണ്ടിരിക്കുകയാണ്'- റൗമാന കൂട്ടിച്ചേര്‍ത്തു. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഗ്രീസ് മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിക്കുകയും രാഷ്ട്രീയ നേതാക്കൾ ജൂണ്‍ 25 ന് നടക്കുന്ന പൊതുതെരഞ്ഞെടുപ്പിനുള്ള പ്രചാരണം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും ചെയ്തു.
സംഭവത്തില്‍ സുപ്രീം കോടതി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ചൊവ്വാഴ്ചയാണ് ബോട്ടിനെ അവസാനമായി കണ്ടതെന്ന് കോസ്റ്റ് ഗാര്‍ഡ് പറയുന്നു. ഇതിന് ശേഷമായിരുന്നു അപകടം. ആരും ലൈഫ് ജാക്കറ്റ് ധരിച്ചിട്ടുണ്ടായിരുന്നില്ല. ശക്തമായ കാറ്റുള്ളതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരുന്നെന്നും കോസ്റ്റ് ഗാര്‍ഡ് പറയുന്നു. പരിക്കേറ്റവരെ ഇപ്പോള്‍ കാലാമറ്റയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഗ്രീക്ക് പ്രസിഡന്റ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തി സന്ദര്‍ശിച്ചു. മരിച്ചവര്‍ ഏത് രാജ്യക്കാരാണെന്ന് സംബന്ധിച്ച് വിവരങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ല. 700ല്‍ അധികം ആളുകള്‍ ബോട്ടിലുണ്ടായിരുന്നതായി അപകടത്തില്‍പ്പെട്ടവര്‍ പറയുന്നു. ബോട്ടില്‍ കയറ്റാവുന്നതിലും കൂടുതല്‍ ആളുകള്‍ ഉണ്ടായിരുന്നു. ഇതായിരിക്കാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സമുദ്രത്തില്‍ ഏറ്റവും ആഴത്തിലുള്ള സ്ഥലത്ത് വച്ചാണ് ബോട്ട് മറിഞ്ഞത്.












Click it and Unblock the Notifications