നേപ്പാള്‍ പ്രളയം: മരണം 157 ആയി, ആയിരത്തോളം പേരെ കാണാനില്ല, ദുരന്തഭൂമിയില്‍ ഇന്ത്യന്‍ സഹായം
തിബത്ത് അതിര്‍ത്തിയില്‍ നേപ്പാളിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ നാശനഷ്ടത്തിന്റെ കൂടുതല്‍ വിവരം പുറത്ത്. മരിച്ചവരുടെ എണ്ണം 157 ആയി. ഇനിയും മരണസംഖ്യ കൂടുമെന്നാണ് കരുതുന്നത്. ആയിരത്തോളം പേരെ കാണാതിയിട്ടുണ്ട്. തിരച്ചില്‍ അര്‍ധരാത്രിയും തുടരുകയാണ്. മരുന്നുകളും ഭക്ഷണങ്ങളും മറ്റു അടിസ്ഥാന വസ്തുക്കളും ഉള്‍പ്പെടെ 10 ടണ്‍ സാധനങ്ങളാണ് ഇന്ത്യ നേപ്പാളിലേക്ക് അയച്ചത്. ഇവ ദുരന്തഭൂമിയില്‍ എത്തി. നേപ്പാള്‍ ഭരണകൂടം ഇന്ത്യയോട് നന്ദി പറഞ്ഞു.
നേപ്പാളിലെ അതിര്‍ത്തി പ്രദേശത്തുണ്ടായ ഭൂചലനമാണ് മിന്നല്‍ പ്രളയത്തിന് കാരണം എന്ന് സര്‍ക്കാര്‍ സ്ഥിരീകരിച്ചു. വെള്ളത്തിന്റെ കുത്തൊഴുക്കില്‍ ചെളിയും അവശിഷ്ടങ്ങളുമെല്ലാം ഭോട്ടി കോസി നദിയിലേക്ക് ഒഴുകിയെത്തി. റുസുവ, ധാദിങ് ജില്ലകളിലാണ് കനത്ത നാശനഷ്ടം. നദിയുടെ ഒഴുക്ക് പാടേ തെറ്റിച്ച പ്രളയം സമീപ ജില്ലകളിലും നാശം വിതച്ചു.

സൈന്യവും പോലീസും രക്ഷാപ്രവര്‍ത്തന രംഗത്തുണ്ട്. ഒറ്റപ്പെട്ടുപോയ ജനങ്ങളെ കണ്ടെത്താന്‍ ഹെലികോപ്റ്റര്‍ ഉപയോഗിക്കുകയാണ്. നേപ്പാളുമായി അതിര്‍ത്തി പങ്കിടുന്ന ബിഹാറിലും യുപിയിലും ജാഗ്രതാ നിര്‍ദേശം നല്‍കി. 133 ഇന്ത്യക്കാരെയും 37 ഇന്ത്യന്‍ പ്രവാസികളെയും കാണാതായി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യക്കാരായ കൈലാസ് മാനസരോവര്‍ തീര്‍ഥാടകരും കാണാതായിട്ടുണ്ട്.
ദുരന്തത്തിന്റെ ഭീകരത വ്യക്തമാക്കുന്ന വീഡിയോകള്‍ പുറത്തുവന്നു. പ്രളയ ജലത്തില്‍ കെട്ടിടങ്ങളും പാലങ്ങളും വാഹനങ്ങളും ഒലിച്ചുപോയി. പ്രളയം ജലം കുതിച്ചുവരുമ്പോള്‍ ഓടി രക്ഷപ്പെടാന്‍ ചിലര്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ മിക്കവര്‍ക്കും രക്ഷപ്പെടാന്‍ സാധിച്ചില്ല. 19 പാലങ്ങളാണ് ഒലിച്ചുപോയത്. 42 കിലോമീറ്റര്‍ റോഡ് തകര്‍ന്നു. ഒരു പാലം 30 സെക്കന്റിലാണ് തകര്‍ന്നു ഒലിച്ചത്.
നേപ്പാളിലെ വൈദ്യുതി ശൃംഖല തകരാറിലായിട്ടുണ്ട്. എട്ട് ജലവൈദ്യുത കേന്ദ്രങ്ങള്‍ തകര്‍ന്നു. നിര്‍മാണത്തിലിരുന്ന അഞ്ച് വൈദ്യുത പദ്ധതികളെയും പ്രളയം ബാധിച്ചു. ഇമിഗ്രേഷന്‍ സെന്ററില്‍ ആയിരുന്ന ഇഷ ഫൗണ്ടേഷന്റെ 77 തീര്‍ഥാടകരെ കാണാനില്ല. ഇവര്‍ എവിടെയാണ് എന്ന് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്ന് ഫൗണ്ടേഷന്‍ സ്ഥാപകന്‍ സദ്ഗുരു പറഞ്ഞു. 495 തീര്‍ഥാടകര്‍ സുരക്ഷിതമായി മടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
നേപ്പാളില്‍ മാത്രമല്ല, തിബത്തിലും നാശനഷ്ടമുണ്ടായി. പ്രളയജലവും ചെളിയും അടിഞ്ഞുകൂടിയിരിക്കുകയാണ് പലയിടത്തും. മൂന്ന് പേര്‍ മരിച്ചുവെന്നും 265 പേരെ കാണാതായി എന്നും ചൈന അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് ചൈനയും രംഗത്തുണ്ട്. ഡ്രോണുകള്‍ ഉപയോഗിച്ച് ഒറ്റപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. പ്രധാനമന്ത്രി മോദി നേപ്പാള്‍ പ്രധാനമന്ത്രി ബാലേന്ദ്ര ഷായുമായി സംസാരിച്ചു. എല്ലാ സഹായവും വാഗ്ദാനം ചെയ്തു. തൊട്ടുപിന്നാലെ 10 ടണ്‍ ചരക്കുകള്‍ അയച്ചു. വിമാനത്തില്‍ കാഠ്മണ്ഡുവില്‍ എത്തിച്ച ചരക്കുകള്‍ ദുരന്തഭൂമിയിലേക്ക് കൊണ്ടുവന്നു.
തമിഴ്‌നാട്ടില്‍ നിന്നുള്ള 37 വിനോദസഞ്ചാരികള്‍ ഒറ്റപ്പെട്ടുപോയിട്ടുണ്ട്. ഇവര്‍ക്കായി അന്വേഷണം തുടരുകയാണ്. കേരളത്തില്‍ നിന്ന് പോയ 36 പേര്‍ സുരക്ഷിതരാണ് എന്നാണ് വിവരം. മഹാരാഷ്ട്രയില്‍ നിന്നുള്ള നാലു പേര്‍ സുരക്ഷിതരാണ് എങ്കിലും നേപ്പാളില്‍ തന്നെയാണുള്ളത്. എല്ലാ സംസ്ഥാനങ്ങളും ഹെല്‍പ്പ് ലൈന്‍ തുടങ്ങിയിട്ടുണ്ട്. കേരളത്തിലെ കുടുംബങ്ങള്‍ക്ക് നേപ്പാളിലേക്ക് പോയവരെ ബന്ധപ്പെടാന്‍ സാധിച്ചില്ലെങ്കില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിക്കണം. വിളിക്കേണ്ട നമ്പര്‍- 9447111844, 9747132147.





Click it and Unblock the Notifications