വിശ്വാസ വോട്ടെടുപ്പിന് തൊട്ടുമുന്‍പ് നേപ്പാള്‍ പ്രധാനമന്ത്രി രാജിവെച്ചു
കാഠ്മണ്ഡു: കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ (മാവോയിസ്റ്റ് സെന്റര്‍) പിന്തുണ പിന്‍വലിച്ചതിനെത്തുടര്‍ന്ന് പ്രതിസന്ധിയിലായ നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലി രാജിവച്ചു. വിശ്വാസവോട്ടെടുപ്പ് നടക്കുന്നതിനു തൊട്ടുമുമ്പ് അദ്ദേഹം രാജിസമര്‍പ്പിക്കുകയായിരുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് അദ്ദേഹം പ്രധാനമന്ത്രിയായി ചുമതലയേറ്റത്.
പുതിയ ഭരണഘടനയുമായി ബന്ധപ്പെട്ട് സഖ്യകക്ഷിയുമായുണ്ടായ തര്‍ക്കമാണു രാജിയില്‍ കലാശിച്ചത്. വാഗ്ദാനങ്ങള്‍ പാലിക്കാത്തയാളാണ് ഓലിയെന്നാരോപിച്ച് രാഷ്ട്രീയ പ്രജാതന്ത്ര പാര്‍ട്ടി, മധേഷി പീപ്പിള്‍സ് റൈറ്റ്‌സ് ഫോറം ഡെമോക്രാറ്റുകള്‍ എന്നീ ഭരണകക്ഷിയിലെ പാര്‍ട്ടികളും അദ്ദേഹത്തിന്റെ രാജിക്കായി ശബ്ദമുയര്‍ത്തിയിരുന്നു.

മാവോവാദിനേതാവ് പുഷ്പ കമാല്‍ ദഹല്‍ പ്രചണ്ഡ ഏകപക്ഷീയമായാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് ആരോപിച്ചു. ഒമ്പത് കരാറുകള്‍ നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതായി ആരോപിച്ചാണ് മാവോവാദികള്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു.
അതേസമയം, നേപ്പാളി കോണ്‍ഗ്രസും മാവോയിസ്റ്റുകളും തന്റെ സര്‍ക്കാരിനെതിരെ ഗൂഢാലോചന നടത്തിയതായി ഒലി ആരോപിച്ചു. ഇന്ത്യയും ചൈനയുമായി നല്ല ബന്ധം സ്ഥാപിക്കാന്‍ താന്‍ ശ്രമിച്ചതിനുള്ള ശിക്ഷയാണിത്. ജനാധിപത്യരീതിയിലുള്ളതല്ല തന്റെ പുറത്താകലെന്നും പ്രസിഡന്റ് ബിന്ധ്യ ദേവിക്ക് രാജി സമര്‍പ്പിച്ചശേഷം അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications