കൊറോണ വൈറസ്: കൂടുതൽ രോഗികൾ മരിക്കുന്നതിനുള്ള കാരണം വെളിപ്പെടുത്തി പഠനം, വെന്റിലേറ്ററിന്റെ അഭാവവും
കൊറോണ വൈറസ് ബാധിച്ചുള്ള മരണങ്ങളിൽ അധികവും വെന്റിലേറ്റർ പിന്തുണ ലഭിക്കാൻ വൈകിയതുകൊണ്ടെന്ന് പഠനം. കൊറോണ ബാധിച്ച് മരിച്ച രോഗികളിൽ അഞ്ചിലൊന്ന് പേർക്ക് മാത്രമാണ് മരണത്തിന് മുമ്പായി വെന്റിലേറ്റർ പിന്തുണയോ ശ്വസിക്കുന്നതിനുള്ള മറ്റ് സംവിധാനങ്ങളോ ലഭിച്ചിട്ടുള്ളൂവെന്നാണ് പഠനം ചൂണ്ടിക്കാണിക്കുന്നത്. ചൈനയിൽ കൊറോണ വൈറസ് ബാധിതരുടെ സവിശേഷതകൾ വിലയിരുത്തിക്കൊണ്ടുള്ള പഠനത്തിലാണ് ഇക്കാര്യങ്ങൾ കണ്ടെത്തിയിട്ടുള്ളത്.

വുഹാനിൽ നിന്നുള്ള വിവരം
കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാനിലെ 21 ആശുപത്രികളിൽ നിന്ന് ശേഖരിച്ചിട്ടുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ ഗവേഷണം ജേണൽ ഓഫ് ദി അമേരിക്കൻ മെഡിക്കൽ അസോസിയേഷനിലാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ജനുവരി 21നും 30 നും ഇടയിൽ ചൈനയിൽ മരിച്ചിട്ടുള്ള 168 പേർക്കാണ് വെന്റിലേറ്ററർ പിന്തുണ ലഭിച്ചിട്ടുള്ളതെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു.

ഓക്സിജന്റെ ലഭ്യത
ചൈനയിലെ നോർത്ത് ഈസ്റ്റ് സർവ്വകലാശാലയിലെ സോങ്കഡ ആശുപത്രിയിലെ ശാസ്ത്രജ്ഞർ ഉൾപ്പെടെയുള്ളവർ പറയുന്നത് അനുസരിച്ച് ആശുപത്രിയിൽ കഴിഞ്ഞിരുന്ന എല്ലാ രോഗികൾക്കും ഓക്സിജൻ തെറാപ്പി ലഭിച്ചപ്പോൾ 46 രോഗികൾക്ക് മാത്രമാണ് അവർ മരിക്കുന്നതിന് മുമ്പായി ഫേസ് മാസ്ക് വഴിയോ മൂക്കിലേക്ക് നേരിട്ടോ ഓക്സിജൻ ലഭിച്ചിട്ടുള്ളത്.

ഓക്സിജന്റെ അഭാവം
രോഗം ബാധിച്ച് മരിച്ച മൂന്നിലൊരു രോഗികൾക്കും വേഗത കുറഞ്ഞ നേസൽ ഓക്സിജൻ തെറാപ്പിയാണ് ലഭിച്ചിട്ടുള്ളത്. 72 രോഗികൾക്ക് മാത്രമാണ് അടുത്തുള്ള ശരീരകോശങ്ങളെയും സിരകളെയും ബാധിക്കാത്ത തരത്തിലുള്ള വെന്റിലേഷൻ ലഭിച്ചിട്ടുള്ളത്. രോഗം ബാധിച്ച് മരിച്ച 34 രോഗികൾക്ക് മാത്രമേ ഇന്റ്യൂബേഷൻ- മെക്കാനിക്കൽ വെന്റിലേഷൻ എന്നിവ ലഭിച്ചിട്ടുള്ളൂവെന്നും പഠനം സാക്ഷ്യപ്പെടുത്തുന്നു. ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ നിരവധി രോഗികളുടെ മരണത്തിന് കാരണം ശ്വസിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് അന്നനാളത്തിലേക്ക് കുഴലിട്ട് കൃത്രിമ ശ്വാസം കൊടുക്കാൻ വൈകിയതുകൊണ്ടാണെന്ന് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നത്. ഈ കുറഞ്ഞ അനുപാതത്തിനുള്ള വിവിധ കാരണങ്ങളും ഗവേഷണത്തിൽ വിശദീകരിക്കുന്നുണ്ട്.

രോഗലക്ഷണങ്ങൾ പ്രകടമാകില്ല
രക്തത്തിൽ ഓക്സിജന്റെ അളവ് കുറവുള്ള രോഗികൾക്ക് ശ്വാസതടസ്സം ഉൾപ്പെടെയുള്ള മറ്റ് രോഗലക്ഷണങ്ങളുണ്ടാവില്ലെന്നാണ് ഒന്നാമത്തെ കാരണമായി പഠനത്തിൽ വിശദീകരിക്കുന്നത്. ശ്വസിക്കാൻ ബുദ്ധിമുട്ടുള്ള രോഗികൾക്ക് അന്നനാളത്തിലേക്ക് കുഴലിട്ട് കൃത്രിമ ശ്വാസം കൊടുക്കാൻ ആവശ്യമായ മെക്കാനിക്കൽ വെന്റിലേറ്ററുകളുടെ അഭാവമാണ് രോഗികളുടെ മരണത്തിലേക്ക് നയിക്കുന്നതെന്നും ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. മൂന്നാമത്തെ കാരണം രോഗികളെ ചികിത്സിക്കുന്ന മെഡിക്കൽ സംഘത്തിന് ശരിയായ രീതിയിലുള്ള ക്രിട്ടിക്കൽ കെയർ ലഭിക്കാത്തതാണ്. അല്ലെങ്കിൽ ഇൻട്യുബേഷൻ ലഭ്യമാക്കുന്ന സമയത്തെക്കുറിച്ച് അനിശ്ചിതത്വമുണ്ടാകയാണെന്നും പഠനത്തിൽ പറയുന്നു.
Recommended Video

രോഗികളിൽ ഹൈപ്പർ ടെൻഷൻ
കൊറോണ ബാധിച്ച് മരിക്കുന്ന മിക്കവരിലും ഹൈപ്പർ ടെൻഷൻ പൊതുവായി കാണപ്പെട്ടിരുന്നുവെന്ന നേരത്തെയുള്ള പഠന റിപ്പോർട്ടുകളും പഠനത്തിൽ സ്ഥിരീകരിക്കുന്നുണ്ട്. പുതിയ കൊറോണ വൈറസ് ശ്വാസകോശത്തിന്റെ ആവരണത്തിന് പുറത്തുള്ള എൻസൈമുകൾ വഴിയാണ് ശ്വാകോശത്തെ ബാധിക്കുന്നതെന്നാണ് നേരത്തെയുള്ള പഠനങ്ങൾ പറയുന്നത്. എന്നിരുന്നാൽപ്പോലും കൊവിഡ് 19ന്റെ ഘടന കണ്ടെത്തുന്നതിന് കൂടുതൽ ഗവേഷണങ്ങൾ ആവശ്യമാണെന്നും പഠനം പറയുന്നു. എന്നാൽ 2020 ജനുവരിയിൽ രോഗം ബാധിച്ച് മരിച്ചവരുടെ വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയിട്ടുള്ളത്. അതുകൊണ്ട് ഇത് മറ്റ് രോഗികളെ പ്രതിനിധീകരിക്കുന്നതിനായി ഉപയോഗിക്കാൻ സാധിക്കില്ലെന്നും ഗവേഷകർ പറയുന്നു.












Click it and Unblock the Notifications