
വലിച്ചുകെട്ടിയ കയറിലൂടെ കണ്ണുകെട്ടി നടന്ന് വാലന്‍ഡെ വിസ്മയമായി
ഷിക്കാഗോ: കൊടുങ്കാറ്റിനേക്കാള്‍ വേഗത്തില്‍ വീശിയടിക്കുന്ന കാറ്റിനെയും വകവയ്ക്കാതെ വലിച്ചുകെട്ടിയ കയറില്‍ നയാഗ്ര വെള്ളച്ചാട്ടത്തിനു മുകളിലൂടെ നടന്ന് അത്ഭുതപ്പെടുത്തിയ സാഹസിക നടത്തക്കാരന്‍ നിക്ക് വാലെന്‍ഡ വീണ്ടും കാണികളെ അമ്പരപ്പിച്ചു. ഇത്തവണ കണ്ണുകെട്ടി നടന്നാണ് അദ്ദേഹം ആരാധകരെ വിസ്മയിപ്പിച്ചത്.
ഷിക്കാഗോയിലെ മറീന സിറ്റി ടവറിന് മുകളില്‍ വലിച്ചു കെട്ടിയ 138 മീറ്റര്‍ (ഭൂമിയില്‍ നിന്നും 180 മീറ്റര്‍ ഉയരം) നീളത്തിലുള്ള കയറിലൂടെയായിരുന്നു നിക്കിന്റെ സാഹസിക പ്രകടനം. കാഴ്ചക്കാര്‍ ശ്വാസമടക്കിപ്പിടിച്ചുകണ്ട പരിപാടിയില്‍ ആറര മിനിട്ടു കൊണ്ട് മറീന സിറ്റി ടവറില്‍ നിന്ന് ഷിക്കാഗോ നദിയുടെ മറ്റേ അറ്റത്തുള്ള കെട്ടിടത്തില്‍ വാലെന്‍ഡ നടന്നെത്തി.
സാധാരണ രീതിയില്‍ അരയില്‍ കയര്‍കെട്ടി സുരക്ഷിതമാക്കിയാണ് മറ്റുള്ളവര്‍ സാഹസിക പ്രകടനം നടത്താറുള്ളതെങ്കില്‍ കയ്യില്‍ ഒരു വടിമാത്രം ഉപയോഗിച്ച് ബാലന്‍സ് ക്രമീകരിച്ചായിരുന്നു നിക്കിന്റെ നടത്തം. ഒരു നിമിഷത്തെ അശ്രദ്ധ ജീവിതം തന്നെ ഇല്ലാതാക്കുമെന്നറിഞ്ഞാണ് നിക്ക് സാഹസിക പ്രകടനം നടത്തുന്നത് എന്നാതാണ് അത്ഭുതകരം.
ആയിരക്കണക്കിന് കാണികളാണ് പരിപാടി നേരില്‍ വീക്ഷിക്കാനെത്തിയത്. ഫോട്ടോ ഗ്രാഫര്‍മാരോട് കണ്ണില്‍ ഫ് ളാഷ് അടിക്കുന്ന തരത്തില്‍ ഫോട്ടോ എടുക്കരുതെന്ന് നിര്‍ദ്ദേശമുണ്ടായിരുന്നു. മനോഹരമായ അനുഭവം എന്നാണ് പരിപാടി വിജയകരമായി പൂര്‍ത്തിയാക്കിയശേഷം നിക്ക് മാധ്യമങ്ങളോട് പ്രതികരിച്ചത്. തന്നെ പ്രോത്സാഹിപ്പിച്ച എല്ലാവര്‍ക്കും നന്ദി പറയാനും നിക്ക് മറന്നില്ല.