ചൊവ്വാഴ്ച മുതൽ അതിർത്തികൾ തുറക്കുമെന്ന് ഒമാൻ: വിമാന സർവീസുകളും ഉടൻ, രാജ്യത്തെത്തുന്നവർക്ക് നിബന്ധനകൾ!!
മസ്കറ്റ്: ബ്രിട്ടനിൽ പുതിയ കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന് അടച്ചിട്ട അതിർത്തികൾ തുറക്കാൻ ഒമാൻ. സുപ്രീം കമ്മറ്റിയാണ് കഴിഞ്ഞ ഒരാഴ്ചയായി അടച്ചിട്ട അതിർത്തികൾ തുറക്കാൻ തീരുമാനിച്ചിട്ടുള്ളത്. ഇതോടെ ഡിസംബർ 29 മുതൽ ഒമാന്റെ കര, സമുദ്ര, വ്യോമാതിർത്തികൾ തുറന്നുനൽകും. ഒമാൻ സർക്കാർ ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. ഡിസംബർ 29ന് രാത്രി 12 മുതൽ തന്നെ അതിർത്തികൾ തുറക്കാൻ ആരംഭിക്കും.
അതേ സമയം ഒമാനിലേക്ക് വരുന്ന എല്ലാവർക്കും പിസിആർ ടെസ്റ്റ് നിർബന്ധമാണെന്ന് സുപ്രീം കമ്മറ്റി അറിയിച്ചിട്ടുണ്ട്. മറ്റ് രാജ്യങ്ങളിൽ നിന്ന് ഒമാനിലേക്ക് പുറപ്പെടുന്നവർ 72 മണിക്കൂറിനുള്ളിൽ നടത്തിയിട്ടുള്ള പിസിആർ ടെസ്റ്റിന്റെ ഫലമാണ് കൈവശം കരുതേണ്ടത്. എന്നാൽ ഒമാനിലെ വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷം ഒരിക്കൽ കൂടി പരിശോധന നടത്തുകയും വേണമെന്നും സുപ്രീം കമ്മറ്റി നിർദേശിക്കുന്നു.

രാജ്യത്ത് ഏഴിൽ ദിവസത്തിൽ കുറഞ്ഞ ദിനങ്ങൾ തങ്ങുന്നവർക്ക് ക്വാറന്റൈൻ നിർബന്ധമല്ല. ബ്രിട്ടനിൽ കൊറോണ വൈറസിന്റെ ജനിതക മാറ്റം സംഭവിച്ച വൈറസ് വ്യാപകമായി റിപ്പോർട്ട് ചെയ്തതോടെയാണ് ഒമാൻ കഴിഞ്ഞ ഒരാഴ്ചയായി അതിർത്തികൾ അടച്ചിട്ടത്. അപ്രതീക്ഷിതമായി ഒമാൻ അതിർത്തികൾ അടച്ചിട്ടത് മലയാളികൾ ഉൾപ്പെടെ നിരവധി പേരുടെ യാത്ര മുടങ്ങുന്നതിനും ഇടയാക്കിയിരുന്നു. അതിർത്തികൾ തുറക്കുന്നതോടെ രാജ്യത്തിനകത്തേക്കും പുറത്തേക്കുമുള്ള എല്ലാ വിമാന സർവീസുകളും ഒരാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം പുനരാരംഭിക്കും.












Click it and Unblock the Notifications