പ്രതീക്ഷയോടെ ലോകം, കാണാതായ ടൈറ്റനിൽ 4 മണിക്കൂറിനുളള ഓക്സിജൻ മാത്രം, തിരച്ചിൽ ഊർജ്ജിതം
ലണ്ടന്‍: അറ്റ്‌ലാന്റിക് സമുദ്രത്തില്‍ കാണാതായ ടൈറ്റന്‍ അന്തര്‍വാഹിനിക്ക് വേണ്ടിയുളള തിരച്ചില്‍ നിര്‍ണായക ഘട്ടത്തില്‍. പേടകത്തിനുളളില്‍ ഇനി അവശേഷിക്കുന്നത് 4 മണിക്കൂര്‍ നേരത്തേക്കുളള ഓക്‌സിജന്‍ മാത്രമാണ്. ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാൻ പോയ 5 പേരാണ് ടൈറ്റന്‍ എന്ന ചെറുഅന്തര്‍വാഹിനിയിലുളളത്.
ഞായറാഴ്ച കാണാതായ ടൈറ്റന് വേണ്ടി വിപുലമായ തിരച്ചിലാണ് നടക്കുന്നത്. പേടകം കാണാതായ മേഖലയില്‍ നിന്ന് കഴിഞ്ഞ ദിവസം ചില ശബ്ദതരംഗങ്ങള്‍ കണ്ടെത്തിയിരുന്നു. രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കുന്ന സോനര്‍ ഉപകരണങ്ങളില്‍ പതിഞ്ഞ ഈ ശബ്ദതരംഗങ്ങളുടെ ഉറവിടം ഇനിയും തിരിച്ചറിയാനായിട്ടില്ല.

''ഒരു രക്ഷാദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുമ്പോള്‍ നമുക്കെല്ലാം പ്രതീക്ഷകള്‍ ഏറെ ഉയരത്തിലായിരിക്കും. കടലിനടിയില്‍ നിന്നും കണ്ടെത്തിയ ശബ്ദ തരംഗങ്ങളെ കുറിച്ച് പറയുകയാണെങ്കില്‍ അവ എന്താണെന്ന് ഇതുവരെ മനസ്സിലാക്കാനായിട്ടില്ല'', കോസ്റ്റ് ഗാര്‍ഡ് ക്യാപ്റ്റന്‍ ജെയ്മി ഫ്രെഡ്രിക് പറഞ്ഞു. എങ്കിലും ശബ്ദതരംഗങ്ങള്‍ കണ്ടെത്തിയതോടെ ടൈറ്റനിലെ യാത്രക്കാര്‍ ജീവനോടെ ഉണ്ടെന്നുളള പ്രതീക്ഷകള്‍ സജീവമായിരിക്കുകയാണ്.
അമേരിക്കന്‍ കോസ്റ്റ് ഗാര്‍ഡ്, കാനഡയുടെ സൈനിക വിമാനങ്ങള്‍, ഫ്രഞ്ച് കപ്പലുകള്‍, ടെലി റോബോട്ടുകള്‍ എന്നിവയടങ്ങിയ വലിയൊരു സംഘമാണ് നാല് ദിവസത്തോളമായി തുടരുന്ന രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നത്. ഏതാനും മണിക്കൂറുകള്‍ കൂടിയേ ഓക്‌സിജന്‍ അവശേഷിക്കുന്നുളളൂ എന്നതിനാല്‍ ടൈറ്റന് വേണ്ടിയുളള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.
മാത്രമല്ല പേടകത്തിനുളളിലെ ഭക്ഷണ ശേഖരവും തീര്‍ന്ന് കൊണ്ടിരിക്കുകയാണെന്നതിനാല്‍ സമയത്തെ തോല്‍പ്പിക്കുക എന്ന വലിയ വെല്ലുവിളിയാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് മുന്നിലുളളത്. 96 മണിക്കൂറോളമാണ് അന്തര്‍വാഹിനിയിലെ ഓക്‌സിജന്‍ കപ്പാസിറ്റി. 22 അടി നീളവും 8.3 അടി ഉയരവുമുളള പേടകത്തിന് കടലിനടിയില്‍ 13123 അടി ആഴത്തിലേക്ക് വരെ പോകാന്‍ സാധിക്കും. ദി എവറൈറ്റ് ആണ് ഈ ടൂറിസ്റ്റ് അന്തര്‍വാഹിനിയുടെ നിര്‍മ്മാതാക്കള്‍.












Click it and Unblock the Notifications