മാലിദ്വീപിന് പുതിയ പ്രസിഡന്റ്; 'ഇന്ത്യ ആദ്യം' നയം മാറും, ഇനി എല്ലാം ചൈനക്ക്
മാലി: മാലിദ്വീപ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന് ജയം. നിലവിലെ പ്രസിഡന്റ് ഇബ്രാഹിം സോലിഹിനെ പരാജയപ്പെടുത്തി മുഹമ്മദ് മുയിസു വിജയിച്ചു. ഇന്ത്യന്‍ മഹാസമുദ്ര ദ്വീപസമൂഹമായ മാലിദ്വീപിലെ ഭരണമാറ്റം പരമ്പരാഗത പങ്കാളിയായ ഇന്ത്യയില്‍ നിന്ന് ചൈനയ്ക്ക് അനുകൂലമായ മാറ്റത്തിന് കാരണമാകും. ആദ്യ റൗണ്ടില്‍ ഒരു സ്ഥാനാര്‍ത്ഥിയും വ്യക്തമായ വിജയിക്കാത്തതിനെ തുടര്‍ന്ന് രണ്ടാം റൗണ്ട് പോളിംഗ് നടത്തിയാണ് പ്രസിഡന്റിനെ തിരഞ്ഞെടുത്തത്.
54.06 ശതമാനം വോട്ട് നേടിയാണ് മുയിസു വിജയിച്ചത്. മാലിദ്വീപിലെ 282000 വോട്ടര്‍മാരില്‍ 85% പേരും വോട്ട് രേഖപ്പെടുത്തിയിരുന്നു. ഏതാണ്ടെല്ലാ വോട്ടുകളും എണ്ണിക്കഴിഞ്ഞപ്പോള്‍, ശനിയാഴ്ചത്തെ വോട്ടില്‍ 54% വോട്ടുകള്‍ മുയിസുവിന് ലഭിച്ചതായും 46% സോലിഹിന് ലഭിച്ചതായും മാലിദ്വീപിലെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അതിന്റെ വെബ്സൈറ്റില്‍ അറിയിച്ചു. മാലിദ്വീപിന്റെ സ്വാതന്ത്ര്യം വീണ്ടെടുക്കാനുള്ള ശക്തമായ തീരുമാനമാണ് ജനങ്ങള്‍ കൈക്കൊണ്ടതെന്ന് മുയിസു പറഞ്ഞു.

Image Credit: Facebook@Progressive Party of Maldives
തിരഞ്ഞെടുപ്പില്‍ വിജയിച്ചതിന് മുയിസുവിനെ അഭിനന്ദിക്കുന്നതായും മാതൃകാപരമായ ജനാധിപത്യ മനോഭാവം അടയാളപ്പെടുത്തിയ ജനങ്ങള്‍ക്ക് നന്ദി പറയുന്നതായും പരാജയം സമ്മതിച്ച് കൊണ്ട് സോലിഹ് എക്സില്‍ കുറിച്ചു. അധികാരത്തിലിരുന്ന കാലത്ത് 'ഇന്ത്യ ആദ്യം' എന്ന നയം ഉയര്‍ത്തിപ്പിടിച്ച ഭരണാധികാരിയായിരുന്നു സോലിഹ്. നവംബര്‍ 17-ന് മുയിസുവിന്റെ സ്ഥാനാരോഹണം വരെ കാവല്‍ പ്രസിഡന്റായി സോലിഹ് തുടരും.
മുയിസുവുമായി അടുത്ത ബന്ധമുള്ള മുന്‍ പ്രസിഡന്റ് അബ്ദുള്ള യമീന്‍ അഴിമതിക്കും കള്ളപ്പണം വെളുപ്പിക്കലിനുമായി 11 വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിക്കുകയാണ്. യമീനെതിരെ ചുമത്തിയ കുറ്റങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നാണ് യമീന്റെ അനുയായികള്‍ പറയുന്നത്. നേരത്തെ യമീനെ വീട്ടുതടങ്കലിലാക്കണമെന്ന് മുയിസു സോലിഹിനോട് ആവശ്യപ്പെട്ടിരുന്നു. ഭരണമാറ്റം ഇനി ദ്വീപരാഷ്ട്രത്തില്‍ എന്ത് പ്രതിഫലനം ഉണ്ടാക്കും എന്നാണ് കാത്തിരുന്ന് കാണേണ്ടത്.
സോലിഹില്‍ നിന്ന് വിഭിന്നമായി ചൈനീസ് അനുകൂല നയം സ്വീകരിക്കുന്നയാളാണ് മുയിസ്. അതിനാല്‍ ഏഷ്യന്‍ ശക്തികളുമായുള്ള മാലിദ്വീപിന്റെ ബന്ധത്തിലും മാറ്റമുണ്ടാകും. സോലിഹിന്റെ കീഴിലുള്ള മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും അഴിമതിക്കും എതിരായ വ്യാപകമായ രോഷമാണ് വോട്ടെടുപ്പില്‍ പ്രതിഫലിച്ചത്. 45 കാരനായ മുഹമ്മദ് മുയിസു ബ്രിട്ടീഷ് വിദ്യാഭ്യാസം നേടിയ സിവില്‍ എഞ്ചിനീയറാണ്.
അബ്ദുള്ള യമീന്റെ സര്‍ക്കാരില്‍ നിര്‍മ്മാണ മന്ത്രിയായി സേവനമനുഷ്ഠിച്ച ശേഷം അദ്ദേഹം പ്രസിഡന്റ് സ്ഥാനത്തേക്ക് സാധ്യതയില്ലാത്ത ഒരു സ്ഥാനാര്‍ത്ഥിയായിരുന്നു. എന്നാല്‍ യമീന്റെ ജയില്‍വാസവും സോലിഹിന്റെ ഭരണത്തിലെ അതൃപ്തിയും മുയിസിന് വഴി തുറക്കുകയായിരുന്നു. മാിദ്വീപിന്റെ പ്രധാന വിമാനത്താവളവുമായി തലസ്ഥാനത്തെ ബന്ധിപ്പിക്കുന്ന 200 മില്യണ്‍ ഡോളര്‍ പാലം ഉള്‍പ്പെടെ ചൈനീസ് ധനസഹായത്തോടെയുള്ള നിരവധി പദ്ധതികള്‍ക്ക് മുയിസു മേല്‍നോട്ടം വഹിച്ചിരുന്നു.
മാലിദ്വീപിലെ ഇന്ത്യയുടെ രാഷ്ട്രീയവും സാമ്പത്തികവുമായ സ്വാധീനത്തിനെതിരായ പ്രചാരണമായിരുന്നു മുയിസ് നയിച്ചത്. അതേസമയം മുയിസുവിന്റെ വിജയത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ഇന്ത്യ-മാലദ്വീപ് ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ മൊത്തത്തിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിനും ഇന്ത്യ എന്നും പ്രതിജ്ഞാബദ്ധമാണ് എന്ന് മോദി പറഞ്ഞു.












Click it and Unblock the Notifications